കൊ​ടി സു​നി​യും പി.കെ. ര​ജീ​ഷുമ​ട​ക്കം 19 പേർക്ക് ഒ​ന്നി​ച്ചു പ​രോ​ൾ

തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കു പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കേ, ജയിലിലായിരുന്ന 19 കൊടുംക്രിമിനലുകൾക്ക് ഒന്നിച്ച് പരോൾ അനുവദിച്ച വിവരം പുറത്തുവന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി എന്നു വിളിക്കുന്ന സുനിൽകുമാർ, പി.കെ. രജീഷ്, അനൂപ് എന്നിവരടക്കം 19 പേർക്കാണ് 15 ദിവസത്തെ അവധി അനുവദിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനികളാണു പരോളിൽ പുറത്തിറങ്ങിയത്. മുതിർന്ന സിപിഎം നേതാക്കളുടെ ഒത്താശയോടെയായിരുന്നു ഇവർ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ 37 വെട്ടു വെട്ടി ക്രൂരമായാണു കൊലപ്പെടുത്തിയത്. ടി.പിയെ കൊലപ്പെടുത്തിയ മാതൃകയിൽ വാഹനത്തിൽ പിന്തുടർന്നു ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരോളിലിറങ്ങിയ സിപിഎം കൊലപാതകസംഘത്തിന്‍റെ പങ്ക് ഈ കേസിൽ അന്വേഷിക്കണമെന്നാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസം 25നാണ് ഇവർക്ക് പരോൾ അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് കൊടി സുനി അടക്കമുള്ള മൂന്നുപേർക്കും അവധി അനുവദിച്ചത്. ഇവർ പരോളിൽ പുറത്തുള്ള സമയത്താണു കൊലപാതകം നടന്നതെന്നാണു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.kodi1

അട്ടക്കുളങ്ങര സബ് ജയിലിലിനു മുന്നിൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കരാട്ടെ ഫറൂക്ക് അടക്കമുള്ളവർക്കും പരോൾ അനുവദിച്ചിട്ടുണ്ട്. മോഹനൻ, ജലീൽ, രാജൻ, ജംഷീർ, അബു എന്നു വിളിക്കുന്ന അബൂബക്കർ, ശശി എന്നു വിളിക്കുന്ന ശശിധരൻ, അബ്ദുൾ ഖാദർ, ശ്രീജു എന്ന അനിൽകുമാർ, കുഞ്ഞൻ എന്ന രാകേഷ്, പ്രേം ഷിനോജ്, പ്രവീണ്‍, സുരേഷ്, പ്രജിത്ത്, അലി എന്നിവർക്കും പരോൾ അനുവദിച്ചിരുന്നു. സെൻട്രൽ ജയിൽ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണു പരോൾ അനുവദിച്ചത്.

അതേസമയം സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിലെ ജയിലുകൾ സിപിഎം കൊലയാളി സംഘത്തിന്‍റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളിൽ ആസുത്രണം ചെയ്ത ശേഷമാണ് കൊലയാളി സംഘങ്ങൾ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്. മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ശുഹൈബിനെ സിപിഎം നേരത്തെ നോട്ടമിട്ടിരുന്നതാണ്. കൊല നടന്ന ദിവസത്തിന് തൊട്ടുമുൻപ് സിപിഎം പ്രവർത്തകർ ശുഹൈബിനെതിരേ പരസ്യമായി കൊലവിളി നടത്തിയിരുന്നു. പോലീസ് വിഷയത്തിൽ അന്നേ ഇടപെട്ടിരുന്നെങ്കിൽ ആ ചെറുപ്പക്കാരന്‍റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശുഹൈബിനെ വധിച്ചത് വ്യക്തമായ ഗുഡാലോചനകൾക്ക് ശേഷമാണ്. സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്‍റെ പങ്ക് കേസിൽ അന്വേഷിക്കണം. സിപിഎം ഭീകര പാർട്ടിയായി മാറിയിരിക്കുകയാണെന്നും കണ്ണൂരിൽ സമാധാനം പുലരരുതെന്ന് അവർക്ക് നിർബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാൻ ബാധ്യതയുണ്ടെന്നും ചെന്നിത്തല ഓർമിപ്പിച്ചു.

Latest
Widgets Magazine