കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്; യാത്രക്കാര്‍ വലയുന്നു

കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കുന്നതിച്ചൊല്ലി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് തുടരുന്നു. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, തുടങ്ങിയ ജില്ലകളിലും കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. തിരുവനന്തപുരത്ത് അടക്കം വിവിധയിടങ്ങളില്‍ ജീവനക്കാര്‍ ഡിപ്പോകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഉപരോധിച്ചു.

കോഴിക്കോടും ഉപരോധത്തിന് പിന്നാലെ മിന്നല്‍ സമരം തുടങ്ങി. തിരുവനന്തപുരത്ത് പ്രതിഷേധിച്ചരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചാണ് മിന്നല്‍ സമരം. അതിനിടെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കാനുളള തീരുമാനം കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് മാറ്റിവച്ചു.

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഷയത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി സ്റ്റേഷനില്‍ നടത്തിയ ഉപരോധ സമരത്തില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്.

വിഷയത്തില്‍ ഇന്ന് ഗതാഗത മന്ത്രി തൊഴിലാളി യൂണിയന്‍ നേതാക്കന്മാരെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു. മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ ആകെ വലഞ്ഞു. ദീര്‍ഘദൂര സര്‍വ്വീസുകളും കുഴപ്പത്തിലായി. സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ നിലപാട് ജീവനക്കാര്‍ക്കെതിരയാണെന്നും ആരോപണം ഉയരുന്നു.

Latest