പഞ്ചാബില്‍ മുഖ്യമന്ത്രിയാകാന്‍ കേജരിവാളില്ല; വാര്‍ത്തകള്‍ തള്ളി എഎപി

 

ന്യൂഡല്‍ഹി:പഞ്ചാബ് പിടിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ആം ആദ്മി പാര്‍ട്ടി. പഞ്ചാബില്‍ എഎപി വിജയിച്ചാലും കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി തുടരുമെന്ന് പാര്‍ട്ടി അറിയിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖമായിരിക്കും കേജരിവാള്‍. എന്നാല്‍ മുഖ്യമന്ത്രി ആകുമെന്ന് ഇതിനര്‍ഥമില്ലെന്നും എഎപി നേതാവ് അതിഷി മാര്‍ലിന പറഞ്ഞു.

കേജരിവാള്‍ മുഖ്യമന്ത്രിയാകുമെന്ന് മനീഷ് സിസോദിയ പറഞ്ഞിട്ടില്ല. അദ്ദേഹം പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖമായിരിക്കുമെന്നാണ് സൂചിപ്പിച്ചതെന്നും അതിഷി പറഞ്ഞു. കേജരിവാള്‍ പ്രതിനിധീകരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയെയാണ്. അദ്ദേഹം വിശ്വാസ്യതയെയും പ്രതിനിധീകരിക്കുന്നു. ഡല്‍ഹിയില്‍ അദ്ദേഹം നിരവധി വാഗ്ദാനങ്ങള്‍ നിറവേറ്റി. കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്. രാജ്യതലസ്‌ഥാനത്തെ ജനങ്ങളോട് അദ്ദേഹത്തിന് നിരവധി ഉത്തരവാദിത്വങ്ങളുണ്ടെന്നും അതിഷി പറഞ്ഞു.

പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി അരവിന്ദ് കേജരിവാളായേക്കുമെന്നുള്ള അഭ്യൂഹത്തിന് ഡല്‍ഹി ഉപമുഖ്യന്ത്രി മനീഷ് സിസോദിയയാണ് വഴിമരുന്നിട്ടത്. ‘ആം ആദ്മിക്ക് വോട്ടു ചെയ്യുന്നവര്‍ ചിന്തിക്കുക, നിങ്ങള്‍ വോട്ട് ചെയ്യുന്നത് കേജരിവാളിനാണ്’ എന്ന സിസോദിയയുടെ വാക്കുകളാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. മൊഹാലിയില്‍നടന്ന പൊതുപരിപാടിയിലാണ് സിസോദിയ ഇക്കാര്യം പറഞ്ഞത്.

പഞ്ചാബിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. ബിജെപിയില്‍ നിന്നും രാജിവെച്ചെത്തിയ നവജോദ് സിങ് സിദ്ധു പഞ്ചാബില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ആദ്യം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതൃത്വം സിദ്ധുവിനെ തള്ളിയതോടെ മറ്റാരായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുകയായിരുന്നു. എന്നാലിപ്പോള്‍ കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും എന്ന് വ്യക്തമായ സൂചന നല്‍കുകയായിരുന്നു ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദി.

Latest
Widgets Magazine