കേരളത്തില്‍ സാധാരണക്കാരേക്കാള്‍ അതിവേഗം മരിക്കുന്നത് ഡോക്ടര്‍മാര്‍

കേരളത്തിലെ സാധാരണക്കാരേക്കാള്‍ ആയുര്‍ ദൈര്‍ഘ്യം കുറവാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗത്തിന്റെ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കേരളത്തിലെ ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും മരണപ്പെടുന്നത് ഹൃദയസംബന്ധവും ക്യാന്‍സറും നാഡി സംബന്ധവുമായ അസുഖങ്ങളെ തുടര്‍ന്നാണെന്നും പഠനം വിശദമാക്കുന്നു. മലയാളിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം എഴുപത്തിയഞ്ചും വയസും മലയാളി ഡോക്ടര്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം അറുപത്തിരണ്ടുമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രോഗങ്ങളെക്കുറിച്ചും ശരീരത്തെക്കുറിച്ചും ധാരണയുള്ള ഡോക്ടര്‍മാരുടെ ആയുര്‍ദൈര്‍ഘ്യം സാധാരണക്കാരില്‍ നിന്ന് കുറവായി കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയെന്നാണ് മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. 2007 മുതല്‍ 2017 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം നടത്തിയത്. ഡോക്ടര്‍മാരില്‍ ഉണ്ടാവുന്ന പരിധിയില്‍ കവിഞ്ഞ സമ്മര്‍ദമാണ് ഈ സ്ഥിതിയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തുന്നത്. ജോലി സമയം അധികരിക്കുന്നതും, ഇടവേളകള്‍ ഇല്ലാതെ ജോലി എടുക്കേണ്ടി വരുന്നതും, രോഗികളുടെ അമിത പ്രതീക്ഷകളുമെല്ലാം ഡോക്ടറുടെ ആയുസ് കുറക്കുന്നെന്നാണ് പഠനം വിശദമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കാല്‍ സമ്മര്‍ദത്തിലാണ് സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ നേരിടുന്നതെന്നും പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഇന്ത്യയില്‍ ഡോക്ടര്‍ ആയിരിക്കുകയെന്നത് ആരോഗ്യത്തിന് ഹാനികരമെന്ന അവസ്ഥായിലേക്കാണ് നീങ്ങുന്നതെന്നാണ് മെഡിക്കല്‍ അസോസിയേഷന്റെ പഠനം വെളിപ്പെടുത്തുന്നത്. ഡോക്ടര്‍മാരില്‍ ഹൃദയ സംബന്ധിയായ രോഗങ്ങള്‍, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ കാണാനുള്ള സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ സാധാരണക്കാരേക്കാള്‍ പത്ത് ശതമാനം കുറവാണ് ഡോക്ടര്‍മാരുടെ ആയുര്‍ദൈര്‍ഘ്യം എന്നാല്‍ കേരളത്തിലിത് പതിമൂന്ന് ശതമാനമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഡോക്ടര്‍മാരുടെ ജീവിതചര്യ, ഭക്ഷണം എന്നിവയെല്ലാം പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top