കൊടിയ ലൈംഗിക കുറ്റവാളികളെയും മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവരെയും അങ്ങനെ വെറുതെ വിടാനാവില്ല; വേണ്ടപ്പെട്ടവരെ ജയില്‍ തുറന്ന് വിടാനുള്ള സര്‍ക്കാരിന്റെ മോഹത്തിന് ഗവര്‍ണറുടെ ചുവപ്പു കാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1850 തടവുകാരെ ശിക്ഷാ കാലാവധി തീരും മുമ്പേ മോചിപ്പിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിന് ചുവപ്പുകൊടി കാട്ടി ഗവര്‍ണര്‍ പി സദാശിവം. ഇത്രയും തടവുകാരുടെ മോചനത്തിന് അനുമതി നല്‍കുന്നത് വേണ്ടത്ര പരിശോധനകള്‍ നടത്തിയതിന് ശേഷമല്ലെന്നും ഗൗരവമേറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ശിക്ഷയേറ്റുവാങ്ങിയ നിരവധിപേര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് തന്റെ വിവേചനാധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ശുപാര്‍ശാ ലിസ്റ്റിന് അനുമതി നിഷേധിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ കത്തയച്ചു. വിടാന്‍ ശുപാര്‍ശ ചെയ്ത പ്രതികളുടെ കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞാണ് ഗവര്‍ണര്‍ കത്തയച്ചിരിക്കുന്നത്.

മുമ്പൊരിക്കലും കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ് ഇത്രത്തോളം തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കിയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ ശുപാര്‍ശ തള്ളിയത്. ബലാത്സംഗ കേസിലുള്‍പ്പെടെ ശിക്ഷ അനുഭവിക്കുന്ന ലൈംഗിക കുറ്റവാളികള്‍, മയക്കുമരുന്നു കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍, മനോവൈകൃതങ്ങള്‍ മൂലം കുറ്റങ്ങള്‍ ചെയ്തവര്‍ തുടങ്ങിയവരെല്ലാം സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഭരണകക്ഷിയായ എല്‍ഡിഎഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നിരവധി പേരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ലിസ്റ്റ് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് രാജ്ഭവനില്‍ നിന്ന് സര്‍ക്കാരിലേക്ക് തിരിച്ചയക്കുമെന്നാണ് അറിയുന്നത്. തടവുകാരെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പുതന്നെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിട്ടുള്ളതെന്നാണ് സൂചനകള്‍. അതിനാലാണ് ഇതിന് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവര്‍ണര്‍ എത്തിയിട്ടുള്ളത്. കഴിഞ്ഞ മാസമാണ് ലിസ്റ്റ് ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് വന്നത്. തുടര്‍ന്ന് ഇത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഉന്നതതല കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് ലിസ്റ്റ് തയ്യാറാക്കിയത്. പക്ഷേ, ഇത് ക്യാബിനറ്റിന്റെ മുന്നില്‍ എത്തുന്നതിനോ ഗവര്‍ണര്‍ക്ക് അയക്കുന്നതിനോ മുമ്പ് നിയമവകുപ്പ് സെക്രട്ടറി കാണിച്ചിരുന്നില്ലെന്നും പറയുന്നു.

ഇത്രയും പേരുടെ ജയില്‍മോചനത്തിന് ഒറ്റയടിക്ക് വഴിയൊരുക്കും വിധത്തിലുള്ള ലിസ്റ്റില്‍ തീരുമാനമെടുക്കാതെ ഒരു മാസത്തോളമായി ഗവര്‍ണര്‍ മാറ്റിവച്ചിരിക്കുകയാണ്. മുന്‍ സുപ്രീംകോടതി ചീഫ്് ജസ്റ്റീസ് കൂടിയാണ് കേരള ഗവര്‍ണര്‍ പി സദാശിവം എന്നതിനാല്‍ നിയമപ്രകാരം ഇത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. സിപിസി 342-ാം വകുപ്പ് പ്രകാരം ഒരാളുടെ ശിക്ഷ റദ്ദാക്കാനോ ഇളവു നല്‍കാനോ അധികാരങ്ങള്‍ സര്‍ക്കാരിന് കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. പക്ഷേ, വധശിക്ഷ വിധിച്ചതോ വിധിക്കാന്‍ സാധ്യതയുള്ളതോ ആയ പ്രതികളുടെ കാര്യത്തില്‍ ഇത്തരം നടപടി സാധ്യമല്ല. എന്നാല്‍ 14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുമാവും.അതേസമയം, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാത്ത തടവുകാരുടെ കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെങ്കിലും മാപ്പു നല്‍കാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. സാധാരണഗതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കാറുണ്ടെങ്കിലും ഇത്തവണ ഇത്രയേറെ തടവുകാരെ ഒറ്റയടിക്ക് മോചിപ്പിക്കാന്‍ നീക്കം നടത്തിയതാണ് തിരിച്ചടിയായതെന്നാണ് അറിയുന്നത്.

സമൂഹത്തിന്റെ പൊതുതാല്‍പര്യം ഹനിക്കും വിധത്തിലുള്ള തീരുമാനമാണ് സര്‍ക്കാരിന്റേതെങ്കില്‍ ആ നിര്‍ദ്ദേശം തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഈ വിവേചനാധികാരം സദാശിവം ഉപയോഗിക്കുമെന്നാണ് സൂചന. മാത്രമല്ല, ഇത്രയും പേര്‍ക്ക് ഒരുമിച്ച് മോചനത്തിന് വഴിയൊരുക്കുന്നത് ആരെങ്കിലും ഹൈക്കോടതിയില്‍ ചോദ്യംചെയ്യാനും സാധ്യതയുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകരും അഭിപ്രായപ്പെടുന്നു.

Top