ധോണിയെ വീഴ്തി കോഹ്ലിയും സംഘവും

സ്‌പോട്‌സ് ഡെസ്‌ക്

പുനെ: ധോണികോഹ്ലി പോരിൽ വിജയം വിരാടിനൊപ്പം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മഹേന്ദ്ര സിങ് ധോണിയുടെ പുനെ സൂപ്പർ ജയന്റ്‌സിനെ 13 റൺസിന് പരാജയപ്പെടുത്തി വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് രണ്ടാം ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തിൽ ടോസ് നേടിയ സൂപ്പർ ജയന്റ്‌സ് നായകൻ ധോണി റോയൽ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. വെല്ലുവിളി ഏറ്റെടുത്ത റോയൽ ചലഞ്ചേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 റണ്ണെടുത്തു. 46 പന്തിൽ നാല് സിക്‌സറും ആറ് ഫോറുമടക്കം 83 റണ്ണെടുത്ത എ.ബി. ഡിവിലിയേഴ്‌സ്, 63 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറുമടക്കം 80 റണ്ണെടുത്ത നായകനും ഓപ്പണറുമായ വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിങ് പ്രകടനമാണു റോയൽ ചലഞ്ചേഴ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. കോഹ്ലിയും ഡിവിലിയേഴ്‌സും ചേർന്ന് രണ്ടാം വിക്കറ്റിൽ 94 പന്തിൽ 150 റണ്ണെടുത്തിരുന്നു. 25 പന്തിൽ അർധ സെഞ്ചുറി കടന്ന ഡിവിലിയേഴ്‌സാണ് സൂപ്പർ ജയന്റ്‌സിനെ കൂടുതൽ ആക്രമിച്ചത്. 47 പന്തിലായിരുന്നു കോഹ്ലിയുടെ അർധ ശതകം. ഓപ്പണർ ലോകേഷ് രാഹുൽ (ഏഴ്) ഇന്നലെ നിരാശപ്പെടുത്തി. ഷെയ്ൻ വാട്‌സൺ (ഒന്ന്), സർഫ്രാസ് ഖാൻ (രണ്ട്) എന്നിവർ പുറത്താകാതെനിന്നു. ശ്രീലങ്കൻ താരം തിസാര പെരേരയാണ് മൂന്നു വിക്കറ്റുമെടുത്തത്. ഇഷാന്ത് ശർമ നാലോവറിൽ 47 റൺ വഴങ്ങി. ഓഫ് സ്പിന്നർ ആർ. അശ്വിൻ മൂന്ന് ഓവറിൽ 22 റണ്ണും ലെഗ് സ്പിന്നർ മുരുഗൻ അശ്വിൻ രണ്ട് ഓവറിൽ 29 റണ്ണും വഴങ്ങി. തുടർന്ന് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പുനെയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് അകലെ 172 റൺസിൽ എത്തിച്ചേരാനേ കഴിഞ്ഞുള്ളു. 46 പന്തിൽ നിന്ന് എട്ടു ബൗണ്ടറികളോടെ 60 റൺസ് നേടിയ അജിൻക്യ രാഹാനെയാണ് പുനെ നിരയിൽ ടോപ്‌സ്‌കോററായത്. ധോണി 38 പന്തിൽ നിന്ന് മൂന്നു ബൗണ്ടറികളോടെ 41 റൺസ് നേടിയപ്പോൾ 13 പന്തിൽ നിന്ന് മൂന്നു വീതം സിക്‌സറും ബൗണ്ടറികളും പറത്തി 34 റൺസ് നേടിയ തിസാര പെരേരയാണ് പുനെയെ ബാംഗ്ലൂർ സ്‌കോറിന്റെ അരികിലെങ്കിലും എത്തിച്ചത്. ഇവർക്കു പുറമേ 21 റൺസ് നേടിയ രജത് ഭാട്യയും പുനെ നിരയിൽ തിളങ്ങി. ഓപ്പണർ ഫാഫ് ഡുപ്ലീസിസ്(2), സ്റ്റീവൻ സ്മിത്ത്(4) എന്നിവർ നിരാശപ്പെടുത്തിയതും മധ്യനിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്‌സൺ(0) പരുക്കേറ്റ് മടങ്ങിയതും പുനെയ്ക്ക് തിരിച്ചടിയായി. മൂന്നോവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ കെയ്ൻ റിച്ചാർഡ്‌സണാണ് ബാംഗ്ലൂരിന് വേണ്ടി ബൗളിങ്ങിൽ തിളങ്ങിയത്. ഷെയ്ൻ വാട്‌സൺ രണ്ടും ഹർഷൽ പട്ടേൽ, തബ്രിസ് ഷംസി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണ നൽകി. ജയത്തോടെ പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്തെത്താനും ബംഗളുരുവിനായി. നാലിൽ മൂന്നു മത്സരങ്ങളും തോറ്റ പുനെ സൂപ്പർ ജയന്റ്‌സ് ഏഴാം സ്ഥാനത്താണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top