പിള്ള അത്ര പോര; കുമ്മനത്തെ ഇറക്കാന്‍ ആര്‍എസ്എസ്

തിരുവനന്തപുരം: ശബരിമല വിഷയം കേരളത്തില്‍ കത്തിച്ച് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനായിരുന്നു ബിജെപി തീരുമാനം. എന്നാല്‍ നിലവിലെ അവസ്ഥയില്‍ നേതൃത്വം സംതൃപ്തരല്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ ശബരിമല സമര നേതൃത്വത്തില്‍ നിന്ന് മാറ്റി മുന്‍ ബി.ജെ.പി അദ്ധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ ഏല്‍പ്പിക്കാനുമാണ് ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍.

കുമ്മനത്തിന് എന്‍.ഡി.എ ചെയര്‍മാന്‍ സ്ഥാനമോ കേന്ദ്രപദവികളോ നല്‍കി കേരളത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള സാധ്യതകള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നുമില്ല. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ആര്‍.എസ്.എസ് ചുമത്തുന്നതെന്നും വിവരമുണ്ട്.

ആറന്മുള സമരവും ശബരിമലയില്‍ തന്നെ നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിലും കുമ്മനം നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശബരിമല വിഷയം അനുകൂലമാകാന്‍ കുമ്മനത്തിന്റെ സാന്നിധ്യം കേരളത്തില്‍ അനിവാര്യമാണെന്നാണ് ആര്‍.എസ്.എസ് നിലപാട്.

ഏഴ് മാസങ്ങള്‍ക്ക് മുമ്പ് മിസോറാം ഗവര്‍ണറായി നിയമനം ഏറ്റെടുക്കുമ്പോള്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ തുടരാനുള്ള താത്പര്യം കുമ്മനം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി അണികളിലും കുമ്മനത്തെ മാറ്റിയതില്‍ മുറുമുറുപ്പ് നിലനിന്നിരുന്നു.

Latest
Widgets Magazine