കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; വിജയാഘോഷ റാലിക്കെതിരെ ആസിഡ് ആക്രമണം

ബെംഗളുരു: കര്‍ണ്ണാടക തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. കര്‍ണാടകയിലെ 102 നഗര തദ്ദേശ സ്ഥാപനങ്ങളിലെ 2664 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഫലം അറിവായ 2628 സീറ്റുകളില്‍ 988 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി 929 സീറ്റു നേടി.

സംസ്ഥാന സര്‍ക്കാരില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷി കൂടിയായ ജനതാദള്‍ (എസ്) 378 സീറ്റു നേടി മൂന്നാമതുണ്ട്. ചെറു പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും ചേര്‍ന്ന് മറ്റു സീറ്റുകളും സ്വന്തമാക്കി.

ഇതിനിടയില്‍ കോണ്‍ഗ്രസ് വിജയാഘോഷ റാലിക്ക് നേരെ ആസിഡ് ആക്രമണം നടന്നു. അക്രമത്തില്‍ പത്ത് പേര്‍ക്ക് നിസാര പരിക്കേറ്റു. ചിലര്‍ക്ക് അലര്‍ജി അനുഭവപ്പെട്ടു. ബാത്ത് റൂം ക്ലീനര്‍ പോലെ ഗാഢത കുറഞ്ഞ ദ്രാവകമാണ് ഇവര്‍ക്ക് നേരെ പ്രയോഗിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചതായും ബിജെപിയെ അകറ്റി നിര്‍ത്താന്‍ ജെഡിയുവും കോണ്‍ഗ്രസും ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് ജെഡിയു നേതാവ് എച്ച്.ഡി.ദേവഗൗഡ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെന്ന് ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ ഫലം പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണു കനത്ത സുരക്ഷയില്‍ 21 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് ഈ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തപ്പെടുന്നത്. ടൗണ്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് കൂടുതല്‍ മുന്നേറ്റം നടത്തിയത്. അതേസമയം, കോര്‍പറേഷനുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തി മുന്നേറുന്നതായിരുന്നു കാഴ്ച.

Latest
Widgets Magazine