കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നം ചാനലുകള്‍ വഷളാക്കി; കുടുംബം തകര്‍ക്കുന്ന ചാനല്‍ പരിപാടിക്കെതിരെ പരാതിയുമായി ഗൃഹനാഥന്‍ രംഗത്ത്

തിരുവനന്തപുരം: കുടംബ പ്രശനങ്ങളില്‍ തലയിട്ട് ദമ്പതികളുടെ സ്വകാര്യത പരസ്യമാക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ ജനരോഷം ശക്തമാകുന്നതിനിടയില്‍ ഈ പരിപാടികള്‍ക്കെതിരെ പരാതിയുമായി ഗൃഥനാഥന്‍ രംഗത്ത് .കുടുംബ പ്രശ്നം സംസാരിച്ച് തീര്‍ക്കാമെന്ന് വ്യക്തമാക്കി ഡിവോഴ്സ് കേസ് നല്‍കിയ ദമ്പതിമാരെ വിളിച്ചിരുത്തി വിചാരണ ചെയ്യുന്ന ചാനല്‍ ഷോയിലുണ്ടായ ദുരനുഭവങ്ങളും ഷോയിലെ ആങ്കറായ പ്രശസ്ത നടി തന്നെ തന്നെ അപമാനിച്ചതെങ്ങനെയെന്നും ‘വനിത’യിലൂടെ ഒരു കുടുംബസ്ഥന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കോട്ടയം സ്വദേശിയായ ഗൃഹനാഥനാണ് ചാനല്‍ അവതാരക തന്നെ ചാനല്‍ഷോയില്‍ അപമാനിച്ചതായി വ്യക്തമാക്കി വനിത ഓണ്‍ലൈനിനെ സമീപിച്ചത്. പേരു പ്രസിദ്ധീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു വിവരങ്ങള്‍ നല്‍കിയത്. ഷോയിലെ അവതാരകയുടെ ഭീഷണിക്ക് വഴങ്ങാതായതോടെ അവര്‍ തന്നെ അപമാനിക്കും വിധം തികച്ചും ഏകപക്ഷീയമായി എഡിറ്റുചെയ്ത് എപ്പിസോഡ് സംപ്രേഷണം ചെയ്തുവെന്നും ഇത്തരത്തില്‍ ചാനലുകളുടെ മധ്യസ്ഥത കെണിയില്‍ വീഴരുതെന്നും അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ:
പാലായ്ക്ക് സമീപമാണ് ഞാന്‍ കുടുംബവുമൊത്ത് താമസിച്ചിരുന്നത്. രണ്ടു മക്കളാണ് ഞങ്ങള്‍ക്ക്. എട്ടു വര്‍ഷമായി എന്നും പ്രശ്നങ്ങളാണ്. നാട്ടുകാരെ അറിയുന്നത് നാണക്കേടാണല്ലോ എന്നു കരുതി കുറേ നാള്‍ പ്രശ്നങ്ങള്‍ വീടില്‍ ഒതുക്കി. അധികം നാള്‍ അതു നീണ്ടില്ല. പിന്നെ കേസിന്റെയും പൊലീസ് സ്റ്റേഷന്റെയും കാലമായിരുന്നു. ഭാര്യ എനിക്കെതിരേ നിരവധി പരാതികള്‍ നല്‍കി. പലവട്ടം പൊലീസ് എന്നെ ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ വിളിപ്പിച്ചു. നാട്ടുകാര്‍ എനിക്ക് അനുകൂലമായി നിന്ന് സത്യം പറഞ്ഞതുകൊണ്ടാണ് പലപ്പോഴും ജയിലില്‍ കിടക്കാതെ രക്ഷപ്പെട്ടത്.

ഒടുവില്‍ ഡിവോഴ്സ് ആണ് നല്ലതെന്ന് എനിക്കു തോന്നി. അങ്ങനെയാണ് 2012ല്‍ കോടതിയെ സമീപിച്ചത്. കേസ് പുരോഗമിക്കുന്നതിനിടെയാണ് ഒരു ചാനലിന്റെ ആളുകള്‍ കോടതിയില്‍ എത്തിയത്. കേസ് അവധിക്കു വച്ചതറിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ചാനലിന്റെ പേര് പറഞ്ഞ് ഒരാള്‍ സമീപിക്കുകയായിരുന്നു.

ചാനലില്‍ എത്തി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും നിങ്ങളും അതിനു തയാറാകണം എന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. ഞാന്‍ ചെന്നില്ലെങ്കില്‍ ഭാര്യയുടെ വാദങ്ങള്‍ അംഗീകരിക്കുന്നതായി കരുതി പരിപാടി സംപ്രേഷണം ചെയ്യുമെന്നും അറിയിച്ചു. തുടര്‍ന്ന് അഭിഭാഷകനുമായും സുഹൃത്തുക്കളുമായും ആലോചിച്ച് ഞാന്‍ സമ്മതം മൂളി. പ്രശ്നം പരിഹരിക്കപ്പെടുമെങ്കില്‍ അതു നല്ലതല്ലേ എന്നാണ് എല്ലാവരും ചോദിച്ചത്.

ചാനലില്‍ എത്തിയതോടെ ഇവരുടെ ഭാവം മാറി. ക്രിമിനല്‍ കുറ്റം ചെയ്ത ആളോടെന്ന പോലെയായിരുന്നു എന്നോടുള്ള പെരുമാറ്റം. ചോദ്യം ചെയ്യല്‍ പൊലീസുകാരുടെ ശൈലിയിലും. ഭാര്യ പറഞ്ഞ കഥകള്‍ അതേപടി ഏറ്റുപിടിക്കുകയാണ് അവര്‍ ചെയ്തത്. എന്റെ ഭാഗം കേള്‍ക്കാന്‍ പോലും തയാറായില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു മോഡറേറ്റര്‍.
പ്രായത്തിനു ചേരാത്ത മേക്കപ്പിട്ട് ഇരുന്നിരുന്ന ഇവര്‍ എന്നോടു വളരെ പരുഷമായാണ് പെരുമാറിയത്. കാര്യങ്ങള്‍ മനസിലാക്കി സംസാരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ വാദങ്ങള്‍ ഞാന്‍ സമ്മതിക്കുന്നില്ല എന്നു മനസിലാക്കിയതോടെ സ്വരം ഭീഷണിയുടേതായി. എന്റെ പേരിലുള്ള വീടും സ്ഥലവും ഭാര്യയുടെ പേരില്‍ എഴുതി വയ്ക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം.

ഇതിനായി അവര്‍ ഡോക്യുമെന്റുകളും തയാറാക്കി. എന്നാല്‍ അതില്‍ ഒപ്പുവയ്ക്കാന്‍ ഞാന്‍ തയാറായില്ല. ഇതോടെ ഭീഷണിയായി. ഇതു കോടതിയാണെന്നും തങ്ങളുടെ തീരുമാനം നടപ്പാക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. എങ്കില്‍ എനിക്ക് ഈ കോടതിയില്‍ വിശ്വാസമില്ലെന്നും കുടുംബകോടതിയിലും എന്റെ അഭിഭാഷകനിലുമാണ് വിശ്വാസം എന്നും ഞാന്‍ പറഞ്ഞു ഷോയില്‍ നിന്ന് ഇറങ്ങിപ്പോന്നു. ഇതിന്റെ പ്രതികാരം എന്നവണ്ണം അവര്‍ ഷോ സംപ്രേഷണം ചെയ്തപ്പോള്‍ എനിക്കെതിരേയുള്ള കാര്യങ്ങള്‍ തികച്ചും ഏകപക്ഷീയമായി എഡിറ്റ് ചെയ്തു കാട്ടി. എന്റെ വാദങ്ങളൊന്നും കാട്ടിയതുമില്ല. അങ്ങനെ നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍ ഞാന്‍ അപമാനിതനായി. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ.

ഇത്തരം ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കരുതിയാണ് ഞാന്‍ ഇതു പുറത്തു പറയുന്നത്. എന്റെ കേസ് ഇപ്പോഴും കുടുംബ കോടതിയില്‍ നടക്കുകയാണ്. ഉടന്‍ വിധിയുണ്ടാകുമെന്ന് കരുതുന്നു. ജീവിതത്തില്‍ ഇതിനോടകം ഒരുപാട് വേദനകള്‍ അനുഭവിച്ചു. അതില്‍ ഏറ്റുവും മനസിനെ അലട്ടുന്നത് ഈ സംഭവമാണ്. ഒരുപക്ഷേ കൗണ്‍സിലിങിലൂടെയും മറ്റും തീരാവുന്ന ഞാനും എന്റെ ഭാര്യയുമായുള്ള പ്രശ്നം ഇത്രയും വഷളാക്കിയതും ഇനി ഒരു കൂടിച്ചേരലിനു സാധ്യത ഇല്ലാതാക്കിയതും ഈ ചാനലുകളായിരിക്കും. അതുകൊണ്ട്, എല്ലാവരോടും പറയുകയാണ്… ചാനലുകളിലെ മധ്യസ്ഥത നിങ്ങളെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും. അതിന് ഞാന്‍ സാക്ഷി, എന്റെ ജീവിതം സാക്ഷി…

ഇത്തരത്തില്‍ കുടുംബത്തിന്റെ മധ്യസ്ഥതയെന്ന പേരില്‍ നടക്കുന്ന ആഭാസങ്ങള്‍ക്ക് ഒരിക്കലും തലവച്ചുകൊടുക്കരുതെന്ന ഉപദേശവുമായി കോട്ടയം സ്വദേശിയായ ഗൃഹനാഥന്റെ അനുഭവക്കുറിപ്പ് അവസാനിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുകയാണ് ഇത്തരം പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്ന ചാനലുകള്‍. മലയാളത്തില്‍ പ്രശസ്ത നടി ഉര്‍വശി അവതാരകയായി എത്തുന്ന കൈരളിയിലെ ജീവിതം സാക്ഷി എന്ന വിചാരണയ്ക്കിടെ അടുത്തിടെ ഇത്തരത്തില്‍ പരാതി ഉയര്‍ന്നിരുന്നു. അവതാരക മാത്രമായ ഉര്‍വശി ദാമ്പത്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ സംസ്‌കാര രഹിതമായി പെരുമാറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റിയില്‍ നിന്നും കൈരളി ചാനല്‍ മേധാവിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു.

Top