യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായതായി സൂചന. കൃപേഷിനെ ഭീഷണിപ്പെടുത്തിയവരെയും വൈരാഗ്യമുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളികള്‍ അതിര്‍ത്തി കടന്നെന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായം തേടിയതിനൊപ്പം അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തു.

രാഷ്ട്രീയ കൊലപാതകമെന്നും പിന്നില്‍ സി.പി.എം എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പ്രാദേശിക സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. കൊലനടന്ന പ്രദേശത്തിന് സമീപത്ത് നിന്ന് രണ്ട് ബൈക്കുകളും മൊബൈലുകളും കണ്ടെടുത്തു. നിലവില്‍ കസ്റ്റഡിയിലുള്ളവരുടേതാണ് ഈ ബൈക്കെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ ഇവര്‍ക്ക് കൊലയില്‍ പങ്കോ അറിവോ ഉണ്ടെന്നാണ് സംശയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃപേഷിന്റെയും ശരത് ലാലിന്റെയും മൊബൈലിലേക്ക് 12 മണിക്കൂറിനിടെയെത്തിയ ഫോണ്‍വിളികളും പരിശോധിച്ച് വരികയാണ്. കൊലയിലേക്ക് നയിച്ച കാരണമെന്ന നിലയില്‍ രണ്ട് സാഹചര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഒന്ന് കഴിഞ്ഞ ഫെബ്രൂവരി ജൂലൈ മാസങ്ങളില്‍ പ്രാദേശിക സി.പി.എം പ്രവര്‍ത്തകരായ നിധിന്‍, അരുണേഷ്, നീരജ് എന്നിവര്‍ സമൂഹമാധ്യമങ്ങളിലൂടെ കൃപേഷിന് വധഭീഷണി മുഴക്കിയത്. കൃപേഷ് പരാതിയില്‍ കേസെടുത്ത ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

ജനുവരി 5, 6 തീയതികളില്‍ സി.പി.എം നിയന്ത്രണത്തിലെ ക്ലബ് ആക്രമിച്ചതിനും പീതാംബരന്‍ എന്നയാളെ ആക്രമിച്ചതിനും കൃപേഷിനും ശരതിനുമെതിരെ കേസുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം കൊലയില്‍ കലാശിച്ചോയെന്നതാണ് മറ്റൊരു സംശയം.

കൊലയാളി സംഘം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് കടന്നിരിക്കാമെന്ന വിലയിരുത്തലില്‍ അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെ സഹായം ഡി.ജി.പി തേടി. ജില്ലാ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. ഡിവൈ.എസ്.പി എം. പത്മകുമാറിന്റെ നേതൃത്വത്തിലാണ് സംഘം. എ.ഡി.ജി.പി അനില്‍ കാന്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കാസര്‍കോഡ് ക്യാംപ് ചെയ്യുന്നതായും ഡി.ജി.പി അറിയിച്ചു.

Top