കര്‍ഷക സമരം വിജയം: ആവശ്യങ്ങള്‍ അംഗീകരിച്ച് ബിജെപി സര്‍ക്കാര്‍; വനാവകാശം നടപ്പിലാക്കും

സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ അടിയറവ് പറയുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കിസാന്‍സഭയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ നടത്തിയ സമരത്തിനു ശുഭാന്ത്യമായിരിക്കുകയാണ്. കര്‍ഷകരുടെ ആവശ്യങ്ങളിലേറെയും അംഗീകരിക്കാമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കല്‍ തുടങ്ങിയവയായിരുന്നു കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ഇവ നടപ്പിലാക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആറംഗ സമിതിയെയും നിയോഗിച്ചു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ഇതോടെ നാളുകള്‍ നീണ്ട പ്രതിഷേധത്തിന് അവസാനമായി. കര്‍ഷകരുടെ പ്രതിനിധികളായി എട്ടു പേരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനായിരുന്നു തീരുമാനം.

വിധാന്‍ സഭയിലേക്കെത്തിയ കര്‍ഷകരുടെയും ഗോത്രവിഭാഗക്കാരുടെയും ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഫഡ്‌നാവിസ് അറിയിച്ചിരുന്നു. നിയമസഭയില്‍ തിങ്കളാഴ്ച രാവിലെ പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയില്‍ വിഷയം അവതരിപ്പിക്കുമെന്നു ശിവസേനയും അറിയിച്ചിരുന്നു.

Latest
Widgets Magazine