കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് ധനസഹായം ലഭിച്ച അക്കൗണ്ട് മരവിപ്പിച്ചു; കേസ് നടത്താന്‍ പണമില്ല; പരാതിയുമായി മാതാപിതാക്കള്‍…  

മരവിപ്പിച്ച ധനസഹായം നേടിയെടുക്കാന്‍ കത്വ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ മാതാപിതാക്കള്‍ ഡല്‍ഹിയില്‍. വിവിധ ഭാഗത്തുനിന്നായി ധനസഹായമെത്തിയ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ കുടുംബം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. മുസ്ലീം യൂത്ത് ലീഗിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി ബോധിപ്പിച്ചത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പേരിലുള്ള ജമ്മു-കശ്മീര്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് വിവധ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ഒരുകോടിയോളം രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍, നോട്ടീസുപോലും നല്‍കാതെയും തങ്ങളെ അറിയിക്കാതെയുമാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്ന് വളര്‍ത്തച്ഛന്‍ പറഞ്ഞു.

ഇതുകാരണം ധനസഹായമായി നിക്ഷേപിക്കപ്പെട്ട തുക ഹെഡ് ഓഫീസില്‍നിന്ന് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാതെ തടഞ്ഞുവച്ചിരിക്കുകയാണ്. അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ തിങ്കളാഴ്ച ബാങ്കിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

കോടതിയില്‍ കേസ് നടത്തിപ്പിനായുള്ള പണം കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുകയാണ് കുടുംബമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 530 കിലോമീറ്റര്‍ അകലെയുള്ള കോടതിയിലേക്കുളള യാത്രാ ചെലവിന് പോലും വഴിമുട്ടിയ അവസ്ഥയിലാണ് ഇവര്‍.

വിചാരണ നടക്കുന്ന പത്താന്‍കോട്ടിലെ കോടതിയിലേക്ക് കാര്‍ഗില്‍ നിന്നും 530 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഓരോ തവണ കോടതിയിലേക്ക് പോകുവാനും യാത്രാ ചെലവും അധികമാകും. ഇതിനായി തന്റെ കന്നുകാലികളെ വിറ്റാണ് പെണ്‍കുട്ടിയുടെ പിതാവ് കോടതിയിലേക്ക് പോകുന്നത്.

സംഭവത്തിനുശേഷം കുടുംബത്തിനുനേരെ ഭീഷണിയുള്ളതിനാല്‍ ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനും കഴിയുന്നില്ല. മകളുടെ ഖബര്‍ സന്ദര്‍ശിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് പിതാവ് പറയുന്നു.

യാതൊരു നഷ്ടപരിഹാരവും കിട്ടിയിട്ടില്ലെന്നും കുടുംബം പറയുന്നു. ഏപ്രിലില്‍ ജമ്മു കാശ്മീര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി രണ്ട് ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ അതും ലഭിച്ചിട്ടില്ല.

പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയില്‍ വിചാരണ തുടരുകയാണ്. വാദിഭാഗത്തിനുവേണ്ടി നൂറോളംപേര്‍ സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമസഹായമേര്‍പ്പെടുത്താന്‍ പത്താന്‍കോട്ടില്‍ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ പറഞ്ഞു.കേസില്‍ ജനുവരി അവസാനത്തോടെ വിധി പറഞ്ഞേക്കുമെന്നാണ് സൂചന.

2018 ജനുവരി പത്തിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം 17നാണ് കണ്ടെത്തിയത്. 14ന് ആണ് ദിവസങ്ങള്‍ നീണ്ട കൂട്ടബലാല്‍സംഗത്തിന് ശേഷം പെണ്‍കുട്ടിയെ അക്രമികള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

കേസില്‍ സമീപത്തെ ക്ഷേത്രത്തിലെ പൂജാരി സഞ്ചി റാം, അയാളുടെ പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, മകന്‍ വിശാല്‍, പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വെര്‍മ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നിവരാണ് പ്രതികള്‍. നാടോടികളായ ബകര്‍വാള്‍ മുസ്ലീം സമുദായത്തെ പ്രദേശത്ത് നിന്ന് പേടിപ്പിച്ച് ഓടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ക്രൂരമായ കൂട്ടബലാല്‍സംഗമെന്നാണ് പൊലീസ് പറയുന്നത്.

Latest
Widgets Magazine