യെച്ചൂരിയുടേത് അടവ് നയമല്ല അവസരവാദ നയമെന്ന് കെകെ രാഗേഷ്

കൊച്ചി:സിപിഎം രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം കിട്ടിയതിനു പുറകെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും എംപിയുമായ കെകെ രാഗേഷ് രംഗത്ത് . കോണ്‍ഗ്രസ് ബന്ധ വിഷയത്തില്‍ യെച്ചൂരിയുടേത് അടവ് നയമല്ല അവസരവാദ നയമാണെന്ന് രാഗേഷ് തുറന്നടിച്ചു. ഹൈദരാബാദില്‍ നടക്കുന്ന സിപിഎം 22ാം പാര്‍ട്ടികോണ്‍ഗ്രസിലെ രട് രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ യെച്ചൂരിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഗേഷ് ഉയര്‍ത്തിയത്.

യെച്ചൂരിയുടെ നിരാശയില്‍ നിന്നാണ് ബദല്‍ നീക്കമെന്ന ആശയമുണ്ടായത്. കോണ്‍ഗ്രസിനായി പിന്‍വാതില്‍ തുറന്നിട്ടാണ് യെച്ചൂരിയുടെ പ്രവൃത്തി. കേന്ദ്ര കമ്മിറ്റിയില്‍ തീര്‍ക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസ് വരെ വലിച്ചിഴയ്‌ക്കേണ്ടിയിരുന്നില്ലെന്നും രാഗേഷ് ചൂണ്ടാക്കാട്ടി. കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ കേരളത്തിനുള്ള അംഗങ്ങളുടെ ചര്‍ച്ച പൂര്‍ത്തിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ രേഖ സംബന്ധിച്ച ഇതുവരെ 43 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന് പിന്നില്‍ അണി നിരന്നപ്പോള്‍ ബംഗാള്‍ ഘടകത്തില്‍ നിന്ന് സംസാരിച്ച പ്രതിനിധികളിലൊരാള്‍ കോണ്‍ഗ്രസ് ബന്ധത്തെ തള്ളി പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെ പിന്താങ്ങി. കേരളത്തില്‍ നിന്ന് സംസാരിച്ച പി. രാജീവും കെ.എന്‍. ബാലഗോപാലും കോണ്‍ഗ്രസ് ബന്ധത്തെ നിശിതമായി എതിര്‍ത്തിരുന്നു.

10 സംസ്ഥാന ഘടകങ്ങളില്‍ നിന്നുള്ളവര്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ധാരണയോ വേണ്ടെന്ന് ആഹ്വാനം ചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍, ആറ് സംസ്ഥാന ഘടകങ്ങളില്‍ നിന്ന് സംസാരിച്ചവര്‍ മാത്രമേ സീതാറാം യെച്ചൂരി പിന്തുണക്കുന്ന കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷ അഭിപ്രായത്തെ പിന്തുണച്ചുള്ളൂ.

ഇന്നലെ  ഉച്ചവരെ ചര്‍ച്ചയില്‍ സംസാരിച്ച 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ 10 പേരും പ്രകാശ് കാരാട്ടിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിനൊപ്പം നിന്നു. മൂന്നു പേര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള തന്റെ വ്യത്യസ്ത നിലപാടും ചര്‍ച്ച ചെയ്തുവെന്ന് യെച്ചൂരി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രകമ്മിറ്റി നിര്‍ദേശപ്രകാരം ബദല്‍ രേഖയും ചര്‍ച്ചയ്‌ക്കെടുക്കുയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യ ബാലറ്റിന് തടസ്സമില്ലെന്നും കരട് പ്രമേയത്തില്‍ ഭേദഗതിയും വോട്ടെടുപ്പും ആവശ്യപ്പെടാന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറി ഭേദഗതി ആവശ്യപ്പെടുന്നത് ഇതാദ്യമായല്ലെന്നും യെച്ചൂരി വ്യക്തമാക്കി. എല്ലാം ഉള്‍പ്പാര്‍ട്ടി ജനധിപത്യത്തിന്റെ ഭാഗമാണെന്നും, യെച്ചൂരി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ യെച്ചൂരിക്കൊപ്പം നിന്ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധിയാണ് കരട് വോട്ടിനിടണമെന്നും രഹസ്യ ബാലറ്റ് സംവിധാനം കൊണ്ടുവരണമെന്നും ആവശ്യപെട്ടത്.

Top