ട്രിപ്പിള്‍ സെഞ്ച്വറി നേടി മലയാളി താരം; വിരേന്ദര്‍ സെവാഗിനു പിന്നാലെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം; കരുണ്‍ നായര്‍ ലോകതാരങ്ങളുടെ പട്ടികയില്‍

ചെന്നൈ: ലോകക്രിക്കറ്റ് ചരിത്രത്തില്‍ വെനിക്കൊടി പാറിച്ച് മലയാളി താരം. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണു കരുണ്‍ നായര്‍ ചരിത്രം രചിച്ചത്. ഇന്ത്യന്‍ കളിക്കാരില്‍ വിരേന്ദര്‍ സെവാഗിനു പിന്നാലെ ട്രിപ്പിള്‍ തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന ഖ്യാതിയും കരുണ്‍ നായര്‍ സ്വന്തമാക്കി.

381 പന്തിലാണ് കരുണിന്റെ ആദ്യ ട്രിപ്പിള്‍ പിറന്നത്. ആദില്‍ റഷീദിനെ കവറിലൂടെ ബൗണ്ടറി പായിച്ചാണു കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടത്തില്‍ എത്തിയത്. മൂന്നാം ടെസ്റ്റു കളിക്കുന്ന കരുണിന്റെ ആദ്യ സെഞ്ച്വറി നേട്ടം കൂടിയാണിത്. ആദ്യ ടെസ്റ്റ് സെഞ്ച്വറി ട്രിപ്പിളില്‍ എത്തിക്കുന്ന ലോകത്തെ തന്നെ മൂന്നാമത്തെ കളിക്കാരനെന്ന റെക്കോര്‍ഡും കരുണിനു സ്വന്തമായി

ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിതാരമെന്ന ബഹുമതിക്കും കരുണ്‍ അര്‍ഹനായിരുന്നു. ജന്മം കൊണ്ടു മലയാളിയാ ണെങ്കിലും കരുണ്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകത്തിന്റെ താരമാണ്. ഇന്ത്യ എ, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കു വേണ്ടിയും മികച്ച പ്രകടനം നടത്തിയിട്ടുള്ള കരുണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കും വിധമുള്ള പ്രകടനമാണു ചെന്നൈ ടെസ്റ്റില്‍ ബാറ്റേന്തിയത്. കരുണിന്റെ സ്വപ്ന തുല്യമായ നേട്ടത്തിന്റെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി.

185 പന്തില്‍ നിന്നാണ് മലയാളിയായ കരുണ്‍ സെഞ്ചുറിയിലെത്തിയത്. ആദ്യ സെഞ്ച്വറി തന്നെ ഇരട്ടസെഞ്ച്വറി നേട്ടത്തിലെത്തിച്ചത് നേരിട്ട 306-ാം പന്തിലാണ്. ജെന്നിങ്സിനെ ബൗണ്ടറി പായിച്ചാണു ഇരട്ടസെഞ്ച്വറി നേട്ടത്തില്‍ കരുണ്‍ എത്തിയത്. 381-ാം പന്തില്‍ ബൗണ്ടറിയിലൂടെ തന്നെ ട്രിപ്പിളും നേടി.

കരുണിന്റെ ബാറ്റിങ്ങ് മികവില്‍ ടെസ്റ്റില്‍ ഇന്ത്യ ഒന്നാമിന്നിങ്ങ്സ് ലീഡ് നേടി. ഇംഗ്ളണ്ട് ഉയര്‍ത്തിയ 477 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഏഴിന് 759 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഒന്നാമിന്നിങ്ങ്സില്‍ ഇന്ത്യക്ക് 282 റണ്‍സ് ലീഡു ലഭിക്കുകയും ചെയ്തു.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 391 എന്ന നിലയിലായിരുന്നു. 199 റണ്‍സ് നേടിയ ലോകേഷ് രാഹുലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്.

നേരത്തെ, ഇതിഹാസതാരം വിരേന്ദര്‍ സെവാഗ് രണ്ടു തവണ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടത്തില്‍ എത്തിയിരുന്നു. മുള്‍ട്ടാനില്‍ പാക്കിസ്ഥാനെതിരെ 2004ലായിരുന്നു സെവാഗിന്റെ ആദ്യ ടെസ്റ്റ് ട്രിപ്പിള്‍ സെഞ്ച്വറി. ഇന്ത്യന്‍ താരത്തിന്റെ ആദ്യ ട്രിപ്പിളും ഇതായിരുന്നു. 2008ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു രണ്ടാം ട്രിപ്പിള്‍. ഇതു പിറന്നതും ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തിലായിരുന്നു.

Latest
Widgets Magazine