മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ ജെഡിഎസിന്; ഉപമുഖ്യമന്ത്രി പദം അടക്കം 20 മന്ത്രിമാര്‍ കോണ്‍ഗ്രസിന്. കര്‍ണാടകയില്‍ 33 അംഗ മന്ത്രിസഭയ്ക്ക് കളമൊരുങ്ങുന്നു

ബെംഗളുരു: കോണ്‍ഗ്രസ് – ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരമേല്‍ക്കും. സര്‍ക്കാരിനെച്ചൊല്ലിയുള്ള നാടകീയതകള്‍ക്ക് അന്ത്യമായതോടെ മന്ത്രിമാരുടെ വകുപ്പുകള്‍ ചൊല്ലിയാണ് ചൂടന്‍ ചര്‍ച്ച മുറുകുന്നത്.മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ ഇരുപാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്നും നടക്കും. കോണ്‍ഗ്രസില്‍ നിന്ന് 20 പേര്‍ക്കും ദളില്‍ നിന്ന് 13 പേര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വരയുടെയും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവരകുമാറിന്റെയും പേരാണ് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയാകും ധനവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാജീവ്ഗാന്ധിയുടെ ചരമവാര്‍ഷികദിനമായതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. കുമാരസ്വാമി ഡല്‍ഹിയിലെത്തി രാജീവ്ഗാന്ധിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.

അതേസമയം മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. കോണ്‍ഗ്രസ് ദേശീയ പാർട്ടിയാണ്. ഭരണഘടനാ തത്വങ്ങളും ജനാധിപത്യവും ഉയർത്തിപിടിക്കുന്ന ഒരു പ്രാദേശിക പാർട്ടിയാണ് ജെഡി-എസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്- ജനതാദൾ എസ് സഖ്യത്തിന്‍റെ നേതാവായി ശനിയാഴ്ച തെരഞ്ഞെടുക്കപ്പെട്ട എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസിന്‍റെ പിസിസി അധ്യക്ഷൻ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നും സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനം ഹെെക്കമാൻഡ് കൈക്കൊള്ളുമെന്നാണ് ഇന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്.

Latest
Widgets Magazine