കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതും പ്രതീക്ഷയോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍; മഞ്ഞയില്‍ കുളിച്ച് മലയാളികള്‍ എങ്ങും ഫുട്‌ബോള്‍ തരംഗം

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്നത് ഈ ഒരു ദിവസത്തി നായിരുന്നു….കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുലിക്കുട്ടികള്‍ കൊല്‍ക്കത്തയെ കീഴടക്കുന്നത് കാണാന്‍.. മഞ്ഞയില്‍ കുളിച്ച് കേരളമാകെ ബ്ലാസ്റ്റേഴ്‌സിന് ജയ് വിളിക്കുമ്പോള്‍ ആരവങ്ങളുയരുന്നത് കേരളത്തിന്റെ സ്വപ്‌ന തുല്ല്യമായ വിജയത്തിനുവേണ്ടിയാണ്.

ഐഎസ്എല്‍ ഒന്നാം സീസണില്‍ പൂണെയില്‍ വച്ച് തോല്‍വി രുചിക്കേണ്ടി വന്നതിന്റെ നഷ്ടം തീര്‍ക്കാന്‍ തന്നെയാകും കോപ്പലും സംഘവും ഇറങ്ങുക. ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വേട്ടയില്‍ മുന്നിലുള്ള മലയാളി താരം വിനീത് അടക്കമുള്ളവരുടെ ഫോമും ഫൈനലില്‍ നിര്‍ണായകമാകും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴുമുതലാണ് ഐഎസ്എല്‍ കലാശപ്പോരാട്ടം.

കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന ബ്ലാസ്റ്റേഴ്സിനും കൊല്‍ക്കത്തയുടെ പ്രിയ ടീം അത്ലറ്റിക്കോയ്ക്കും ഇത് രണ്ടാം ഫൈനല്‍. ഇരുടീമുകളും ഫൈനലില്‍ മുഖാമുഖം വരുന്നതും രണ്ടാംതവണ. 2014ല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ച് അത്ലറ്റിക്കോ കിരീടമേന്തുകയായിരുന്നു. ഇത്തവണ നാട്ടുകാരുടെ ബലത്തില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സ് കലാശപ്പോരിന് ഇറങ്ങുന്നത. ഗാലറികളെ മഞ്ഞപുതപ്പിക്കുന്ന അറുപതിനായിരത്തോളം വരുന്ന കാണികളാണ് ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമന്‍. ടീമുടമ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സാന്നിധ്യവും ഫൈനലിനെ ആവേശഭരിതമാക്കും. സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ മലയാളികള്‍. മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് കോപ്പല്‍ പരിശീലകനും.

ബ്ലാസ്റ്റേഴ്സിനെ ആദ്യ സീസണില്‍ ഫൈനലിലേക്ക് കൈപിടിച്ച കാനഡക്കാരന്‍ ഇയാന്‍ ഹ്യൂമാണ് കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്. ഹ്യൂമിനെ പിടിച്ചുകെട്ടിയാല്‍ മത്സരം അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് നിര. മുന്‍ സ്പാനിഷ് താരം ഹോസെ ഫ്രാന്‍സെസ്‌കോ മോളിനയുടെ തന്ത്രങ്ങളിലാണ് അത്ലറ്റിക്കോയുടെ മുന്നേറ്റം.

അതേസമയം ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി ഫൈനലിലുള്ള ടിക്കറ്റുകള്‍ കിട്ടാനില്ലാതായി. രണ്ടുദിവസം മുമ്പേ ടിക്കറ്റുകള്‍ വിറ്റുപോയി. അതേസമയം കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പന ഇന്നലെയും പൊടിപൊടിച്ചു. 300 രൂപയുടെ ടിക്കറ്റുകള്‍ മൂവായിരം രൂപയ്ക്കാണ് വിറ്റത്. 500 രൂപയുടെ ടിക്കറ്റുകള്‍ക്ക് അയ്യായിരത്തിലേറെയായിരുന്നു വില.

ആദ്യ മല്‍സരങ്ങള്‍ക്ക് അച്ചടിച്ച കോംപ്ലിമെന്ററി പാസുകള്‍ ഐ.എസ്.എല്‍ മാനേജ്മെന്റുമായി അടുത്ത ബന്ധമുള്ളവര്‍ വഴി വില്‍പന നടത്തിയിരുന്നു. യഥാര്‍ഥവിലയുടെ പകുതി വിലയ്ക്കാണ് ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നത്. ഫൈനല്‍ ആയതോടെ കരിഞ്ചന്തയിലെ കച്ചവടത്തിന് സാധ്യത കൂടിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ഇന്നലെ തന്നെ ടിക്കറ്റ് വാങ്ങണമെന്ന നിബന്ധന വന്നതോടെ ഇതര ജില്ലക്കാര്‍ക്ക് ഒരു ദിവസം മുമ്പേ കൊച്ചിയില്‍ എത്തേണ്ടതായും വന്നു. ഇതോടെ ടിക്കറ്റിനു പുറമെ വന്‍തുക മുറിവാടക ഇനത്തില്‍ ചെലവഴിക്കേണ്ടി വന്നെന്ന് മലപ്പുറത്തുനിന്ന് എത്തിയ നൗഫല്‍ പറയുന്നു. ഫൈനലിന് മലബാറില്‍നിന്നും ആരാധകരുടെ കുത്തൊഴുക്കാണ്. ഇന്നലെ ട്രെയിനുകളിലും ബസിലും ആരാധകരുടെ തിരക്കായിരുന്നു. പലര്‍ക്കും വാടകയ്ക്ക് മുറികള്‍ പോലും ലഭിച്ചില്ല.

ഐ.എസ്.എല്‍ ടിക്കറ്റ്സ് ഡോട്ട് കോം എന്ന വെബ് സൈറ്റ് വഴിയും കരിഞ്ചന്തയില്‍ ടിക്കറ്റുവില്‍പ്പന നടക്കുന്നുണ്ട്. ടിക്കറ്റ് ആവശ്യവുമായി നിരവധിപേരാണ് ഈ വെബ്സൈറ്റുമായി ബന്ധപ്പെടുന്നത്. അതേസമയം വ്യാജ സൈറ്റ് വഴി ടിക്കറ്റ് വിറ്റ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കങ്ങരപ്പടി സ്വദേശി ഗ്ലാഡിന്‍ വര്‍ഗീസ്, ചെല്ലാനം നീണ്ടകര സ്വദേശി പ്രവീണ്‍, മലപ്പുറം സ്വദേശി മുസ്തഫ എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍നിന്നും ടിക്കറ്റുകളും പിടിച്ചെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ കലൂര്‍ സ്റ്റേഡിയത്തിന് ചുറ്റുമുണ്ടെന്ന് ആരാധകര്‍തന്നെ പറയുന്നു.

ബുധനാഴ്ച രാത്രി രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടന്നതോടെയാണ് ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുതീര്‍ന്നത്. വ്യാഴാഴ്ച രാവിലെയോടെ ഓണ്‍ലൈനിലും ഉച്ചയോടെ സ്റ്റേഡിയത്തിന് സമീപമുള്ള ടിക്കറ്റ് കൗണ്ടറുകളും കാലിയായി. പലരും വന്‍തോതിലാണ് ടിക്കറ്റുകള്‍ കരസ്ഥമാക്കിയത്. നൂറിലേറെ ടിക്കറ്റുകള്‍ ഒന്നിച്ചുവാങ്ങിയവരുണ്ട്.അച്ചടിച്ച ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്നാണ് സംഘാടകരുടെ വാദം.

മുത്തൂറ്റ് ഫിന്‍കോര്‍പ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ശാഖകള്‍ വഴിയായിരുന്നു മറ്റ് മത്സരങ്ങള്‍ക്ക് ടിക്കറ്റുകള്‍ വിറ്റിരുന്നത്. എന്നാല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ഐ.എസ്.എല്‍. സംഘാടകര്‍ നേരിട്ടാണ് നടത്തുന്നത്. സ്റ്റേഡിയത്തിന്റെ ശേഷി 55,000 ആയി കുറച്ചതും ആരാധകര്‍ക്ക് തിരിച്ചടിയായി. ഐ.എസ്.എല്‍ മല്‍സരങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിനും കുടിവെള്ളത്തിനും അമിത വില ഈടാക്കിയതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഐ.എസ്.എല്‍ സംഘാടകര്‍ക്കെതിരേ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.

മത്സരം കാണാന്‍ വന്‍ താരനിര, ബച്ചനും അഭിഷേകും അംബാനിയുമെത്തും; സുരക്ഷ ശക്തം
കേരള ബ്ലാസ്റ്റേഴ്സ്- കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനല്‍ മല്‍സരം കാണാന്‍ വന്‍ താരനിര. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുകേഷ് അംബാനിയും കൊച്ചിയിലെത്തും. പ്രമുഖ താരങ്ങള്‍ എത്തുന്നത് കണക്കിലെടുത്തുകൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. മധ്യമേഖല ഐജിയുടെ നേതൃത്വത്തിലാണ് ഫൈനല്‍ മല്‍സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്കുള്ളില്‍ ആരാധകര്‍ സ്റ്റേഡിയത്തിനകത്ത് കടക്കണമെന്ന് പൊലീസ് അറിയിച്ചു.

1400 പൊലീസുകാരാവും ഐഎസ്എല്‍ ഫൈനല്‍ നടക്കുമ്പോള്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉണ്ടാവുക. ബാഗ്, കുപ്പി, ഹെല്‍മെറ്റ്, വാദ്യോപകരണങ്ങള്‍, പടക്കം, തീപ്പെട്ടി തുടങ്ങിയവ സ്റ്റേഡിയത്തിന്റെ കോമ്പൗണ്ടിലേക്ക് കയറ്റരുത്. വൈകിട്ട് മൂന്നുമണി മുതല്‍ ആറു മണി വരെയാവും ടിക്കറ്റുള്ളവരെ പ്രവേശിപ്പിക്കുകയെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും അഞ്ചരയ്ക്കകം ആരാധകര്‍ അകത്തു കയറണമെന്നാണ് സുരക്ഷാ ചുമതലയുള്ള ഐജിയുടെ അഭ്യര്‍ത്ഥന. മൂന്നു വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ടിക്കറ്റ് നിര്‍ബന്ധമാക്കും. 18 വയസിനു താഴെയുള്ള കുട്ടികളും മാതാപിതാക്കള്‍ക്കൊപ്പമാവണം കളികാണാന്‍ എത്തേണ്ടതെന്നും പൊലീസ് നിഷ്‌കര്‍ഷിക്കുന്നു.

Latest
Widgets Magazine