അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ആശുപത്രിയിലെ മറ്റ് രോഗികള്‍ക്കിടയിലെ കട്ടിലില്‍

ഇന്നലെ രാവിലെ എട്ടുമണിക്ക് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം വാർഡിൽനിന്ന് മാറ്റിയത് വൈകീട്ട് മൂന്നരയ്ക്ക് ശേഷം. ഇത്രയുംസമയം മറ്റ് രോഗികൾക്കിടയിലെ കട്ടിലിൽ മൂടിയിട്ട അവസ്ഥയിലായിരുന്നു മൃതദേഹം. കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആസ്പത്രിയിലെ എട്ടാംവാർഡിൽ വെള്ളിയാഴ്ചയാണ് മൃതദേഹത്തോട് കടുത്ത അനാദരമുണ്ടായത്. നിർമാണത്തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി അസ്റഫുലി(18)ന്റെ മൃതദേഹമാണ് ഏഴരമണിക്കൂർ വാർഡിലെ കട്ടിലിൽ കിടന്നത്. തലച്ചോറിലെ പഴുപ്പുകാരണം കണ്ണൂർ മട്ടന്നൂരിൽനിന്ന് രണ്ട് ദിവസം മുമ്പാണ് അസ്‌റഫുലിനെ കോഴിക്കോട് മെഡിക്കൽകോളേജ് ആസ്പത്രിയിലെത്തിച്ചത്. അസ്‌റഫുൽ മരിച്ചവിവരം രാവിലെ എട്ടുമണിക്കുതന്നെ ഒപ്പമുണ്ടായിരുന്നവരെ അറിയിച്ചു. തുടർനടപടികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത അവർ മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. ഈ തൊഴിലാളിയുടെ കരാറുകാരൻ പതിനൊന്നുമണിയോടെ എത്തിയെങ്കിലും വാഹനങ്ങളും മറ്റും ഏർപ്പെടുത്തുന്നതിനായി അയാളും പുറത്തുപോയി. മൃതദേഹം മാറ്റുമെന്ന പ്രതീക്ഷയിൽ, വാർഡിലെ ജീവനക്കാർ അതവിടെത്തന്നെ കിടത്തി. രോഗി മരിച്ച് മൂന്നുമണിക്കൂറിനുള്ളിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റണമെന്ന ചട്ടംഇവിടെ ലംഘിക്കപ്പെട്ടു. വൈകീട്ട് മൂന്നുമണിയോടെ ഇതറിഞ്ഞ സൂപ്രണ്ട് മൃതദേഹം മാറ്റാൻവേണ്ട നടപടി സ്വീകരിച്ചു. അപ്പോഴേക്കും മൃതദേഹം കൊണ്ടുപോവാനുള്ള വാഹനവുമായി കരാറുകാരനുമെത്തി. മൃതദേഹം മാറ്റാതിരുന്ന ജീവനക്കാർക്കെതിരേ നടപടിയെടുക്കുമെന്ന് സൂപ്രണ്ട് ഡോ. സജീത്ത് കുമാർ പറഞ്ഞു.

Latest
Widgets Magazine