കര്‍ഷ രോഷം തിളച്ചുമറിയുന്നു; ബിജെപി സര്‍ക്കാരിനെതിരെയുള്ള കിസാന്‍ സഭയുടെ ലോങ്ങ് മാര്‍ച്ച് ആരംഭിച്ചു

മുംബൈ: കര്‍ഷകരെ അവഗണിക്കുകയും വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുകയുമാണെന്ന് ആരോപിച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍നിന്നു മുംബൈയിലേക്കുള്ള രണ്ടാം ലോങ് മാര്‍ച്ച് ആരംഭിച്ചു. ബുധന്‍ വൈകിട്ട് നാലിന് ആരംഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ലോങ് മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിക്കുകയും മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിയ അനുനയ നീക്കവും റാലി അനിശ്ചിതത്തിലാക്കി.

ഇതോടെ, നാസിക്കിലെ മുംബൈ നാക്ക മൈതാനത്ത് ഇന്നലെ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു പ്രതിഷേധക്കാര്‍. ഇതിനിടെ നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നപ്പോഴാണു രാവിലെ 10ന് മാര്‍ച്ച് ആരംഭിച്ചത്. കര്‍ഷകരും ആദിവാസികളുമായി 20,000 ലേറെ ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. പ്രക്ഷോഭം തുടങ്ങിയെങ്കിലും കര്‍ഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തുടരുകയാണ്. മാര്‍ച്ച് മുംബൈയിലെത്തും മുന്‍പ് ആവശ്യങ്ങള്‍ നേടിയെടുക്കാനായാല്‍ സമരം പാതിവഴിയില്‍ നിര്‍ത്താനുള്ള സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ ഏതു വിധേനെയും കര്‍ഷകരെ പിന്തിരിപ്പിക്കാനാണു സര്‍ക്കാരിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷം നടന്ന കര്‍ഷക ലോങ് മാര്‍ച്ച്, മറാഠ സമരം, അണ്ണാ ഹസാരെയുടെ സമരം എന്നിവ ഒത്തുതീര്‍പ്പാക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നിയോഗിച്ച മന്ത്രി ഗിരീഷ് മഹാജനാണ് ഇപ്പോള്‍ നാസിക്കിലും അനുനയ ശ്രമങ്ങള്‍ നടത്തുന്നത്.

സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക, കാര്‍ഷിക കടം പൂര്‍ണമായി എഴുതിത്തള്ളുക, വിളകള്‍ക്കു താങ്ങുവില ഏര്‍പ്പെടുത്തുക, വനമേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയുടെ അവകാശം നല്‍കുക, അടിയന്തര വരള്‍ച്ചാ ദുരിതാശ്വാസം കര്‍ഷകര്‍ക്കു നല്‍കുക എന്നിവ ആവശ്യങ്ങളില്‍ ചിലതാണ്.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നു കഴിഞ്ഞ സമരവേളയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രേഖാമൂലം കിസാന്‍ സഭ നേതാക്കളെ അറിയിച്ചിരുന്നതാണ്. എന്നാല്‍, ഒരു വര്‍ഷമായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു രണ്ടാം ലോങ് മാര്‍ച്ച്. നാസിക്കില്‍നിന്ന് 9 ദിവസം കൊണ്ടു കാല്‍നടയായി 180 കിലോമീറ്റര്‍ അകലെ മുംബൈയില്‍ സമാപിക്കും. സ്വാതന്ത്ര്യ സമരസേനാനി ചന്ദ്രശേഖര്‍ ആസാദിന്റെ 88ാം ചരമദിനമാണ് അന്ന്.

Top