വെറുംവയറ്റില്‍ കഞ്ചാവിനു സമാനമായ ലഹരിയും ഗുളികളും നല്‍കി, ജീവഛവമായി മാറിയ കുഞ്ഞിനോടായിരുന്നു ക്രൂരത: കത്‌വ്വ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന പോസസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കഠ്‌വ: ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രാദേശികമായ കഞ്ചാവിനു പകരം ഉപയോഗിക്കുന്ന മന്നാര്‍ എന്ന വസ്തുവും മാനസികരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എപിട്രില്‍ 0.5 എംജി ടാബ്ലറ്റുമാണ് കുട്ടിയെ ബോധം കെടുത്താന്‍ നല്‍കിയിരുന്നത്. ഒഴിഞ്ഞ വയറുമായുള്ള ഒരു എട്ടു വയസ്സുകാരിക്ക് ഈ വസ്തുക്കള്‍ നല്‍കിയാല്‍ അതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന് അറിയേണ്ടിയിരുന്നത്.

ഇതിനായി പെണ്‍കുട്ടിയുടെ വിസെറ പരിശോധനയ്ക്ക് അയച്ചിരുന്നു.
കോമയിലേക്കോ അല്ലെങ്കില്‍ അനങ്ങാന്‍ പോലും സാധിക്കാത്ത വിധം മരവിച്ച അവസ്ഥയിലേക്കോ പെണ്‍കുട്ടി എത്തിപ്പെട്ടിരിക്കാമെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ മറുപടി്. ക്രൂര പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി കരഞ്ഞു ബഹളമുണ്ടാക്കിയില്ലെന്ന വാദം പ്രതികളും അനുകൂലികളും സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു. ഈ ചോദ്യം കോടതിയിലും വരുമെന്ന നിലയിലാണ് ഇതിന്റെ സ്ഥിതി വ്യക്തമാകാന്‍ അന്വേഷണസംഘം പഴുതടച്ച നീക്കം നടത്തിയിട്ടുള്ളത്.

കഞ്ഞിന് നല്‍കിയ എപിട്രില്‍ മരുന്ന് ക്ലോനാസെപാം സോള്‍ട്ട് എന്ന രാസവസ്തു അടങ്ങിയതാണ്. ഡോക്ടര്‍മാര്‍ പോലും കഴിക്കേണ്ടയാളുടെ പ്രായവും ഭാരവും വരെ പരിശോധിച്ചതിനു ശേഷം മാത്രം നല്‍കുന്ന മരുന്നാണ് ഇത്. ഇത് പീഡിപ്പിക്കപ്പെട്ട കുഞ്ഞിന് മയക്കുമരുന്നിനൊപ്പം ചേര്‍ത്ത് നല്‍കുകയായിരുന്നു. ഇത്തരത്തില്‍ കുഞ്ഞിന് ബലമായി 0.5 മില്ലിഗ്രാമിന്റെ അഞ്ചു ടാബ്ലറ്റുകള്‍ നല്‍കി. ജനുവരി 11നാണ് അഞ്ച് ടാബ്ലറ്റുകളും നല്‍കിയത്. എട്ടുവയസ്സുകാരിക്ക് യാതൊരു കാരണവശാലും നല്‍കാന്‍ പാടില്ലാത്തത്ര ക്ലോനാസെപാം ഉണ്ടായിരുന്നു ആ ഗുളികകളിലെന്നും ഇതിന് പിന്നാലെ വീണ്ടും പിന്നീട് വീണ്ടും ഗുളികകള്‍ നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആദ്യം മയക്കത്തിലേക്കു വീണ് കുഞ്ഞ് പിന്നീട് ചുറ്റിലുമുള്ളതൊന്നും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായി മാറുകയും ശരീരം വിറയ്ക്കുന്ന സ്ഥിതിയിലേത്തുകയും ചെയ്തുവെന്നുമാണ് വിദഗ്ധരുടെ നിഗമനം. ശ്വാസം മന്ദഗതിയിലായി പിന്നീട് അബോധാവസ്ഥയിലായി. കൊല്ലപ്പെടുത്തും മുന്‍പു തന്നെ കുഞ്ഞിനെ ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പറ്റാത്ത വിധം ജീവച്ഛവമാക്കി മാറ്റിയിരുന്നു ആ നരാധമന്മാരെന്ന് ചുരുക്കം.

ഇത്തരത്തില്‍ ഒന്ന് അനങ്ങാന്‍പോലും ശേഷിയില്ലാതെ കിടന്ന കുഞ്ഞിനെയാണ് അവസാനവട്ടവും പീഡിപ്പിച്ച ശേഷം കല്ലുകൊണ്ടിടിച്ച് ആ നരാധമന്മാര്‍ കൊലപ്പെടുത്തിയത്.

ഭക്ഷണം കഴിച്ചിട്ടാണ് ഈ ഗുളിക അമിതമായി കഴിക്കുന്നതെങ്കില്‍പോലും വലിയ പ്രത്യാഘാതം ഉണ്ടെന്നിരിക്കെ ഭക്ഷണമോ വെള്ളമോ പോലും നല്‍കാതെ വെറുംവയറ്റിലാണ് കുഞ്ഞിന് ഈ ഗുളികകളും ലഹരിമരുന്നും നല്‍കിയത്. ലഹരിമരുന്നുകൂടെ ചേരുന്നതോടെ ആഘാതം ഇരട്ടിയായി മാറും. ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി കേസ് പരിഗണിക്കുന്ന പഠാന്‍കോട്ടിലെ ജില്ലാസെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും.

2018 ജനുവരി 17നാണു കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്ന മാന്നു തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. നാലു ലക്ഷം രൂപ വാങ്ങി തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിനും എസ്ഐ ആനന്ദ് ദത്തയ്ക്കും എതിരെയും കേസുകളുണ്ട്.

Latest
Widgets Magazine