കര്‍ണാടകയിലെ ജയനഗര്‍ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കൈവശമിരുന്ന സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു

ബംഗലൂരു:കര്‍ണാടകയിലെ ജയനഗര്‍ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കൈവശമിരുന്ന സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു.ഇതോടെ കര്‍ണാടക നിയമസഭയിലേക്ക് കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി. ജയനഗര്‍ മണ്ഡലത്തില്‍ തന്നെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സൗമ്യ റെഡ്ഡി 2,889 വോട്ടിന് വിജയിച്ചു. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും സൗമ്യ തന്നെയായിരുന്നു മുന്നില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ.

ബി.ജെ.പിയിലെ ബി.എന്‍ പ്രഹളാദിനെയാണ് സൗമ്യ തോല്‍പ്പിച്ചത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി നേതാവ് ബി.എന്‍ വിജയകുമാര്‍ പ്രചാരണത്തിനിടെ മരണമടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മണ്ഡലത്തിലെ പോളിംഗ് മാറ്റിവയ്ക്കുകയായിരുന്നു. വിജയകുമാറിനു പകരം സഹോദരന്‍ പ്രഹ്‌ളാദിനെ ഇറക്കി സഹതാപരംഗം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ സഖ്യസര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജെ.ഡി.എസ് പിന്തുണ നല്‍കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ജൂണ്‍ 11ന് നടന്ന പോളിംഗില്‍ 55% പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പോള്‍ ചെയ്തതില്‍ 46% വോട്ട് കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പിക്ക് 33.2% വോട്ട് ലഭിച്ചു.തെരഞ്ഞെടുപ്പ് ക്രമക്കേടിനെ തുടര്‍ന്ന് മാറ്റിവച്ച രാജരാജേശ്വരി നഗര്‍ സീറ്റിലും കോണ്‍ഗ്രസ് ആയിരുന്നു വിജയിച്ചത്. ഇവിടെ ബി.ജെ.പി രണ്ടാമതും ജെ.ഡി.എസ് മൂന്നാം സ്ഥാനത്തുമാണ് എത്തിയത്.

Latest
Widgets Magazine