കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ താമസസ്ഥലത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ താമസസ്ഥലത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയും വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്‌റുമായ വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബിഹാര്‍ സ്വദേശി നിഷ(28)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി തന്റെ കൂടെയാണ് നിഷ താമസിക്കുന്നതെന്ന് വിശ്വജിത്ത് സിങ് പൊലീസിനോട് പറഞ്ഞു. സ്വകാര്യ ലോഡ്ജിലാണ് വിശ്വജിത്ത് സിങ് താമസിക്കുന്നത്. അവധി കഴിഞ്ഞ് സ്വദേശത്ത് നിന്ന് ഭാര്യയുമായി ഇയാള്‍ തിങ്കളാഴ്ച രാത്രി താമസസ്ഥലത്തെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്.

വാതില്‍ മുട്ടി വിളിച്ചിട്ടും തുറക്കാതായതോടെ പിന്‍ഭാഗത്തെ ജനല്‍ ചില്ല് പൊട്ടിച്ച് വീടിനകത്തേക്ക് നോക്കിയപ്പോഴാണ് നിഷയെ മരിച്ച നിലയില്‍ കണ്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. യുവതിയുടെ പേരും മേല്‍വിലാസവും തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനക്കാരിയാണെന്നാണ് സംശയിക്കുന്നത്. യുവതിയുടെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച നിലയിലാണ്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

മുറിയില്‍ നിന്ന് കത്തിയും ബ്ലേഡും പൊലീസ് കണ്ടെത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Latest
Widgets Magazine