വൈറലായ വീഡിയോയിലേത് കത്വ പെണ്‍കുട്ടിയല്ല; എന്റെ ആരാധികയാണ്; മരിച്ച പെണ്‍കുട്ടിയുടെ ഛായ ഉണ്ടെന്ന് മാത്രമേയുള്ളൂ…

ജമ്മു കാഷ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ പ്രചരിക്കുന്ന ഒരു വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരണം. കത്വവയിലെ എട്ടുവയസുകാരി പെണ്‍കുട്ടിയുടേത് എന്ന പേരിലാണ് ഒരു പെണ്‍കുട്ടി ഹിന്ദിയില്‍ ഗാനമാലപിക്കുന്ന വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മരിച്ച പെണ്‍കുട്ടി പാടിയ അവസാന പാട്ട് എന്നരീതിയിലും വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ അത് കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയല്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുട്ടി പാടുന്ന ഗാനത്തിന്റെ രചയിതാവ് ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്ന വ്യക്തി തന്നെയാണ് ഈ അപവാദം തള്ളികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരാധികയായ പെണ്‍കുട്ടി താനെഴുതിയ ഗാനം ആലപിച്ച്, തനിക്ക് വാട്ട്‌സ്ആപ്പില്‍ അയച്ചുതന്ന വീഡിയോയാണിതെന്നും താനാണിത് ഫേസ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്തതെന്നും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പറയുകയുണ്ടായി. എന്നാല്‍ കത്വവ സംഭവത്തിനുശേഷം, മരിച്ച പെണ്‍കുട്ടിയുടേതെന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. ഇമ്രാന്‍ പറയുന്നു. 2017 ജൂലൈ എട്ടാം തിയതി താന്‍ അപ്പ്‌ലോഡ് ചെയ്ത വീഡിയോയാണിതെന്ന് വ്യക്തമാക്കികൊണ്ട് സോഷ്യല്‍മീഡയയില്‍ അറിയിപ്പ് നല്‍കുകയാണിപ്പോള്‍ ഇമ്രാന്‍. എന്റെ സഹോദരിയുടെ മകളാണ് മരിച്ച പെണ്‍കുട്ടി എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇമ്രാന്‍ പറയുന്നു. കഠുവ പെണ്‍കുട്ടിയുടെ ഛായ ഉണ്ടെങ്കിലും വീഡിയോയിലെ പെണ്‍കുട്ടി അതെല്ലെന്ന് ലോകത്തെ അറിയിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ ഇമ്രാന്‍. ഷെയര്‍ ചെയ്യപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യക്തത വരുത്താതെ പ്രചരിപ്പിക്കരുതെന്നാണ് തനിക്ക് പൊതുജനത്തോട് പറയാനുള്ളതെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Top