തെരുവുനായ്ക്കളെ മരുന്നുകുത്തിവെച്ചു കൊല്ലാന്‍ മന്ത്രി കെടി ജലീലിന്റെ നിര്‍ദ്ദേശം; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം

Jaleel

തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാര്‍ തെരുവുനായ്ക്കളുടെ കാര്യത്തില്‍ തിരുമാനമെടുത്തു. ആക്രമണകാരികളായ തെരുവുനായ്ക്കളെ മരുന്നു കുത്തിവച്ചു കൊല്ലണമെന്ന് മന്ത്രി കെ ടി ജലീല്‍. ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ഇന്നു തന്നെ നിര്‍ദേശം നല്‍കാന്‍ വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണു സര്‍ക്കാരിന്റെ മുന്‍ഗണന. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രി യോഗം വിളിച്ചു സാഹചര്യം പരിശോധിച്ചതെന്നും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ ദാരുണമായ അവസ്ഥയാണു തിരുവനന്തപുരം ജില്ലയിലുണ്ടായ തെരുവുനായ പ്രശ്നങ്ങള്‍. തെരുവുനായ്ക്കളുടെ ശല്യം സംസ്ഥാനത്തു വ്യാപകമാകുന്നു. ഓരോ ദിവസവും തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്നു. ആക്രമണമാകാരികളായ മൃഗങ്ങളെ കൈകാര്യം ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്. അതിനായി തദ്ദേശ സ്ഥാപനങ്ങള്‍ നടപടികളെടുക്കുന്നുണ്ട്.

മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്നതുകൊണ്ട് കോടതി ഇടപെടലുകള്‍ വളരെക്കൂടുതലായി വരുന്നുണ്ട്. പലപ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്നവര്‍ക്ക് ഇത്തരം കൃത്യനിര്‍വഹണത്തില്‍ അറച്ചുനില്‍ക്കേണ്ടിവരുന്നത് നിയമക്കുരുക്കളില്‍ കുരുങ്ങുമോ എന്ന ഭയമാണ്. ഇനി അത്തരം കാര്യങ്ങളില്‍ അറച്ചുനില്‍ക്കാന്‍ പാടില്ല. ജനങ്ങളുടെ സുരക്ഷ തന്നെയാണു സര്‍ക്കാരിന്റെ പ്രാമുഖ്യം. ആര്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഇല്ല. ശക്തമായി ഇത്തരം പ്രശ്നങ്ങളെ നേരിട്ടേ പറ്റൂ.

ആക്രമണകാരികളായ തെരുവുനായ്ക്കളെ ഒരു പ്രത്യേക മരുന്നു കുത്തിവച്ചുകൊല്ലണമെന്നാണു നിയമം അനുശാസിക്കുന്നത്. അത്തരം നടപടികള്‍ എടുക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു വര്‍ഷം ഈ കാമ്പയിന്‍ നടത്തണം. എങ്കിലേ ഫലമുണ്ടാകൂ. ചിങ്ങം, കന്നി മാസങ്ങളിലാണ് ഇവയുടെ കൂടിച്ചേരലുകള്‍ നടക്കുന്നത്. അതുകൊണ്ടാണ് ഈ കാലങ്ങളില്‍ തെരുവുനായ് ശല്യം കൂടുന്നതെന്നാണു വിദഗ്ധര്‍ പറയുന്നത്.

മൂന്നു ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് മൃഗങ്ങളെ വന്ധ്യം കരിക്കാനുള്ള മൊബൈല്‍ അനിമല്‍ സ്റ്റെറിലൈസേഷന്‍ യൂണിറ്റ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിനായുള്ള പണം വരുന്ന പ്രൊജക്ടില്‍ നീക്കി വയ്ക്കും. അതിനാവശ്യമായ ഡോക്ടര്‍മാരും വേണം. മനുഷ്യനെ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ വേണമെന്നാണു നിയമം. നായ്ക്കളെ ശുശ്രൂഷിക്കേണ്ട സംവിധാനങ്ങള്‍ വേണം. അതിനാണ് യൂണിറ്റുകള്‍ രൂപീകരിക്കുന്നത്. നിലവിലുള്ള മൃഗഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വെറ്ററിനറി കോഴ്സുകള്‍ പഠിക്കുന്ന അവസാനവര്‍ഷക്കാരെ പ്രതിഫലം നല്‍കി ഇത്തരം സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാവുമോ എന്നും പരിശോധിക്കും. നിലവില്‍തന്നെ വെറ്ററിനറി രംഗത്ത് ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ഒരു തെരുവുനായയെ വന്ധ്യംകരിക്കാന്‍ രണ്ടായിരത്തോളം രൂപയാണു വേണ്ടതെന്ന് ജലീല്‍ പറഞ്ഞു.

Top