അഫ്‌സല്‍ ഗുരു: പാകിസ്ഥാനോടും തീവ്രവാദത്തെത്തോടും നീരസമുണ്ടായിരുന്ന വ്യക്തി, മനുഷ്യത്വവും ലാളിത്യവുമുള്ള മനുഷ്യന്‍; ഭരണകൂടം തൂക്കിലേറ്റിയ വ്യക്തിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായവുമായി കോബാദ് ഗാന്ധി

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് ശേഷം വിവിധ കോണുകളില്‍ നിന്നും അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ജയില്‍ വളപ്പിലാണ് സംസ്‌കരിച്ചതും. അത്രമേല്‍ ഭീകരനായാണ് അഫ്‌സല്‍ ഗുരുവനെ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ അഫ്സല്‍ ഗുരുവിന് പാകിസ്താനോടും ചാരസംഘടനയായ ഐഎസ്ഐയോടും കടുത്ത നീരസമാണ് ഉണ്ടായിരുന്നതെന്ന് കൊബാദ് ഗാന്ധി പറയുന്നു. അഫ്സല്‍ ഗുരുവിന്റെ അവസാന മൂന്ന് വര്‍ഷങ്ങളില്‍ തീഹാര്‍ ജയിലില്‍ അതേസമയം തടവിലുണ്ടായിരുന്ന സിപിഐ മാവോയിസ്റ്റ് നേതാവാണ് കൊബാദ് ഗാന്ധി. സുനേത്ര ചൗധരി എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് എഴുതിയ കത്തിലാണ് അഫ്സല്‍ ഗുരുവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങളും അവര്‍ തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും കൊബാദ് ഗാന്ധി പറയുന്നത്. ‘അഴികള്‍ക്ക് പിന്നില്‍: ഇന്ത്യയിലെ പ്രമുഖരുടെ ജയില്‍ കഥകള്‍’ എന്ന സുനേത്ര ചൗധരിയുടെ പുസ്തകത്തിലാണ് കത്ത് ഉള്‍പെടുത്തിയിരിക്കുന്നത്.

കൊബാദ് ഗാന്ധി 2016 സെപ്റ്റംബര്‍ 17ന് സുനേത്ര ചൗധരിക്കയച്ച കത്തിലെ പ്രസക്തഭാഗങ്ങള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീഹാര്‍ ജയിലില്‍ കയറിയപ്പോള്‍ തന്നെ അഫ്സല്‍ ഗുരുവിനെ കണ്ടതായി കത്തില്‍ പറയുന്നു. സെല്ലിന്റെ മുന്നില്‍ നിന്ന് വലിയ ചിരിയോടെ അഫ്സല്‍ ഗുരു സ്വാഗതം ചെയ്തു. ‘തീഹാര്‍ ജയിലിലേക്ക് സ്വാഗതം. ഞാന്‍ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു’ എന്ന് അഫ്സല്‍ ഗുരു പറഞ്ഞു. പിറ്റേ ദിവസം രാവിലെ അഫ്സല്‍ ഗുരുവിനൊപ്പമാണ് പ്രഭാതഭക്ഷണം കഴിച്ചത്. ഒപ്പമിരുന്നുള്ള ആഹാരം കഴിക്കലും നടത്തവും പിന്നീട് അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്ന 2013 ഫെബ്രുവരി 9-ാം തീയതി വരെ തുടര്‍ന്നു.

മനുഷ്യത്വവും ഊഷ്മളതയും ലാളിത്യവും നിറഞ്ഞ ഒരാളായാണ് കൊബാദ് ഗാന്ധി അഫ്സല്‍ ഗുരുവിനെ വിശേഷിപ്പിക്കുന്നത്. അമ്മയോടും സ്‌കൂള്‍ അധ്യാപികയായ ഭാര്യയോടും മകനോടും ആഴത്തിലുള്ള അടുപ്പം അയാള്‍ക്കുണ്ടായിരുന്നു. ഭാര്യയുടെ തുച്ഛവരുമാനത്തില്‍ നിന്ന് ലഭിക്കുന്ന ആയിരം രൂപ മതിയായിരുന്നു അയാളുടെ ചെലവുകള്‍ക്ക്.
മതമൗലികവാദിയായി ചിത്രീകരിക്കപ്പെട്ട അഫ്സലിന്റെ പ്രകൃതം അതിന് നേര്‍ വിപരീതമായിരുന്നു. അയാള്‍ കടുത്ത ഇസ്ലാം വിശ്വാസിയായിരുന്നു. ദിവസത്തില്‍ അഞ്ചു നേരവും നിസ്‌ക്കരിക്കുമായിരുന്നു. സഹജീവിസ്നേഹത്തിലും തുല്യതയിലും അധിഷ്ഠിതമായ സൂഫി മാര്‍ഗത്തോടായിരുന്നു അഫ്സല്‍ ഗുരുവിന് താല്‍പര്യം. റൂമിയുടെയും ഇക്ബാലിന്റെയും കടുത്ത ആരാധകനായിരുന്നു അദ്ദേഹം. റൂമിയുടെ ഉറുദുവിലുള്ള കവിതകളുടെ ആറ് വാള്യങ്ങളും അഫ്സല്‍ ഗുരുവിന്റെ കയ്യില്‍ ഉണ്ടായിരുന്നു. കവിതാ ശകലങ്ങള്‍ രാവിലെകളില്‍ അഫ്സല്‍ ചൊല്ലിത്തരാറുണ്ടായിരുന്നെന്ന് കൊബാദ് പറയുന്നു. താന്‍ ഇസ്ലാമിലുള്ള മാനവിക സത്ത മനസ്സിലാക്കിയെടുത്തത് അഫ്സലില്‍ നിന്നാണെന്നും കത്തില്‍ പറയുന്നു.

നിരപരാധികളായ മനുഷ്യരെ കൊല്ലുന്നതിനോട് കടുത്ത എതിര്‍പ്പാണ് അഫ്സല്‍ ഗുരുവിനുണ്ടായിരുന്നത്. പാകിസ്താനോടും ഐഎസ്ഐയോടും കടുത്ത നീരസവും അഫ്സലിനുണ്ടായിരുന്നു. ഇന്ത്യന്‍ ചാരസംഘടനയായ ആയ റോയെക്കാളും മോശമായിരുന്നു ഐഎസ്ഐയെന്നും ഇന്ത്യ കൊന്നൊടുക്കിയതിനേക്കാള്‍ കൂടുതല്‍ കശ്മീരികളെ പാകിസ്താന്‍ വധിച്ചെന്നും കശ്മീര്‍ പാകിസ്താനോട് ചേരാതെ സ്വതന്ത്രമായി നില്‍ക്കണമെന്ന് വാദിച്ച അനേകം പേരെ പാകിസ്താന്‍ കൊലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരികളുടെ അവസ്ഥയെ പലപ്പോഴും പലസ്തീനികളുടേയുമായിട്ടാണ് അഫ്സല്‍ താരതമ്യം ചെയ്തിരുന്നത്. സൈനിക നിയന്ത്രണത്തിലുള്ള കശ്മീരിയുടെ ജീവിതം തുറന്ന ജയിലിന്റെ അകം പോലെയാണെന്ന് അഫ്സലിന്റെ സംസാരത്തില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളതായി കൊബാദ് പറയുന്നു. പാതിസ്താന്‍ കശ്മീരിനെ വെച്ച് മുതലെടുക്കുകയാണ്. ഇന്ത്യ-പാക് പ്രശ്നത്തിലെ ബലിയാടാണ് കശ്മീരെന്നും അഫ്സല്‍ അഭിപ്രായപ്പെട്ടു.

കമ്മ്യൂണിസത്തോട് അങ്ങേയറ്റം ബഹുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. ദൈവവും കമ്മ്യൂണിസവും ചേര്‍ന്നതാണ് ഇസ്ലാം എന്ന ഇക്ബാലിന്റെ വാചകം അഫ്സല്‍ ഇടയ്ക്ക് പറയാറുണ്ടായിരുന്നു. അയാള്‍ നോം ചോംസ്‌കിയെയും പാശ്ചാത്യരിലെ പുരോഗമനവാദികളെയും വായിച്ചിരുന്നു. ഗസല്‍ ഇഷ്ടപ്പെട്ടു. തടവിലാക്കപ്പെട്ട ആദ്യസമയത്ത് അഫ്സല്‍ ഗുരുവിന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെങ്കിലും ജയില്‍ അധികൃതര്‍ക്ക് അഫ്സല്‍ ഗുരുവിനെക്കുറിച്ച് യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിന് രണ്ട് ദിവസം മുന്‍പ് കൊബാദിനെയും മറ്റുള്ളവരെയും മറ്റൊരു ബ്ലോക്കിലേക്ക് താമസം മാറ്റി. ആരോ സന്ദര്‍ശിക്കുന്നുണ്ടെന്നും ഖലിസ്താന്‍ വാദിയായ ഭുള്ളറെ തൂക്കിക്കൊല്ലാന്‍ പോകുകയാണെന്നും മറ്റും പ്രചരിക്കുന്നുണ്ടായിരുന്നു.

ആരെയെങ്കിലും തൂക്കിക്കൊല്ലാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് തന്നെയായിരിക്കുമെന്ന് അഫ്സല്‍ പറഞ്ഞു. അന്ന് വൈകിട്ട് എല്ലാവരും പേടിച്ചിരുന്നെങ്കിലും അഫ്സല്‍ സന്തോഷവാനായിരുന്നു. പിറ്റേന്ന് ജയില്‍ ജീവനക്കാര്‍ എത്തി അഫ്സലിനെ പുറത്തിറക്കി സെല്ലടച്ചു. അപ്പോള്‍ മാത്രമാണ് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അഫ്സലിനും മറ്റുള്ളവര്‍ക്കും മനസ്സിലായത്. എട്ട് മണിക്ക് തൂക്കിക്കൊല്ലുമെന്ന് അഫ്സലിനെ അറിയിച്ചു. വീട്ടുകാരോടും മകനോടും സംസാരിക്കണമെന്ന് അഫ്സല്‍ അപേക്ഷിച്ചെങ്കിലും നിഷേധിച്ചു. അയാള്‍ അവസാനമായി നിസ്‌കരിച്ചു. എട്ട് മണിയാകാന്‍ അഞ്ച് മിനിട്ട് മാത്രം ശേഷിക്കെ ഞങ്ങള്‍ എന്നും രാവിലെ നടന്ന വഴിയിലൂടെ അയാള്‍ കഴുമരത്തിലേക്ക് നടന്നു. നിറഞ്ഞ കണ്ണുകളോടെ യാത്രയാക്കിയ ജയില്‍ ജീവനക്കാരെ അഭിവാദ്യം ചെയ്തുകൊണ്ട്.

അഫ്സലിന് സ്വന്തമായിരുന്ന ഡയറിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ എന്തിന് അഫ്സലിന്റെ ഡയറിപോലും കുടുംബാംഗങ്ങള്‍ക്ക് നല്‍കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ല. ഗവണ്‍മെന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു അത്. കശ്മീരി നേതാവായ മഖ്ബൂല്‍ ഭട്ടിന്റെ കുഴിമാടത്തിന് രണ്ട് അടി മാത്രം അകലെയായാണ് അഫ്സല്‍ ഗുരുവിനെ അടക്കം ചെയ്തത്. മഖ്ബൂല്‍ ഭട്ടും പാക് വിരോധിയായിരുന്നു എന്ന കാര്യം ഒരു വിരോധാഭാസമാണെന്ന് കൊബാദ് ഗാന്ധി പറയുന്നു. തീഹാറിലെ ഏഴു വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ കണ്ട ഏറ്റവും സത്യസന്ധനും ലാളിത്യവും മനുഷ്യത്വവുമുള്ള മനുഷ്യനായിരുന്നു അഫ്സല്‍ ഗുരു. യുക്തിസഹമായ ശബ്ദങ്ങളെ ഇല്ലാതാക്കി കശ്മീര്‍ പ്രശ്നം മൗലികവാദികളുടെയും പാക് അനുകൂലികളുടെയും കയ്യിലേക്ക് കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഇട്ടു കൊടുത്തത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പറഞ്ഞാണ് കൊബാദ് ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്.

കൊബാദ് ഗാന്ധിയെക്കുറിച്ച്

അതീവ നിശ്ചയദാര്‍ഢ്യവും ശരിയായ ശിക്ഷണവുമുള്ള ഒരു സാധാരണക്കാരനാണ് കൊബാദ് എന്ന് ഭാര്യാസഹോദരനും പ്രശസ്ത തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് സുനില്‍ ഷാന്‍ബാഗ് പറയുന്നത്.

നിരോധിത സംഘടനയായ സിപിഎം (മാവോയിസ്റ്റ്) പോളിറ്റ്ബ്യുറോ അംഗമായ കൊബാദ് ഗണ്‍ഡി 2009 സെപ്റ്റംബര്‍ 21ന് ന്യൂഡല്‍ഹിയിലാണ് അറസ്റ്റിലാകുന്നത്. മുംബൈയിലെ ധനാഢ്യമായ ഒരു പാര്‍സി കുടുംബാംഗമായ ഗണ്‍ഡി, കോണ്‍ഗ്രസ് നേതാവായ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയാണ്.

കൊബാദിന്റെ പിതാവ് ഗ്ലാക്‌സോ കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായിരുന്നു. മുംബൈയിലെ വര്‍ളിയിലെ ആഡംബര അപാര്‍ട്‌മെന്റിലായിരുന്നു ജീവിതം. മഹാരാഷ്ട്രയിലെ ഹില്‍ സ്റ്റേഷനുകളായ മഹാബലേശ്വറിലും പഞ്ചഗനിയിലും നക്ഷത്ര ഹോട്ടലുകള്‍ ഉള്ള ഈ കുടുംബത്തിലെ വിദ്യാസമ്പന്നനായ ഒരു യുവാവ് മാവോയിസത്തിലേയ്ക്കു തിരിയുന്നത് അപ്രതീക്ഷിതമായിരുന്നു. നീതിക്ക് വേണ്ടി പോരാടുന്ന ഒരു ജനതയെ ലണ്ടനില്‍ അക്കാലത്ത് പരിചയപ്പെടാന്‍ കഴിഞ്ഞതാകാം തന്റെ രാജ്യത്തെ നീതി ലഭിക്കാത്തവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം കൊബാദിന് ഉണ്ടാക്കിയത്. ലണ്ടനില്‍ നിന്നു ചാറ്റര്‍ഡ് അക്കൌണ്ടന്‍സി യോഗ്യത ഗണ്‍ഡി ഇന്ത്യയില്‍ എത്തിയപ്പോള്‍ വിപ്ലവപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. മാവോയിസ്റ്റ് ചിന്തകളെ പിന്‍തുണയ്ക്കുന്ന ബുദ്ധിജീവി എന്നാണ് കൊബാദ് ഗാന്ധി അറിയപ്പെടുന്നത്.

വിപ്ലവപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഇദ്ദേഹം മുംബൈയുടെ കോളനികളില്‍ സന്ദര്‍ശിച്ചു അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇതേ വിപ്ലവമനോഭാവമുള്ള അനുരാധ ഷാന്‍ബാഗിനെ കണ്ടുമുട്ടുന്നതും അവരെ ജീവിതപങ്കാളിയാക്കിയതും ഈ സമയത്താണ്. 1970കളില്‍ ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യം മുഴക്കി ഗണ്‍ഡി-അനുരാധ ദമ്പതികള്‍ നടത്തിയ നീക്കം ഇവരെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാക്കിയിരുന്നു. CPDR ന്റെ പ്രവര്‍ത്തനങ്ങള്‍ മുംബൈയില്‍ ഉറപ്പിച്ചതിന് ശേഷം 1980കളില്‍ ഇരുവരും നാഗ്പൂരിലേക്ക് മാറി, ഇവിടെ വച്ചു അവര്‍ ഒളിവില്‍ പോയിരുന്നു.

വിപ്ലവപോരാട്ടത്തിനു തടസ്സമാകാതിരിക്കാന്‍ തങ്ങള്‍ക്കു കുട്ടികള്‍ വേണ്ടെന്നും ഇവര്‍ നിശ്ചയിച്ചിരുന്നു. നഗരത്തിലായാലും വനത്തിലായാലും തന്റെ വായനാ ശീലത്തിന് കൊബാദ് മുടക്കം വരുത്തിയിരുന്നില്ല. ഇടയ്ക്ക് കുറച്ചുകാലം അസുഖബാധിതനായിരുന്നപ്പോഴും വായിക്കുകയും എഴുതുകയും ചെയ്യാന്‍ കൊബാദ് ഉത്സാഹം കാണിച്ചു. ആരോഗ്യക്കാര്യങ്ങളില്‍ അതീവശ്രദ്ധാലുവാണ് ഇദ്ദേഹം. അഫ്‌സല്‍ ഗുരു അനുകൂലിക്കുന്നവര്‍ ദേശദ്രോഹികളായി മുദ്ര ചാര്‍ത്തപ്പെടുന്ന കാലത്തില്‍, തന്റെ അനുഭവങ്ങള്‍ വിലപ്പെട്ടതാണ് എന്ന് കൊബാദ് കരുതുന്നു.

Top