ശകുന്തളയുടെ അസ്ഥികൂടം വീപ്പക്കുള്ളില്‍ കണ്ടെത്തിയതിന് പിറ്റേന്ന് മകളുടെ സുഹൃത്തും മരിച്ചതിലും ദുരൂഹത

കൊച്ചി: കുമ്പളത്ത് വീപ്പക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂര്‍ സ്വദേശിനി കെ.എസ്.ശകുന്തളയുടേതാണെന്ന് പൊലീസ് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കാം ഇവരുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന വിലയിരുത്തലിലാണ് പൊലീസ്. മകളോട് പിണങ്ങി ഒറ്റയ്ക്കായിരുന്നു ശകുന്തള താമസിച്ചിരുന്നത്. ഇവരുടെ കയ്യില്‍ ലക്ഷക്കണക്കിന് രൂപ സമ്പാദ്യം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാകാം മരണത്തില്‍ എത്തിച്ചതെന്നും സൂചനയുണ്ട്. അതേസമയം ശകുന്തളയുടെ മകളുടെ സുഹൃത്തായിരുന്ന ഏരൂര്‍ സ്വദേശിയുടെ മരണവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ശകുന്തളയുടെ അസ്ഥികൂടം വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയതിനു പിറ്റേദിവസം ഇയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. 2016 സെപ്റ്റംബറിലാണ് ശകുന്തളയെ കാണാതായത്. കഴിഞ്ഞ ജനുവരി ഏഴിനാണു കുമ്പളത്തിനടുത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. കാലുകള്‍ കൂട്ടിക്കെട്ടി തലകീഴായി ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന് വ്യക്തമായിരുന്നില്ല. അസ്ഥികൂടത്തിന്റെ കാലില്‍നിന്ന് കിട്ടിയ പിരിയാണിയെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണു ശകുന്തളയിലെത്തിയത്. ഓപ്പറേഷനിലൂടെ ഘടിപ്പിച്ച പിരിയാണി വിതരണം ചെയ്യുന്ന കമ്പനികളിലൂടെയും ഇവര്‍ ഇതു വിതരണംചെയ്ത ആശുപത്രികളും സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ശകുന്തളയിലെത്തുകയായിരുന്നു. തുടര്‍ന്ന് ശകുന്തളയുടെ മകളുടെ ഡിഎന്‍എ എടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇത് ഒത്തു ചേരുന്നതായി കണ്ടെത്തി. വീപ്പയ്ക്കുള്ളില്‍നിന്ന് 500 രൂപ നോട്ടുകളും കണ്ടെത്തിയിരുന്നു.

Top