ദുരന്തമുഖത്ത് രക്ഷാകരങ്ങളായി മത്സ്യത്തൊഴിലാളികള്‍; കേരളത്തെ രക്ഷിക്കുന്നതിന് എങ്ങും ആദരം

കേരളത്തെ ദുരന്ത മുഖത്തുനിന്ന് കരക്കടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച് മത്സ്യത്തൊഴിലാളികള്‍. തങ്ങള്‍ക്ക് പരിചയമില്ലാത്ത ഇടങ്ങളില്‍ ആത്മധൈര്യത്തോടെ ഇവര്‍ നടത്തിയ ഇടപെടലാണ് കേരളത്തെ വലിയൊരു ദുരന്തത്തിലേക്ക് പോകാതെ കരക്കണയാന്‍ സഹായിക്കുന്നത്. അതി സാഹസികമായാണ് പല രക്ഷാ പ്രവര്‍ത്തനവും ഇവര്‍ നടത്തിയിരിക്കുന്നതെന്ന് അനുഭവസ്ഥര്‍ സാക്ഷ്യം പറയുകയാണ്.

Image may contain: 1 person, standing and outdoor

മറ്റ് സുരക്ഷാ സംവിധാനങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ ആളുകളിലേയ്ക്ക് എത്താനും അവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും മത്സ്യത്തൊഴിലാളികളുടെ ആത്മാര്‍ത്ഥമായ സമര്‍പ്പണബോധത്തോടെയുളള രക്ഷാപ്രവര്‍ത്തനത്തിലൂടെ സാധ്യമാകുന്നുണ്ട്. സൈന്യം വരണമെന്ന് പറയുന്ന ജനപ്രതിനിധികള്‍ പോലും മത്സ്യത്തൊഴിലാളികളുടെ സഹായം കൂടെ ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ പകല്‍ 82,442 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇതില്‍ അധികം പേരെ ബോട്ട് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സേനാവിഭാഗങ്ങളുടെ ബോട്ടുകളോടൊപ്പം മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എന്‍.ഡി.ആര്‍.എഫിന്റെ 79 ബോട്ടുകളും ഫിഷറീസിന്റെ 403 ബോട്ടുകളും ഇന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 22 ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയവരുടെ കണക്ക് മൂന്നൂറോളമാണ്. ഈ കണക്കുകളാണ് മത്സ്യത്തൊഴിലാളികള്‍ കേരളത്തെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നതില്‍വഹിക്കുന്ന പങ്ക് എത്രയാണെന്ന് വ്യക്തമാക്കുന്നത്.

Image may contain: one or more people and text

ഇന്നലെ രക്ഷപ്പെടുത്തിയ എണ്‍പത്തിരണ്ടായിരത്തില്‍ പരം ആളുകളില്‍ ഭൂരിപക്ഷത്തെയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പ്രവര്‍ത്തനം അവര്‍ തുടരുകയാണ്. തിരുവനന്തപുരത്തെ കടപ്പുറത്തു നിന്നടക്കം വീണ്ടും ബോട്ടുകളും തൊഴിലാളികളും ദുരന്തഭൂമിയില്‍ എത്തുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നുളള സാമൂഹിക പ്രവര്‍ത്തകയായ മാഗ്ലിന്‍ പറയുന്നു. മാഗ്ലിന്റെ സഹോദന്‍ ഉള്‍പ്പടെയുളളയുളള രക്ഷാ ദൗത്യം നിര്‍വഹിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

ഇന്നലെ മാത്രം മുന്നൂറിലധികം പേരെ രക്ഷിച്ച സംഘത്തിലുണ്ടായിരുന്ന അനു എ ജസ്റ്റ് എന്ന മത്സ്യത്തൊഴിലാളിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കാര്യങ്ങളെ കൂടുതല്‍ വിശദമാക്കി തരുന്നു. കല്ലശ്ശേരി ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ”നമ്മള്‍ വിചാരിക്കുന്നതിലും കഷ്ടമാണ് ഇവിടുത്തെ അവസ്ഥ. തീരദേശത്തെ സഹോദരങ്ങളോട് പറയാനുളളത് ഇവിടെ നേവിക്കാര്‍ക്കും പട്ടാളക്കാര്‍ക്കും പ്രവര്‍ത്തിക്കാന്‍ പരിമിതിയുണ്ട്. അവരുടെ കാറ്റ് നിറച്ച ബോട്ടുകളില്‍ കുറച്ച് പേരെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയുകയുളളൂ എന്നാല്‍ മത്സ്യബന്ധന ബോട്ടുകളില്‍ 45 പേരെയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയു,”മെന്നും അദ്ദേഹം പറയുന്നു.

Image may contain: one or more people, people sitting, people standing, outdoor and nature

ജീവിതത്തിന്റെ വലിയൊരു ഭാഗം അത്യധ്വാനം നടത്തേണ്ടി വരുന്നവര്‍ അതില്‍ നിന്നും ലഭ്യമാകുന്ന അവധി ദിനങ്ങളും ആഘോഷ ദിനങ്ങള്‍ പോലും മാറ്റവച്ചാണ് ദുരന്തമുഖത്തേയ്ക്ക ലോറികളില്‍ വള്ളവും കയറ്റി എത്തിയത്. തങ്ങളുടെ ആവശ്യമുണ്ടെന്ന് അറിഞ്ഞ നിമിഷം തന്നെ മറ്റൊന്നും ചിന്തിക്കാതെ അവര്‍ പുറപ്പെടുകയായിരുന്നു. ഇതിന് ഉദാഹരണമാണ് സജയ് ജോയ് എഴുതിയ പോസ്റ്റ്: ”ഇന്ന് എന്റെ പപ്പയുടെ 50-മത്തെ പിറന്നാളാണ്…വീട്ടില്‍ നല്ലൊരു രീതിയില്‍ പിറന്നാള്‍ അഘോഷിക്കാന്‍ ഒരുങ്ങിയതാ ഞങ്ങള്‍…..പെട്ടെന്നാണ് അഞ്ചുതെങ്ങിലെ കുറച്ചു ബോട്ടുകള്‍ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാന്‍ പോകുന്ന വിവരം അറിഞ്ഞത്…പപ്പയോട് പോകുന്നോ എന്ന് ചോദിച്ചപാടെ അതേ എന്നുള്ള മറുപടി പറഞ്ഞു… എന്തായാലും എനിക്കും പപ്പയ്ക്കും ഇതു മറക്കാന്‍ കഴിയാത്ത ഒരു ദിവസം ആയിരിക്കും…” ഇത്തരത്തില്‍ നാളെ നമ്മള്‍ നിശ്ചയമായും ആദരിക്കേണ്ട നൂറുകണക്കിന് ആളുകള്‍ നമുക്ക് ചുറ്റും ഇപ്പോഴും ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലാണ്.

Top