വെള്ളക്കെട്ട് താഴ്ന്നപ്പോൾ സെമിത്തേരി വോൾട്ട് തകർന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്ത്

പത്തനംതിട്ട ∙ നഗരത്തിനു സമീപമുള്ള വെള്ളക്കെട്ട് താഴ്ന്നപ്പോൾ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നെന്ന വാർത്ത പരിഭ്രാന്തി പരത്തി. കോഓപ്പറേറ്റീവ് കോളജിനു സമീപം ചർച്ച് ഓഫ് ഗോഡിന്റെ സെമിത്തേരിയുടെ വോൾട്ട് തകർന്നു മൃതദേഹാവശിഷ്ടങ്ങൾ പുറത്തു വന്നതിനെ തുടർന്നായിരുന്നു അഭ്യൂഹമുയർന്നത്. 2010ൽ നിർമാണം പൂർത്തിയാക്കിയ സെല്ലാറിൽ 2016 നവംബറിലാണ് അവസാനമായി സംസ്‌കാരം നടത്തിയത്. 14 ശരീരങ്ങളാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്. കനത്ത മഴയയെയും വെള്ളക്കെട്ടിനെയും തുടർന്നാണ് സെല്ലാറിന്റെ പിൻഭാഗത്തെ ഭിത്തി തകർന്നത്. വെള്ളപ്പൊക്കത്തിൽ മൃതദേഹാവശിഷ്ടങ്ങൾ പൊന്തിവന്നതിനെ തുടർന്നു സംഭവ സ്ഥലത്ത് ആളുകൾ തടിച്ചുകൂടി. ഇതു നേരിയ സംഘർഷാവസ്ഥയും സൃഷ്ടിച്ചു. വാക്കുതർക്കം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയപ്പോൾ പൊലീസ് ലാത്തി വീശി. സെമിത്തേരിക്ക് അനുമതിയില്ലെന്ന് ഒരു സംഘം വാദിച്ചെങ്കിലും ബന്ധപ്പെട്ട അനുമതികളുണ്ടെന്ന് ആരാധനാലയവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എഡിഎം സംഭവസ്ഥലം സന്ദർശിച്ചു. സ്ഥലത്തെ വെള്ളക്കെട്ടിൽ നഗരസഭയുടെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി.

Top