മഴപെയ്താല്‍ ജനങ്ങള്‍ ദുരിതത്തില്‍; കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കുമ്മനം 

കണ്ണൂര്‍: കുറച്ച് ദിവസങ്ങള്‍ അടുപ്പിച്ച് മഴപെയ്താല്‍ ദുരിതത്തിലാകുന്ന സ്ഥിതിയാണ് കേരളം നേരിടുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. വലിയ വികസന കാഴ്ചപ്പാടിന്റെ അനന്തര ഫലമാണ് വെള്ളപ്പൊക്കവും വരള്‍ച്ചയും. ഇക്കാര്യത്തില്‍ പ്രകൃതി ക്ഷോപിക്കുന്നുവെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തില്‍ മഴ പെയ്താല്‍ നാലോ അഞ്ചോ മണിക്കൂറുകൊണ്ട് ഒഴുകി കായലിലും കടലിലുമെത്തും. വെള്ളപ്പൊക്കം കുട്ടനാട്ടുകാര്‍ക്ക് പുതുമയുള്ള കാര്യമല്ലെന്നും തന്റെ വീടും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്നു കുമ്മനം പറഞ്ഞു. 1999ലെ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ക്കുപോലും ജീവഹാനി സംഭവിച്ചിരുന്നില്ല.

എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. അഞ്ചര ലക്ഷം ഹെക്ടര്‍ പാടശേഖരമുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോഴുള്ളത് രണ്ടുലക്ഷം ഹെക്ടര്‍ മാത്രമാണ്. പമ്പയാറിന്റെ 36 കൈവഴികളാണ് ഇല്ലാതായത്. പുഴകളില്‍ മണലില്ല. 65 ശതമാനം കാവുകളും നശിപ്പിക്കപ്പെട്ടു. മഴവെള്ളത്തെ വിന്യസിക്കാനുള്ള ഇടങ്ങള്‍ ഇല്ലാതാക്കിയതാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കൂടുതലും ടൈല്‍സ് പതിച്ച വീട്ടുമുറ്റങ്ങളാണ് . മുറ്റത്തുവീഴുന്ന മഴവെള്ളം മണ്ണിലേക്കിറങ്ങാന്‍ കഴിയാതെ ഒഴുകി റോഡിലെത്തും. ടാറിട്ടതോ കോണ്‍ക്രീറ്റ് ചെയ്തതോ ആയ റോഡില്‍നിന്നു വെള്ളം കോണ്‍ക്രീറ്റിട്ട ഓടയിലേക്കും മണ്ണിലിറങ്ങാന്‍ വഴിയില്ലാതെ കുത്തിയൊഴുകി തോട്ടിലും പുഴയിലും പതിക്കും. പ്ലാസ്റ്റിക് നിറഞ്ഞ സ്ഥിതിയിലാണ് മിക്ക ജലാശയങ്ങളും. ഭൂമിയിലേക്ക് വെള്ളം ഇറങ്ങാനുള്ള എല്ലാവഴികളും അടഞ്ഞതോടെ ഭൂര്‍ഗഭ ജലത്തിന്റെ അളവ് കുത്തനെ താഴ്ന്നു. മൂന്നു മീറ്ററോളമാണ് സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ കുറവ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണമെങ്കില്‍ വികസന കാഴ്ചപ്പാടും ചിന്താഗതികളും മാറണമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top