യെച്ചുരി ഒപ്പം , കോടിയേരിക്കു രണ്ടാമൂഴം…കോടിയേരിയേക്കാള്‍ സീനിയറും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജന് ഇത്തവണയും അവസരം ലഭിക്കില്ല ,എ.എന്‍. ഷംസീര്‍ സംസ്‌ഥാന കമ്മിറ്റിയിലെത്തും

തൃശൂര്‍: മക്കൾ വിവാദം ഉയർന്നാലും ഇത്തവണയും കോടിയേരി ബാലകൃഷ്ണൻ തന്നെ രണ്ടാമൂഴവും സി.പി.എം സെക്രട്ടറിയാകും .കേന്ദ്രത്തിന്റെ ശക്തമായ പിന്തുണ ലഭിച്ചതിനാൽ ആണ് കോടിയേരി ബാലകൃഷ്‌ണനു രണ്ടാമൂഴത്തിനു വഴിതെളിഞ്ഞത് . കേന്ദ്രനേതൃത്വം അനുകൂല സൂചന നല്‍കിയതോടെയാണു പകരക്കാരനെ സംബന്ധിച്ച ചര്‍ച്ചകള്‍ അപ്രസക്‌തമായത്‌. പാര്‍ട്ടിയില്‍ കോടിയേരിയേക്കാള്‍ സീനിയറും കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജന്റെ പേരാണ്‌ ഏറ്റവുമധികം പറഞ്ഞു കേട്ടത്‌. മന്ത്രിമാരായ തോമസ്‌ ഐസക്‌, എ.കെ. ബാലന്‍ എന്നിവരുടെ പേരുകളും സജീവമായി.
മക്കള്‍ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ കോടിയേരി പദവി ഒഴിയേണ്ടി വരുമെന്ന വാദം മുറുകുമ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, വ്യക്‌തിപൂജാ വിവാദവും അക്രമരാഷ്‌ട്രീയവും ജയരാജന്റെ സാധ്യതകള്‍ തുടക്കത്തിലേ ഇല്ലാതാക്കി. പി.ബി. അംഗങ്ങളായ എസ്‌.രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. തൃശൂര്‍ സമ്മേളനത്തിന്റെ ഒരുക്കള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ സെക്രട്ടറിയെത്തുമോയെന്ന ചോദ്യവും സജീവമായിരുന്നു.

മുഖ്യമന്ത്രിപദത്തിനൊപ്പം പാര്‍ട്ടിയിലും പിണറായി വിജയന്‌ എതിരാളികളില്ല. മുന്‍ സമ്മേളനങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി വിഭാഗീയതയും പാര്‍ട്ടിയെ അലട്ടുന്നില്ല. വി.എസിനും പഴയ പ്രതാപമില്ല. അതേസമയം, ദേശീയതലത്തിലെ കോണ്‍ഗ്രസ്‌ ബന്ധവും സംസ്‌ഥാനത്തെ സി.പി.ഐ. ബന്ധവും സമ്മേളനത്തില്‍ ചര്‍ച്ചയാകും. കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗവുമായുള്ള സഹകരണത്തെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങളുയരും. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പുനഃസംഘടനയിലൂടെ മന്ത്രിസഭയുടെ മുഖം മിനുക്കണമെന്ന ആവശ്യവും ഉയരാം.

വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ക്ക്‌ രൂപംനല്‍കും. വി.എസിനെ പ്രത്യേക ക്ഷണിതാവായി സംസ്‌ഥാന സമിതിയില്‍ നിലനിര്‍ത്തുമെങ്കിലും പി.കെ. ഗുരുദാസനും ടി.കെ. ഹംസയുമടക്കം ചിലര്‍ ഒഴിവാകുമെന്നാണു സൂചന. സമാപന ദിനമായ 25 നാണു പുതിയ സംസ്‌ഥാന സെക്രട്ടറിയേയും സംസ്‌ഥാന കമ്മിറ്റിയേയും തെരഞ്ഞെടുക്കുന്നത്‌.കെ.പി. സഹദേവന്‍, കെ. കുഞ്ഞിരാമന്‍, പി.എ. മുഹമ്മദ്‌, കെ.എം. സുധാകരന്‍ തുടങ്ങിയവരാണ്‌ ഒഴിവാക്കപ്പെടാനിടയുള്ള മറ്റു സംസ്‌ഥാന സമിതി അംഗങ്ങള്‍. വി.വി. ദക്ഷിണാമൂര്‍ത്തിയുടെ മരണം മൂലമുണ്ടായ ഒഴിവ്‌ നികത്തിയിട്ടില്ല.ആനത്തലവട്ടം ആനന്ദന്‍, കോലിയക്കോട്‌ കൃഷ്‌ണന്‍നായര്‍ തുടങ്ങിയവരുടെ കാര്യത്തിലും തീരുമാനമുണ്ടാകണം. സി. ജയന്‍ബാബു, വി.കെ. മധു (തിരുവനന്തപുരം), ഇ.എന്‍. മോഹന്‍ദാസ്‌ (മലപ്പുറം), പി. ഗഗാറിന്‍ (വയനാട്‌) എന്നിവരുടെ സംസ്‌ഥാന കമ്മിറ്റി പ്രവേശനം ഉറപ്പായിട്ടുണ്ട്‌. പി.എ. മുഹമ്മദ്‌ റിയാസ്‌, എ.എന്‍. ഷംസീര്‍ എന്നിവരിലൊരാളും എത്തിയേക്കും. വനിതാ പ്രാതിനിധ്യമായി കെ.എസ്‌. സലീഖ (പാലക്കാട്‌), ആര്‍. ബിന്ദു (തൃശൂര്‍) എന്നിവര്‍ക്കും സാധ്യതയുണ്ട്‌.

Latest
Widgets Magazine