കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍; 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍; 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കാനാണ് പിരിച്ചുവിടല്‍. എന്നാല്‍ പിരിച്ചുവിട്ടവരില്‍ 10 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു. ബോഡി നിര്‍മ്മാണം ഏജന്‍സിക്ക് നല്‍കിയതിനാല്‍ ഇവര്‍ക്ക് ജോലിയില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ വിശദീകരണം. 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടലും നടന്നത്. പുനര്‍നിയമനമെന്ന വാഗ്ദാനം നടപ്പാകാനും ഇടയില്ല. ബ്ലാക്സ്മിത്, പെയിന്റർ, അപ്ഹോൾസ്റ്റർ എന്നിവരെയാണ് ജോലിയിൽനിന്ന് മാറ്റിനിർത്തുന്നത്.

പിരിച്ചുവിടപ്പെട്ടവരിൽ നല്ലൊരു ശതമാനവും പണിയെടുക്കുന്നത് ബസ് ബോഡി നിർമാണം നടക്കാത്ത ഡിപ്പോകളിലാണ്. അതേസമയം പിരിച്ചുവിട്ടവരെ പുനർവിന്യസിച്ച് ഇതര കാറ്റഗറിയിലേക്ക് മാറ്റുമെന്ന ഒരു വിശദീകരണവും കെഎസ്ആര്‍ടിസി മാനേജ്മെന്റ് നൽകുന്നുണ്ട്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെ ട്രേഡ് യൂണിയനുകളും പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം സാമ്പത്തികപ്രതിസന്ധിയും ഇന്ധനക്ഷാമവും കാരണം കെഎസ്ആർടിസി ഒരുദിവസം സംസ്ഥാനത്തൊട്ടാകെ 3,33,117 കിലോമീറ്റർ ദൂരം ഓട്ടം കുറയ്ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ സർവീസുകൾ വ്യാപകമായി മുടങ്ങും. ശനിയാഴ്ചമുതൽ നിർദേശം കർശനമായി പാലിക്കണമെന്ന് സോണൽ ഓഫീസർമാർക്ക് നിർദേശം നൽകി. സംസ്ഥാനത്ത് 5,400 ഷെഡ്യൂളുകളാണ് കെഎസ്ആർടിസി നടത്തുന്നത്. ഇതിൽ ഒരുദിവസം 8,000 രൂപപോലും വരുമാനം കിട്ടാത്ത സർവീസുകളെല്ലാം റദ്ദാക്കും. മൂന്നരക്കോടി രൂപയാണ് ഡീസലിനായി കെഎസ്ആർടിസി ചെലവിടുന്നത്. ഇത് രണ്ടരക്കോടിയാക്കി ചുരുക്കാൻ ഓടുന്ന ദൂരം വെട്ടിക്കുറക്കും. നിലവിൽ സംസ്ഥാനത്ത് ഒരുദിവസം 18,03,279 കിലോമീറ്റർ ദൂരമാണ് കെഎസ്ആർടിസി ഓടുന്നത്.

ഇതിന് 4,51,267 ലിറ്റർ ഡീസൽ വേണം. 14,70,162 കിലോമീറ്റർ ദൂരമായി ഓട്ടം ചുരുക്കുമ്പോൾ ഡീസൽ ഉപയോഗം 3,70,999 ലിറ്ററായി പരിമിതപ്പെടുത്താം. ഇതുവഴി സാമ്പത്തികപ്രതിസന്ധി താത്കാലികമായി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടൽ. ഡീസൽ കമ്പനികൾക്ക് കെഎസ്ആർടിസി 185 കോടിയോളം കുടിശ്ശികയായി നൽകാനുണ്ട്. ടയർ കമ്പനികൾക്ക് 22 കോടിയും ബാധ്യതയായി നിൽക്കുന്നു. ഡീസൽ കമ്പനികൾ കൂടുതൽ കടം നൽകാതായതോടെയാണ് ഇന്ധനക്ഷാമം തുടങ്ങിയത്.

Top