കന്യാസ്ത്രീ പീഡനക്കേസ്: കുറവിലങ്ങാട് മഠം അടച്ച് പൂട്ടാന്‍ ശ്രമം!! ഫ്രാങ്കോ പക്ഷക്കാരായ കന്യ്‌സ്ത്രീകള്‍ എത്തുന്നതില്‍ ദുരൂഹത

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥലമാണ് കുറവിലങ്ങാട് മഠം. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയും കേസില്‍ മൊഴി നല്‍കിയ സാക്ഷികളും ഇവിടെയാണ് പാര്‍ക്കുന്നത്. ഇത്തരത്തില്‍ കോസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഇടത്തിലെ ഇപ്പോഴത്തെ നീക്കങ്ങള്‍ ദുരൂഹത നിറഞ്ഞതാണ്.

കുറവിലങ്ങാട് മഠം അടച്ചു പൂട്ടാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. കൂടാതെ ബിഷപ്പിന്റെ സ്വന്തം സ്ഥലമായ ജലന്ധറില്‍ നിന്നും കന്യാസ്ത്രീകള്‍ കുറവിലങ്ങാടേയ്ക്ക് താമസത്തിനായി എത്തി എന്നും റിപ്പോര്‍ട്ടുണ്ട്. ഫ്രാങ്കോയ്ക്ക് വേണ്ടി വാദിക്കുന്ന രണ്ട് കന്യാസ്ത്രീകളാണ് മഠത്തിലേക്ക് തിടുക്കപ്പെട്ട് താമസത്തിന് എത്തിയിരിക്കുന്നത്. ജലന്ധറിലെ സ്‌കൂളുകളില്‍ പ്രഥാന അദ്ധ്യാപികമാരായ രണ്ട് കന്യാസ്ത്രീകളാണ് ഇല്ലാത്ത അവധി ഉണ്ടാക്കി മഠത്തില്‍ വന്നതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരയും സാക്ഷികളുമായ കന്യാസ്ത്രീകള്‍ താമസിക്കുന്നമഠത്തിലേക്കുള്ള ഫ്രാങ്കോ അനുകൂലികളായ ഈ കന്യാസ്ത്രീമാരുടെ വരവ് സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാനാണെന്ന സംശയവും ബലപ്പെടുത്തുന്നു. കേസില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് ഇവര്‍ ഇവിടെയെത്തിയിരിക്കുന്നത്. ഇത് ഇരയേയും സാക്ഷികളേയും സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും കണക്കു കൂട്ടല്‍. അതേസമയം ഇരയേയും സാക്ഷികളെയും സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ ഇവരുടെ വരവിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ഇരയ്‌ക്കൊപ്പമുള്ള കന്യാസ്ത്രീകള്‍ പറയുന്നു.

ജലന്ധര്‍ സെന്റ് മേരീസ് കോണ്‍വെന്റിലെ സി. സ്റ്റെല്ലയും ചമിയാരി സെന്റ് മേരീസ് കോണ്‍വെന്റിലെ സി.അനിറ്റുമാണ് ഈ മാസം ആറു മുതല്‍ കുറവിലങ്ങാട് മഠത്തില്‍ താമസത്തിനെത്തിയത്. ഇവിടെയുള്ള ബിഷപ്പ് അനുകൂലികളായ രണ്ട് കന്യാസ്ത്രീകള്‍ക്ക് സംരക്ഷണത്തിന് വേണ്ടിയാണ് ഒരു മാസത്തേക്ക് വന്നിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവരുടെ ഈ വാദം ഒരു പുകമറ മാത്രമാണെന്നതാണ് സത്യം. അവധി എടുക്കാന്‍ കഴിയാത്ത വിധം തിരക്കുള്ള സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരാണ് ഈ രണ്ട് കന്യാസ്ത്രീകളും. എന്നിട്ടും ഇവര്‍ ഒരു മാസം അവധിയെടുത്ത് വന്നതാണ് മറ്റുള്ളവരില്‍ സംശയം ഉണ്ടാക്കുന്നത്.

മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭയുടെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് എല്ലാ കന്യാസ്ത്രീകളും നിര്‍ബന്ധിതമായി ധ്യാനത്തിന് പോകണമെന്ന സഭയുടെ നിര്‍ദ്ദേശം പോലും ഇവര്‍ക്ക് വേണ്ടി ഇളവ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍മാരായതിനാല്‍ സ്‌കൂളില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഇവരെ ധ്യാനത്തില്‍ നിന്നു പോലും ഒഴിച്ചു നിര്‍ത്തിയത്. അതിനാല്‍ തന്നെ ഇവരുടെ വരവിനെ ദുരൂഹമായാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകള്‍ കാണുന്നത്. മറ്റു രണ്ടു പേര്‍ക്ക് കൂട്ടിനു വന്നതാണെങ്കില്‍ ഇത്രയും ഉത്തരവാദിത്തപ്പെട്ട ചുമതലകളില്‍ ഇരിക്കുന്ന ഇവര്‍തന്നെ വരണമെന്നില്ലല്ലോയെന്നാണ് കന്യാസ്ത്രീകള്‍ ചോദിക്കുന്നത്.

ഇതിന് പിന്നാലെയാണ് മഠം പൂട്ടാനുള്ള ശ്രമം നടക്കുന്നതായുള്ള റിപ്പോര്‍ട്ടും പുറത്ത് വരുന്നത്. മഠം അടച്ചുപൂട്ടി തങ്ങളെ പുറത്താക്കാന്‍ ഇവര്‍ക്ക് നീക്കമുണ്ടോയെന്നും ഇവിടുത്തെ കന്യാസ്ത്രീകള്‍ തന്നെ സംശയിക്കുന്നുണ്ട്. മഠത്തിനോട് ചേര്‍ന്നുള്ള വൃദ്ധമന്ദിരത്തിലെ ചില അന്തേവാസികളോട് വേറെ സ്ഥലം നോക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി വിവരമുണ്ട്. ഇതാണ് ഓരോരുത്തരെ പറഞ്ഞുവിട്ട് മഠം അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കാന്‍ കാരണമായത്. അതേസമയം എന്തുവന്നാലും തങ്ങള്‍ ഇവിടെനിന്ന് ഇറങ്ങില്ല എന്ന ഉറച്ച നിലപാടിലാണ് ഇവിടുത്തെ സ്ഥിരം അന്തേവാസികളായ കന്യാസ്ത്രീകള്‍. കാരണം, ഞങ്ങള്‍ സഭയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചുവീടും വീട്ടുകാരേയും ഉപേക്ഷിച്ചുവന്നരാണ്. തിരിച്ചുപോകാന്‍ വീടുകളില്ല. മാത്രമല്ല, കേസിലെ ഇരയും സാക്ഷികളുമായ ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയുമാണെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

ജലന്ധറില്‍ നിന്ന് വന്ന കന്യാസ്ത്രീകളില്‍ സി.അനിറ്റ് ഫ്രാങ്കോയുടെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ ആയിരിക്കുമ്പോള്‍ അസിസ്റ്റന്റ് മദര്‍ ജനറാള്‍ ആയിരിന്നു. പരാതിക്കാതിക്കൊപ്പം ആദ്യഘട്ടത്തില്‍ ഉറച്ചുനിന്നിരുന്ന ഇവര്‍ പൊലീസ് കേസ് വന്നതോടെ പരാതിക്കാരിയില്‍ നിന്ന് അകന്ന് ബിഷപ്പിനൊപ്പം ചേരുകയായിരുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പോയ കന്യാസ്ത്രീകളുടെ സംഘത്തിലും ഇരുവരുമുണ്ടായിരുന്നു.

കന്യാസ്ത്രീ മഠങ്ങളില്‍ സാധാരണ സ്ഥലംമാറ്റങ്ങള്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് നടക്കുന്നത്. എന്നാല്‍ ഇവരുടെ അപ്രതീക്ഷിതമായ സ്ഥാനചലനത്തിനു പിന്നില്‍ ജലന്ധറിലെ ചില വൈദികരുടെ ഇടപെടലും സംശയിക്കുന്നുണ്ട്. ഈ മാസം മൂന്നിനാണ് ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിക്കളഞ്ഞത്. തൊട്ടുപിന്നാലെ ഫ്രാങ്കോയുടെ വലംകൈ ആയ ഒരു വൈദികന്‍ ജലന്ധറില്‍ തിരിച്ചെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടി ഇടപെടലാണ് അടിയന്തിരമായി ഈ രണ്ട് കന്യാസ്ത്രീകള്‍ കുറവിലങ്ങാട് എത്താന്‍ കാരണമെന്ന് സംശയിക്കുന്നു. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ബിഷപ്പ് അഗ്‌നെലോ ഗ്രേഷ്യസ് എട്ടിന് ചുമതലയേല്‍ക്കുമെന്ന് അറിയിച്ചിരിക്കേയാണ് അപ്രതീക്ഷിതമായി ഇവര്‍ കേരളത്തില്‍ എത്തിയത്. പുതിയ അഡ്മിനിസ്‌ട്രേഷര്‍ ചുമതലയേറ്റാല്‍ പിന്നെ ഇവരുടെ നീക്കങ്ങള്‍ക്ക് രൂപതയുടെ രക്ഷാധികാരിയെന്ന നിലയില്‍ അദ്ദേഹം കൂടി അറിഞ്ഞിരിക്കണം.

ജലന്ധറിലുള്ള ഒട്ടുമിക്ക കന്യാസ്ത്രീകളും ആദ്യഘട്ടത്തില്‍ പരാതിക്കാരിക്ക് ഒപ്പമായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായതോടെ പലരും കാലുമാറി. അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കണ്ടതോടെ മറ്റേതെങ്കിലും നീക്കവുമായാണോ ഇവര്‍ എത്തിയതെന്ന് പരാതിക്കാരിക്ക് ഒപ്പമുള്ളവര്‍ സംശയിക്കുന്നു. ഇവരുടെ വരവ് പൊലീസും അറിഞ്ഞിരുന്നില്ല. സുപ്രധാനമായ ഒരു കേസിലെ ഇരയും സാക്ഷികളും താമസിക്കുന്ന ഇടത്താണ് ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേര്‍ താമസത്തിനെത്തുന്നത്. ഇരയ്ക്കും സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന കോടതിയുടെ നിര്‍ദേശവുമുള്ളതാണ്. ഇവരില്‍ നിന്നും ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ പൊലീസിനോട് അത്തരത്തില്‍ പരാതിയൊന്നൂം പറയേണ്ടിവന്നിട്ടില്ലെന്നൂം കന്യാസ്ത്രീകള്‍ പറയുന്നു.

Top