കത്വ കൂട്ട ബലാത്സംഗക്കേസ്; പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍; ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ തലമുടിയും രക്ത സാമ്പിളുകളും പ്രതികളുടേത്

ന്യൂഡല്‍ഹി: കത്വ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍. പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് എന്ന് തെളിഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേത് എന്ന് വ്യക്തമായതായി ഫോറന്‍സിക് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളില്‍ ഒരാളുടേത് എന്ന് പരിശോധയില്‍ തെളിഞ്ഞു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറാണ് മുഖ്യ ആസൂത്രകന്‍. സഞ്ജി റാം, ഇയാളുടെ ബന്ധു, പോലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദര്‍ വെര്‍മ, പര്‍വേഷ് കുമാര്‍, വിശാല്‍ ജംഗോത്ര, ഒരു പ്രായപൂര്‍ത്തിയാകാത്തയാള്‍ തുടങ്ങിയവരാണ് പ്രതികള്‍. ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍‌സ്റ്റേഷനിലെ പ്രത്യേക പോലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Top