ദുരിതങ്ങള്‍ക്കിടയില്‍ ദുരന്തമായി ചില മലയാളികള്‍; വ്യാജ പ്രചാരണം നടത്തിയ ഗായിക രഞ്ജിനി ജോസിനെതിരെ കേസെടുക്കും

കൊച്ചി: ദുരിതമാരിയില്‍ നിന്നും കരകയറുന്ന മലയാളികള്‍ക്കിടയില്‍ ചില ദുരന്തങ്ങളും ഉണ്ടായി എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. പ്രതിസന്ധികളെ അതിജീവിക്കുന്ന മലയാളികളുടെ ഒത്തൊരുമയെ തകര്‍ക്കുന്ന പല വ്യാജ പ്രചരണങ്ങളും ഈ ദിവസങ്ങളില്‍ ഉണ്ടായി. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില വ്യക്തികളില്‍ നിന്നും ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായി എന്നത് കേരളത്തെ ആകെ പുനര്‍വിചിന്തനത്തിന് ഇടയാക്കിയിരിക്കുകയാണ്.

ഇത്തരത്തില്‍ ഒരു പ്രവര്‍ത്തിയാണ് ബോയ്സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ക്ക് അതിസാരമുണ്ടെന്ന് പ്രചരിപ്പിച്ച ഗായികയും നടിയുമായ രഞ്ജിനി ജോസിന്റേത്. വ്യാജ പ്രചാരണം നടത്തിയതിന് രഞ്ജിനിക്കെതിരെ പൊലീസ് കേസെടുക്കും. ക്യാമ്പ് സന്ദര്‍ശനത്തിനു ശേഷമാണ് രഞ്ജിനി വ്യാജ പ്രചരണവുമായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോയില്‍ എത്തിയത്. കുട്ടികള്‍ക്ക് അതിസാരം പിടിച്ചെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണമെന്നുമായിരുന്നു ഗായികയുടെ പ്രചരണം. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജില്ലയില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പാണ് തൃപ്പൂണിത്തുറയിലേത്. രാത്രിയില്‍ പോലും ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഭക്ഷണവും മരുന്നും ആവശ്യത്തിന് ലഭിക്കുന്നുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെയാണ് ഗായികയുടെ വ്യാജ പ്രചാരണം.

ഗായികയുടെ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട എം. സ്വരാജ് എംഎല്‍എ ക്യാമ്പിലെത്തിയതിന് ശേഷം ഗായികയ്ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. മലീമസമായ മനസുള്ള, ദുരന്തമുഖത്ത് നില്‍ക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് വിഷം വമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. ഈ നാട് ഒറ്റക്കെട്ടായി, കക്ഷിരാഷട്രീയത്തിന് അതീതമായി ഈ ദുരന്തത്തെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Latest