കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി: അഞ്ച് മരണം അപകടം വെൽഡിങ്ങിനിടെയെന്നു സൂചന

കൊച്ചി :കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര് കൊല്ലപ്പെട്ടു.. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ചാണ് അഞ്ച് പേര്‍ മരിച്ചത് . മരിച്ചവരെല്ലാം മലയാളികളാണ്. കൊച്ചി കപ്പല്‍ ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍, കപ്പല്‍ശാലയിലെ ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ചത് 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന മറ്റ് 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അഭിലാഷ്, സച്ചു, ജയ്സൺ, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കു പരുക്കേറ്റു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള ഇവരിൽ ശ്രീരൂപിന്റെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിലാണ്. അതേസമയം കപ്പലിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് അറിയിച്ചു.

തൊഴിലാളികളുടെ മരണത്തിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. കപ്പൽശാല സിഎംഡിയുമായി ഗഡ്കരി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഊർജിത രക്ഷാപ്രവർത്തനത്തിനും പരുക്കേറ്റവർക്ക് അടിയന്തര ചികിത്സയ്ക്കും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കൊല്ലപ്പെട്ടവരിർ ഒരാൾ മാനേജ്മെന്റ് നേരിട്ട് രണ്ടു വർഷത്തേക്കെടുക്കുന്ന ഓൺ കോൺട്രാക്ട് തൊഴിലാളിയാണ്. മറ്റൊരാൾ കരാർ തൊഴിലാളിയും. കൊച്ചി കപ്പല്‍ശാലയിൽ പൊട്ടിത്തെറിയുണ്ടായ സാഗർ ഭൂഷൺ കപ്പൽ. ചിത്രം: മനോരമഎണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന സാഗർ ഭൂഷൺ എന്ന ഒഎൻജിസി കപ്പലിൽ ഇന്നു രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ പത്തിനു ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് തൊഴിലാളികൾ പോകുന്നതിനു തൊട്ടുമുൻപായിരുന്നു അപകടം. കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. ഇവിടെയെത്തിച്ച കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

കപ്പലിന്റെ ‘സ്ഥിരത’ നിലനിർത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളിൽ വെള്ളം നിറയ്ക്കാറുണ്ട്. അതിൽ മുന്നിലെ ടാങ്കിൽ വെൽഡിങ്ങിനിടെയായിരുന്നു അപകടമെന്നാണു സൂചന. വെൽഡിങ്ങിനുള്ള അസറ്റലൈൻ വാതകം പൊട്ടിത്തെറിച്ചതാണെന്നും അറിയുന്നു. ടാങ്കിൽ തീപിടിക്കാൻ സഹായിക്കുന്ന വാതകം രൂപപ്പെട്ടാണോ പൊട്ടിത്തെറി എന്നതുൾപ്പെടെ സുരക്ഷാഉദ്യോഗസ്ഥർ  പരിശോധിക്കുന്നുണ്ട്.പൊട്ടിത്തെറിയെത്തുടർന്നുണ്ടായ പുക കാരണമാണു മരണസംഖ്യ കൂടിയതെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു. ഇവരിൽ ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരാണു മരിച്ചത്. രണ്ടു പേർ കപ്പലിൽ കുടുങ്ങിയതായി പ്രാഥമിക വിവരമുണ്ടായിരുന്നു. ഇവരെ രക്ഷിച്ചതായും കമ്മിഷണർ അറിയിച്ചു. തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കമ്മിഷണർ വ്യക്തമാക്കി. അപകടം സംബന്ധിച്ച് കപ്പൽശാലയിൽ നിന്നുള്ള ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

രാവിലെ 10.30ഓടെ സംഭവിച്ച അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 11 മണിക്ക് ശേഷമാണ് പുറത്തുവന്നത്. അവധി ദിവസമായതിനാല്‍ ജീവനക്കാര്‍ കുറവായിരുന്നു. പുറത്ത് നിന്ന് കൂടുതല്‍ ആംബുലന്‍സുകളും അഗ്നിശമനാ വാഹനങ്ങളും കപ്പല്‍ ശാലയിലേക്ക് എത്തിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് രണ്ട് മണിക്കൂറിന് ശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പുക പടര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും കമ്മീഷണര്‍ അറിയിച്ചു. കപ്പല്‍ ശാലയിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നില്ല.46 വര്‍ഷം പഴക്കമുള്ള സാഗര്‍ ഭൂഷണ്‍ എന്ന കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ എത്തിച്ചത്.  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒ.എന്‍.ജി.സി) ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. 15ഓളം ജീവനക്കാര്‍ അപകടസമയത്ത്  ഉള്ളിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കപ്പല്‍ ശാലയ്ക്ക് ഇന്ന് അവധിയായിരുന്നെങ്കിലും ജോലികള്‍ വേഗത്തില്‍ തീര്‍ക്കേണ്ടിയിരുന്നതിനാല്‍ ഓവര്‍ ടൈം ഡ്യൂട്ടിക്കായി എത്തിയതായിരുന്നു ജീവനക്കാര്‍. അവധി ദിവസത്തില്‍ ആരൊക്കെ ജോലിക്കെത്തിയെന്നത് സംബന്ധിച്ച് ആദ്യ ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.

Latest
Widgets Magazine