കേരളത്തിന്റെ ഉള്ളുലച്ച് കൃപേഷിന്റെ വീടിന്റെ ചിത്രങ്ങള്‍

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീടിന്റെ ചിത്രങ്ങള്‍ കേരളത്തിന്റെ ഉള്ളുലയ്ക്കുകയാണ്. ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം പിടിക്കുമ്പോള്‍, രാഷ്ട്രീയത്തിനപ്പുറം കടന്നുചെല്ലേണ്ടത് ഈ വീട്ടിലേക്കാണ്. ഈ ഓലപ്പുരയില്‍ നിന്നും മകന്‍ അവസാനം ഇറങ്ങിപ്പോയത് മരണത്തിലേക്കായിരുന്നെന്ന് അറിയാതെ വാവിട്ട് കരയുകയാണ് ഉറ്റവര്‍. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെമാത്രമല്ല ആകെയുള്ള പ്രതീക്ഷയാണ് ഇന്നലെ ആക്രമികളുടെ വാള്‍തലയ്ക്കല്‍ ഒടുങ്ങിയത്. വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്തും ഒട്ടേറേപേര്‍ പങ്കുവയ്ക്കുകയാണ്. പെയിന്റിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍. അമ്മയും രണ്ടു സഹോദരിമാരുമടങ്ങുന്ന ആ കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയും കൃപേഷിലായിരുന്നു. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്നാണ് എഫ്.ഐ.ആര്‍. ഇരുവരോടും സിപിഎം പ്രവര്‍ത്തകര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നതായി എഫ്.ഐ.ആര്‍ പറയുന്നു. ആക്രമണത്തിന്റെ വിവരം പ്രാദേശിക നേതാക്കള്‍ക്ക് ഉണ്ടെന്ന സൂചനയും എഫ്.ഐ.ആറില്‍ ഉണ്ട്. അതേസമയം പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്നാണ് പൊലീസ് നിഗമനം. പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന് മാരകമായ പതിനഞ്ചു വെട്ടുകളേറ്റതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വെട്ടേറ്റ് തലച്ചോറ് പിളര്‍ന്ന നിലയിലാണ്. ഇടതുനെറ്റി മുതല്‍ 23 സെ.മീ. നീളത്തിലുള്ള വലിയമുറിവാണ് ഏറ്റവും മാരകം. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടേറ്റെന്നും റിപ്പോര്‍ട്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും പോസ്റ്റ് മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുകയാണ്. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ക്ക് സമാനമാണിത്.

Top