കുവൈറ്റില്‍ നാല്‍പതു വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇനിമുതല്‍ നാല്‍പതു വയസ്സ് കഴിഞ്ഞവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പുതിയത് ലഭിക്കുന്നതിനും പുതുക്കുന്നതിനും കാഴ്ച പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധം. അപേക്ഷകര്‍ കാഴ്ചയ്ക്കു പ്രശ്‌നമില്ലെന്ന റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. കാഴ്ചയ്ക്ക് കുഴപ്പമുണ്ടെങ്കില്‍ കണ്ണടവച്ച ഫൊട്ടോകൂടി സമര്‍പ്പിക്കണം. നാല്‍പതു വയസ്സ് തികയുന്നതോടെ എല്ലാവര്‍ക്കും സ്വാഭാവികമായും കാഴ്ചയില്‍ വ്യതിയാനം ഉണ്ടാകുമെന്ന നിഗമനത്തിലാണ് ഈ നിര്‍ദേശം. അപേക്ഷയില്‍ സമര്‍പ്പിക്കുന്ന ഫോട്ടോയില്‍ കണ്ണട ഇല്ലെങ്കില്‍ ഗതാഗതവകുപ്പ് അധികൃതര്‍ നല്‍കുന്ന ഫോം സഹിതം ഖുര്‍തുബയിലെ കണ്ണു പരിശോധനാ കേന്ദ്രത്തില്‍ ചെന്നാണ് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കേണ്ടത്. അവിടെ പരിശോധന സൗജന്യമായിരിക്കും.

ലൈസന്‍സ് പുതുക്കുന്നതിനു ഗതാഗതവകുപ്പ് ഓഫിസില്‍ പാസ്‌പോര്‍ട്ട്, സിവില്‍ ഐഡി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫൊട്ടോ, ജോലി ചെയ്യുന്ന കമ്പനിയുടെ സമ്മതപത്രം അല്ലെങ്കില്‍ ജോലി ചെയ്യുന്ന മന്ത്രാലയത്തിന്റെ കത്ത്, തൊഴില്‍ മന്ത്രാലയം അനുവദിച്ച വര്‍ക്ക് പെര്‍മിറ്റ്, കണ്ണും രക്തവും പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കണം. പുതിയ ലൈസന്‍സിന് അപേക്ഷിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ രേഖകള്‍ക്ക് പുറമെ ബിരുദ സര്‍ട്ടിഫിക്കറ്റ്, 400 ദിനാറില്‍ കുറയാത്ത ശമ്പള സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കണം. ഇളവ് അനുവദിക്കപ്പെട്ട തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതു ബാധകമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top