ആം ആദ്മിയില്‍ പൊട്ടിത്തെറി; അരവിന്ദ് കെജ്‌രിവാള്‍ കൈക്കൂലി വാങ്ങുന്നത് കണ്ടെന്ന് പുറത്താക്കപ്പെട്ട മന്ത്രി

ന്യൂഡല്‍ഹി: ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണവുമായി മുന്‍മന്ത്രി കപില്‍ മിശ്ര. കെജ്‌രിവാള്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കപില്‍ മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നാണ് പണം നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്നലെ ജലവിഭവമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നേതാവാണ് കപില്‍മിശ്ര.

കേജ്‌രിവാളിന് സത്യേന്ദ്ര ജെയ്ന്‍ രണ്ടു കോടി രൂപ കൈക്കൂലി നല്‍കിയതിനു താന്‍ സാക്ഷിയാണ്. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് സത്യേന്ദ്ര ജെയ്ന്‍ പണം നല്‍കിയത്. കേജ്!രിവാളിനെ താന്‍ വിശ്വസിച്ചിരുന്നു. അദ്ദേഹം സംശുദ്ധനാണെന്നാണ് വിചാരിച്ചിരുന്നത്. പഞ്ചാബ് തിരഞ്ഞെടുപ്പിലെ സാമ്പത്തിക ചെലവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതില്‍ മുഖ്യമന്ത്രി നടപടിയെടുക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടു വര്‍ഷമായി അദ്ദേഹത്തെ വിശ്വസിക്കുകയാണ്. എന്നാല്‍ രണ്ടുദിവസം മുമ്പ് വിശ്വാസം ഇല്ലാതായി. സത്യേന്ദ്ര ജെയ്ന്‍ രണ്ടുകോടി രൂപ കൈമാറുന്നത് നേരിട്ടുകണ്ടു. ആംആദ്മിയുടെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന് എവിടെനിന്നാണു ഇത്രയും പണം. തെറ്റുപറ്റിയതില്‍ ക്ഷമ പറയണമെന്ന് താന്‍ മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടു. പക്ഷേ കേജ്!രിവാള്‍ നിശ്ശബ്ദനായിരുന്നു കപില്‍ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈക്കൂലിയുടെ തെളിവുകളെല്ലാം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു കൈമാറിയെന്നും മിശ്ര വ്യക്തമാക്കി. നേരത്തെ, ബിജെപിയില്‍ ചേരാനില്ലെന്ന് കപില്‍മിശ്ര പറഞ്ഞിരുന്നു. പാര്‍ട്ടിയിലുണ്ടായ ഉള്‍പ്പോരില്‍ കുമാര്‍ വിശ്വാസിന്റെ പക്ഷം പിടിച്ചതാണു കപില്‍ മിശ്രയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണം. കപില്‍ മിശ്രയുടെ അമ്മ അനുപമ മിശ്ര ഡല്‍ഹിയിലെ അറിയപ്പെടുന്ന ബിജെപി നേതാവാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മിശ്ര പാര്‍ട്ടി മാറുമെന്ന അഭ്യൂഹം. എന്നാല്‍ മിശ്ര ഇതു നിഷേധിച്ചിരുന്നു. താന്‍ ആംആദ്മിയുടെ സ്ഥാപകാംഗമാണ്. എപ്പോഴും പാര്‍ട്ടിയിലുണ്ടാകും. അഴിമതിക്കാരെയാണ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കേണ്ടത്. ബിജെപിയില്‍ ചേരുമെന്നത് വ്യാജപ്രചാരണമാണെന്നും അദ്ദേഹം പ്രതികരിച്ചു.

രാവിലെ ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എഎപി നേതാക്കളുടെ അഴിമതിക്കഥകള്‍ പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാര്യങ്ങള്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അടുത്തേക്ക് പോകില്ല. അദ്ദേഹം വേണമെങ്കില്‍ തന്റെ അടുത്തേക്ക് വരട്ടെയെന്നും മിശ്ര പറഞ്ഞു.

ശനിയാഴ്ചയാണ് കപില്‍മിശ്രയെ നീക്കാനുള്ള തീരുമാനം പുറത്തുവന്നത്. തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കാബിനറ്റോ പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയോ അല്ല, കേജ്‌രിവാളാണ് തീരുമാനമെടുത്തതെന്നും മിശ്ര ആരോപിച്ചു. വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പാകപ്പിഴകള്‍ വരുത്തിയെന്നാണ് മിശ്രയ്‌ക്കെതിരായ ആരോപണം. വ്യാജബിരുദ വിവാദത്തെ തുടര്‍ന്ന് ജിതേന്ദര്‍ സിങ് തോമറിനെ നീക്കിയപ്പോഴാണ് കപില്‍ മിശ്ര മന്ത്രിയായത്.

Top