കാസർകോട് കൊലപാതകം: ആസൂത്രണം സിപിഎം; ലക്ഷ്യം മുഖ്യമന്ത്രി പിണറായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സിപിഎമ്മിന്റെ കണ്ണൂർ ലോബി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ..! കണ്ണൂർ ലോബിയ്ക്ക് മുകളിൽ ഏകാധിപതിയായി വളരുന്ന പിണറായി വിജയനെ നിയന്ത്രിക്കുന്നതിനുള്ള അവസാന ആയുധമായി ക്രമസമാധാന പ്രശ്‌നത്തെ മാറ്റുകയാണ് ഇപ്പോൾ കണ്ണൂർ ലോബി ലക്ഷ്യമിടുന്നത്. ബന്ധുനിയമന വിവാദത്തിൽ ഇ.പി ജയരാജനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കിയതോടെ അകന്ന പിണറായി വിജയനും കണ്ണൂർ ലോബിയും തമ്മിലുള്ള അകൽച്ച വ്യക്തമാക്കുന്നതാണ് ഇപ്പോൾ കാസർകോട്ടുണ്ടായ കൊലപാതകം.
മുൻപ് സിപിഎമ്മിന്റെ കണ്ണൂർ ലോബി ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പാക്കിയിരുന്നപ്പോൾ, ഒരിക്കലും സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാർട്ടി ഭരിക്കുന്ന സാഹചര്യത്തിൽ പരമാവധി കൊലപാതകങ്ങളും അക്രമങ്ങളും ഒഴിവാക്കാൻ കണ്ണൂർ ലോബി ശ്രമിച്ചിരുന്നു. തിരിച്ചടി വർധിക്കുമ്പോൾ മാത്രമാണ് കണ്ണൂരിൽ നിന്നും ഭരണകാലത്ത് ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഏത് പാർട്ടി ഭരിച്ചാലും കണ്ണൂരിലെ പൊലീസിനെ സിപിഎം നിയന്ത്രിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
എന്നാൽ, പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ പാർട്ടിയ്ക്ക് പൊലീസിലുള്ള പിടി നഷ്ടമായി. ഉദ്യോഗസ്ഥർ പലരും തന്നിഷ്ടപ്രകാരം ജോലി ചെയ്യാൻ ആരംഭിച്ചു. ഇത് പാർട്ടിയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ചെറിയ അക്രമ സംഭവങ്ങളിൽ പോലും പാർട്ടി പ്രവർത്തകർ പ്രതി ചേർക്കപ്പെട്ടു. ഇതോടെയാണ് പാർട്ടി പൊലീസിന്റെ നിയന്ത്രണം പിടിക്കുന്നതിനായി എം.വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫിസിലേയ്ക്ക് നിയോഗിച്ചത്. എം.വി ജയരാജൻ നേരിട്ട് എത്തിയിട്ടും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയിൽ മാറ്റമുണ്ടായില്ല.
പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി തുടർന്നതോടെയാണ് കണ്ണൂർ ലോബി വീണ്ടും പിടി മുറുക്കി തുടങ്ങിയത്. ഇത്് തന്നെയാണ് ഷുക്കൂർ വധക്കേസിലും, ഏറ്റവും ഒടുവിൽ ഇപ്പോൾ കാസർകോട് രണ്ട് യുവാക്കളുടെ കൊലപാതകത്തിലും കലാശിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top