വിശ്വാസം തെളിയിച്ച് കുമാരസ്വാമി.സര്‍വ്വവും വിട്ടെറിഞ്ഞ് ബിജെപി

ബംഗളൂരു: കർണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് നേടി.ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പ്  ബിജെപി ബഹിഷ്‌കരിച്ചു.വിശ്വാസ വോട്ടിനുള്ള നടപടിക്രമങ്ങളിലേക്ക് സഭ കടക്കുന്നതിന് തൊട്ടു മുമ്പാണ് പരാജയം സമ്മതിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചത്. ഇറങ്ങി പോകുന്നവര്‍ പോകട്ടെ എന്നായിരുന്നു ഇതിനോടുള്ള മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രതികരണം. രാവിലെ കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിലെ കെ ആര്‍ രമേഷ് കുമാറിനെ സ്പീക്കറായി സഭ തിരഞ്ഞെടുത്തിരുന്നു.

ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ 104 ബിജെപി എംഎൽഎമാർ വോട്ടെടുപ്പിന് നിൽക്കാതെ സഭ ബഹിഷ്കരിക്കുകയായിരുന്നു. ഇതോടെ  117 അംഗങ്ങളുടെ പിന്തുണയുള്ള കുമാരസ്വാമി സർക്കാർ സഭയെ വിശ്വാസത്തിലെടുത്തു. നേരത്തെ സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നും ബിജെപി പിൻമാറിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുമായി നേരത്തെ സഖ്യം രൂപീകരിച്ചത് കറുത്ത അധ്യായമാണെന്ന് കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഭയിൽ പറഞ്ഞു. തന്‍റെ തീരുമാനം പിതാവിനെ ഏറെ വേദപ്പിച്ചിരുന്നു. അതിന് പിതാവിനോട് മാപ്പ് പറയുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.

അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം രൂപീകരിച്ചത്. 2004 സമാനമായ രീതിയിൽ മറ്റൊരു സഖ്യം രൂപീകരിച്ചിരുന്നു. എന്നാൽ പ്രത്യേക സാഹചര്യത്തിലാണ് ഇരു പാർട്ടികളും പുതിയ സഖ്യം രൂപീകരിച്ചതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

കുമാരസ്വാമിക്കു പിന്നാലെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയും സഭയിൽ സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും പറഞ്ഞു. ശിവകുമാർ ഭാവിയിൽ ദുഖിക്കേണ്ടിവരും. കുമാരസ്വാമിയെ വിശ്വസിക്കാൻ കൊള്ളാത്തവനാണ്. നൂറിൽ 99 ശതമാനം പേരും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ ശപിക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

ജനതാദളിനെതിരെയാണ് തന്‍റെ പോരാട്ടമെന്നും യെദിയൂരപ്പ പറഞ്ഞു. യെദിയൂരപ്പയുടെ പ്രസംഗത്തിനുശേഷമാണ് ബിജെപി അംഗങ്ങൾ സഭ ബഹിഷ്കരിച്ചത്.

നേരത്തെ നിയമസഭാ സ്പീക്കറായി കെ.ആർ. രമേശ് കുമാറിനെ തെരഞ്ഞെടുത്തിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നു ബിജെപി പിന്മാറിയതോടെ എതിരില്ലാതെയാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം. ബിജെപി മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറിനെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നു ബിജെപി പിന്മാറുകയായിരുന്നു. ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌ക്കരികുമെന്ന് സൂചനയുണ്ടായിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ നാണം കെട്ട ശ്രമം നടത്തി ഒടുവില്‍ ഗത്യന്തരമില്ലാതെ സഭ ബഹിഷ്‌കരിക്കേണ്ടി വന്ന ബിജെപിയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റ കനത്ത തിരിച്ചടിയാണ് കര്‍ണാടക. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 പേരുടേയും ബിജെപിക്ക് 104 പേരുടേയും പിന്തുണയാണുള്ളത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 34 അംഗ മന്ത്രിസഭയായിരിക്കും പുതിയ സര്‍ക്കാരിലുണ്ടാകുക. വലിയ കക്ഷിയായ കോണ്‍ഗ്രസില്‍ നിന്നും 22 പേരും ജെഡിഎസില്‍ നിന്ന് മുഖ്യമന്ത്രി കുമാരസ്വാമിയടക്കം 12 മന്ത്രിമാരാകും ഉണ്ടാകുക. കോണ്‍ഗ്രസിലെ ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. ഉപമുഖ്യമന്ത്രി സ്ഥാനം ലിംഗായത്ത് സമുദായത്തിന് നല്‍കണം എന്ന വാദവും മന്ത്രി സ്ഥാനം ലഭിക്കാത്ത നേതാക്കളുടെ മുറുമുറുപ്പും കോണ്‍ഗ്രസിന് തുടക്കത്തിലേ തലവേദന സൃഷ്ടിക്കുന്നുണ്ട്.

 

Top