ശോഭായാത്രയ്ക്കിടെ വനിതാ പോലീസിനെ കയറിപിടിച്ചു; സംഭവം കണ്ണൂരിൽ

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പോലീസിനെ ഉപദ്രവിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. വനിതാ പോലീസുകാരിയെ കയറിപിടിക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകനെ പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പ്രശാന്തിനെയാണ് തളിപ്പറമ്പ് പോലീസ് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് എസ്ഐ വിനു മോഹനും സംഘമാണ് പ്രശാന്തിനെ പിടികൂടിയത്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് പ്രശാന്ത് വനിതാ പോലീസുകാരിയെ ഉപദ്രവിച്ചത്. പടപ്പേങ്ങാട് നടന്ന ശോഭായാത്രയ്ക്കിടെ പ്രശാന്ത് വനിതാ പോലീസുകാരിയെ പരസ്യമായി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. പടപ്പേങ്ങാട്ടെ സജീവ ആർഎസ്എസ് പ്രവർത്തകനായ പ്രശാന്ത് പന്നിയൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനാണ്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ 325 കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം ശോഭായാത്ര സംഘടിപ്പിച്ചത്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മഹത്ജന്മങ്ങള്‍ മാനവനന്മയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎമ്മും കണ്ണൂരില്‍ ഘോഷയാത്രകള്‍ നടത്തിയിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ കനത്ത പോലീസ് കാവലിലാണ് നടന്നത്. മൂവായിരത്തിലധികം പോലീസുകാരെയാണ് കഴിഞ്ഞദിവസം കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരുന്നത്.

Latest
Widgets Magazine