ബിജെപിയിൽ വൻ അഴിച്ചു പണി: കുമ്മനം തെറിക്കും; അഞ്ചു ജില്ലാ കമ്മിറ്റികൾ അഴിച്ചു പണിയും: കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രി പദത്തിലേയ്ക്ക്; അൽഫോൺസ് കണ്ണന്താനം സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക്

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: മലപ്പുറം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപിയിൽ വൻ അഴിച്ചു പണിയ്ക്കു തയ്യാറെടുത്ത് ടീം അമിത്ഷാ. ബിജെപി സംസ്ഥാന പ്രസിഡന്റായി മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അൽഫോൺ കണ്ണന്താനത്തെ നിശ്ചയിച്ച് ഞെട്ടിക്കുന്ന അഴിച്ചു പണി നടത്തുന്നതിനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ഇതിലൂടെ ക്രൈസ്തവ സഭകളെ ഒപ്പം നിർത്താനും കേരള കോൺഗ്രസിനെ എൻഡിഎയിൽ എത്തിക്കുന്നതിനും സാധിക്കുമെന്നും അമിത്ഷാ കണക്കു കൂട്ടുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിൽ വൻ അഴിച്ചു പണിയ്ക്കു ലക്ഷ്യമിടുന്നത്.
തമിഴ്‌നാട് അടക്കം മറ്റു സംസ്ഥാനങ്ങളിലെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്തിടെയുണ്ടായ എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി സഖ്യം നേട്ടമുണ്ടാക്കിയപ്പോൾ കേരളത്തിൽ മാത്രം ഒരു തരത്തിലുള്ള മുന്നേറ്റവും ബിജെപി നേതൃത്വത്തിനു ഉണ്ടാക്കാനായിട്ടില്ലെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനു ഉള്ളത്. മറ്റു സംസ്ഥാനങ്ങളിൽ പ്രയോഗിച്ചു വിജയിച്ച സംഘപരിവാർ അജണ്ടകേരളത്തിൽ നടപ്പാകില്ലെന്നും ബിജെപി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിനു വേണ്ടി മാത്രം മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ബിജെപി നേതൃത്വം തയ്യാറെടുക്കുന്നത്. ഇതിനായി മുൻപ് കേരളത്തിൽ സിപിഎമ്മിന്റെ സ്വതന്ത്ര എംഎൽഎ ആയിരുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അൽഫോൺ കണ്ണന്താനത്തിനെ നിയോഗിക്കുന്നതിനാണ് ബിജെപി ഇപ്പോൾ തന്ത്രം ഒരുക്കുന്നത്.
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പും, അടുത്തനിയമസഭാ തിരഞ്ഞെടുപ്പുമാണ് ബിജെപി ലക്ഷ്യമിടുന്ന മിഷനിലുള്ളത്. ഇതിൽ വിജയിക്കണമെങ്കിൽ നിലവിലുള്ള നേതൃത്വത്തിനു സാധിക്കില്ലെന്നാണ് കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനു എല്ലാ വിഭാഗങ്ങളുമായി ഐക്യത്തിൽ പോകാൻ ഇനിയും സാധിച്ചിട്ടില്ലെന്നു കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. ക്രൈസ്തവ സഭകൾ ഇനിയും കുമ്മനം രാജശേഖരനെ പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. യുപിയിലും ഗുജറാത്തിലും പോലും മുസ്ലീം വോട്ട് ബാങ്കിൽ ബിജെപിയ്ക്കു ഇളക്കം തട്ടിക്കാൻ സാധിച്ചെങ്കിൽ കേരളത്തിൽ മലപ്പുറത്തു പോലും കാര്യമായ വോട്ട്മുസ്ലീം വിഭാഗത്തിൽ നിന്നുനേടാൻ ഇതുവരെയും ബിജെപിയ്ക്കു സാധിച്ചിട്ടില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്യുന്നത്.
ക്രൈസ്തവ സമുദായാംഗമായ അൽഫോൺസ് കണ്ണന്താനത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തിച്ച ശേഷം സഭകളുമായി കൃത്യമായ അടുപ്പം സൃഷ്ടിക്കുകയും, ഇത് വോട്ടാക്കി മാറ്റുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം സംഘപരിവാർ സംഘടനകളിൽ നിന്നുളള രണ്ടു പുതുമുഖങ്ങളെ സംസ്ഥാന നേതൃത്വത്തിലേയ്ക്കു എത്തിക്കുന്നതിനുമാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്. ഇതോടൊപ്പം അടുത്ത കേന്ദ്രമന്ത്രിസഭാ അഴിച്ചു പണിയിൽ കെ.സുരേന്ദ്രനെ കേന്ദ്രമന്ത്രിയാക്കുന്നകാര്യവും പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top