കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.ആര്‍.എസ്.പി (ലെനിനിസ്റ്റ്)

കൊല്ലം: എംഎല്‍എ സ്ഥാനം രാജവെച്ച് ആര്‍.എസ്.പി വിട്ട കോവൂര്‍ കുഞ്ഞുമോന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള പ്രത്യയശാസ്ത്ര വൈജാത്യംമൂലം പിളര്‍ന്നുപോന്ന കെഎസ്പി വീണ്ടും പിളര്‍ന്നുണ്ടായതാണ് റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി. ‘ചവറ മുതല്‍ ചവറ വരെ നീണ്ടുകിടക്കുന്ന’ ഭൂവിസ്തൃതിയിലാണ് പാര്‍ട്ടിയുടെ അടിത്തറയും ജനപിന്തുണയുമെന്ന് ആളുകള്‍ ആര്‍എസ്പിയെപ്പറ്റി കളിയായി പറയാറുമുണ്ട്. ഏതായാലും കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം ഇടതു-വലതു മുന്നണികളില്‍ മാറിമാറി നിലയുറപ്പിച്ച ഈ പാര്‍ട്ടി നിരവധി പിളര്‍പ്പുകളിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും ദേശീയതലത്തില്‍ ഇടതുമുന്നണിയിലും സംസ്ഥാനത്ത് യുഡിഎഫിലുമാണ് ആര്‍എസ്പി.

 

യഥാര്‍ഥ ആര്‍ എസ് പി തന്റേതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അടുത്തമാസം 27, 28 തീയതികളില്‍ പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആര്‍എസ്പി നേതൃത്വവുമായുള്ള കലഹത്തെ തുടര്‍ന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടി വിട്ടത്. എല്‍ഡിഎഫില്‍ നിന്നും പാര്‍ട്ടി യുഡിഎഫില്‍ ചേര്‍ന്നപ്പോള്‍ കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.rsp

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഇതിനുശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ കോവൂര്‍ കുഞ്ഞുമോന്‍ പാര്‍ട്ടി നേതൃത്വവുമായി കൂടുതല്‍ അകന്നു. എല്‍ഡിഎഫിലേക്ക് തിരിച്ചുപോകണമെന്ന പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം തള്ളുകകൂടി ചെയ്തതോടെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. സിപിഎമ്മിലോ സിപിഐയോ അദ്ദേഹം ചേര്‍ന്നേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ കോവൂര്‍ കുഞ്ഞുമോന്‍ മത്സരക്കുമെന്നുറപ്പാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ക്ക് പിന്നാലെ എംഎല്‍എ കൂടി രാജിവെച്ചത് ആര്‍എസ്പിക്കും യുഡിഎഫിനും കനത്ത തിരിച്ചടിയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് കുഞ്ഞുമോന്‍ പാര്‍ട്ടി വിട്ടത്. അത് പരസ്യമായ രഹസ്യം. ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ച് അകന്നു മാറിയാല്‍ കുഞ്ഞുമോന്റെ ആര്‍എസ്പിയെ അംഗീകരിക്കുമെന്ന് കോടിയേരി പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. അത് കോവൂര്‍ കുഞ്ഞുമോന്‍ എന്ന എംഎല്‍എയും നിലവിലെ ആര്‍എസ്പിയില്‍ നിന്ന് അകന്നു മാറുന്നവരെയുമാണെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു.
ആ ചൂണ്ടയില്‍ ആണ് കുഞ്ഞുമോനും ആര്‍എസ്പി അസംതൃപ്തരും ചേര്‍ന്ന്! കൊത്തിയത്. കഴിഞ്ഞ വാരം കൊല്ലത്ത് നടന്ന ടി.കെ.ദിവാകരന്‍ അനുസ്മരണത്തില്‍ ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ സിപിഎം യുഡിഎഫ് ഘടകകക്ഷികളുടെ പിന്നാലെ പ്രേമലേഖനവുമായി നടക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ആ പ്രേമലേഖനമാണ് ഇപ്പോള്‍ ആര്‍എസ്പി കടന്നുപോയ കോവൂര്‍ കുഞ്ഞുമോന്‍.
വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഘടകക്ഷിയായി ഒരു പാര്‍ട്ടി കൂടി കാണും. അത് ഈ കുഞ്ഞുമോന്‍ രൂപീകരിച്ച ഈ കുഞ്ഞ് ആര്‍എസ്പി ആയിരിക്കും. ആശയപരമായി പിളര്‍ന്നു മാറുന്നവരുടെ കാര്യത്തില്‍, എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നവരുടെ കാര്യത്തില്‍ എല്‍ഡിഎഫ് പൊതുവേ ഉദാരമായ് സമീപനമാണ് കാണിക്കുക പതിവ്.
വീരേന്ദ്രകുമാറിന്റെ ജനതാദള്‍  എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് പോയപ്പോള്‍ ജനതാദള്‍ സെക്യുലര്‍ എന്ന ഓമനപ്പേരിട്ട് എല്‍ഡിഎഫ് മാത്യൂ ടി തോമസ് വിഭാഗത്തെ എല്‍ഡിഎഫില്‍ പിടിച്ചു നിര്‍ത്തി. അതിനു ശേഷം നാല് എംഎല്‍എമാര്‍ ആണ് ഈ ജനതാദള്‍ സെക്യുലറിന് ലഭിച്ചത്. വീരന്‍ പക്ഷത്തിനു യുഡിഎഫില്‍ ലഭിച്ചത് പക്ഷെ വെറും രണ്ടു എംഎല്‍എ മാര്‍ മാത്രം.     കെ.പി.മോഹനനും, ശ്രേയാസ് കുമാറും മാത്രം.
ആശയപരം എന്നൊക്കെ സിപിഎം പറയുന്നുണ്ടെങ്കിലും കുഞ്ഞുമോന്റെ കാര്യം വരുമ്പോള്‍ അത് സീറ്റ്പരമാകുന്നു.  കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂര്‍ സീറ്റില്‍ നിന്ന് ജയിച്ച് വരാന്‍ തുടങ്ങിയത് 2001 മുതലാണ്. തുടര്‍ച്ചയായി അത് മുതല്‍കുഞ്ഞുമോന്‍ കുന്നത്തൂരില്‍ നിന്ന് ജയിച്ചു വരികയാണ്.
ഇപ്പോള്‍ കുഞ്ഞുമോന്‍ മൂന്ന് ടേം ആയി. വരാന്‍ പോകുന്നത് നാലാം ടേം ആണ്. യുഡിഎഫ് ഭാഗമായ് ആര്‍എസ്പിയില്‍ നിന്നാല്‍ ഇത്തവണ ജയിക്കുമോ എന്ന കാര്യം സംശയമാണ്. സീറ്റ് കിട്ടുമോ എന്നും തിട്ടമില്ല. എല്‍ഡിഎഫില്‍ നിന്നാല്‍ ഒരു പേടിയും വേണ്ട. അടുത്ത തവണ സീറ്റ് ലഭിക്കും. ജയിക്കാന്‍ സാധ്യതയും കൂടി. ജയിച്ചാല്‍ ഒരു മന്ത്രി പദം തന്നെ കിട്ടിക്കൂടായ്കയില്ല.
സിപിഎമ്മിനാണെങ്കില്‍ ആര്‍എസ്പി ഒപ്പം ഉണ്ടെന്നു അവകാശവാദം മുഴക്കാം. നിലവിലെ ആര്‍എസ്പിയില്‍ നിന്ന് ആടി നില്‍ക്കുന്ന കൂടുതല്‍  പേരെ ഈ ആര്‍എസ്പിയിലേക്ക് ക്ഷണിക്കാം. അങ്ങിനെ ആര്‍എസ്പിയെ കൂടുതല്‍ ക്ഷീണിപ്പിക്കാം. കൊല്ലം ലോക്‌സഭ സീറ്റില്‍ എന്‍.കെ.പ്രേമചന്ദ്രനോട് എം.എ.ബേബി തോറ്റ കയ്പ്പ് നിറഞ്ഞ സംഭവം തത്ക്കാലം മറക്കുകയും ചെയ്യാം.

 

Top