അകാലത്തിൽ പൊലിഞ്ഞ സുധാകരന‌് ഇരട്ട കൺമണികൾ!!!

കണ്ണൂർ :കഴിഞ്ഞവർഷം ആഗസ്ത് 15നാണ‌് കഥാകൃത്തും അധ്യാപകനുമായ കെ വി സുധാകരൻ ജീവിതത്തിൽനിന്ന് എന്നന്നേക്കുമായി മറഞ്ഞത‌്. എന്നിട്ടും ഭാര്യയുടെ നിശ്ചയദാർഢ്യത്തിൽ ആ ദമ്പതികൾക്ക‌് വിരിഞ്ഞത് രണ്ടുകൺമണികൾ. ഐവിഎഫ് വന്ധ്യതാചികിത്സയിലൂടെ സുധാകരന്റെ ഭാര്യ ഷിൽന 13 മാസത്തിന‌് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടുപെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കളിചിരികളടർന്നുപോയ സുധാകരന്റെയും ഷിൽനയുടെയും വീട്ടിൽ ഇനി നിറകൺചിരിയുടെ നാളുകൾ. ബന്ധുക്കളും സുഹൃത്തുക്കളും അവിശ്വസനീയമായ ആ സദ്വാർത്ത കേൾക്കുമ്പോൾ, മരിച്ചയാളുടെ ബീജത്തിലൂടെ പുതിയതലമുറ കൺതുറന്നത് കേരളത്തിലെ വൈദ്യശാസ്ത്രത്തിനും നേട്ടമായി.

നവജാതശിശുക്കൾക്കുള്ള ഐസിയുവിലാണ് കുട്ടികൾ. അമ്മയും സുഖമായിരിക്കുന്നു. തലശേരി ഗവ. ബ്രണ്ണൻ കോളേജ് അധ്യാപകനായ സുധാകരൻ ഔദ്യോഗിക ആവശ്യത്തിനായി നിലമ്പൂരിൽ പോയപ്പോഴാണ് ടിപ്പർ ലോറിയിടിച്ച‌് മരിച്ചത‌്. കണ്ണീർമായാത്ത മുഖത്തോടെ ഷിൽന അച്ഛൻ പി വി പവിത്രനോട് പറഞ്ഞത് മക്കൾക്കായുള്ള ചികിത്സ തുടരണമെന്നാണ്. ഇരുകുടുംബങ്ങളും തീരുമാനത്തിന് പച്ചക്കൊടി കാട്ടി. കോഴിക്കോട് എആർഎംസിയിൽ അഞ്ചുവർഷമായി സുധാകരനും ഭാര്യയും വന്ധ്യതാ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി സുധാകരന്റെ ബീജം ശേഖരിച്ചിരുന്നു. ഷിൽനയുടെ നിശ്ചയദാർഢ്യം തിരിച്ചറിഞ്ഞ ഡോ. കുഞ്ഞിമൊയ്തീനും ഡോ. ശ്രീജയും ശ്രദ്ധാപൂർവമായ ചികിത്സ ആരംഭിച്ചു. 35 ശതമാനം മാത്രമായിരുന്നു വിജയസാധ്യത. ജനുവരിയിലാണ് ആദ്യഘട്ടം ആരംഭിച്ചത്. സ്കാനിങ്ങിൽ രണ്ടുമക്കളുണ്ടെന്ന് തിരിച്ചറിഞ്ഞു. എആർഎംസിയുടെ കണ്ണൂർ ഫോർട്ട്റോഡിലെ ശാഖയിൽ ഡോ. ഷൈജോസിന്റെ മേൽനോട്ടത്തിലായിരുന്നു തുടർചികിത്സ.

പരിമിതമായ സാഹചര്യങ്ങളോട് പൊരുതി ഉന്നതബിരുദവും സമ്മാനങ്ങളും നേടിയ സുധാകരന്റെ സർട്ടിഫിക്കറ്റുകളും ട്രോഫികളും നിധിപോലെ സൂക്ഷിക്കുകയാണ് കണ്ണൂർ ഫെഡറൽ ബാങ്കിൽ വായ്പാസെക്ഷനിൽ മാനേജരായ ഷിൽന. സെപ്തംബറിൽ ചികിത്സ ആരംഭിക്കാനിരിക്കെയാണ് സുധാകരന്റെ അപ്രതീക്ഷിത വിയോഗം. തിമിരി തലവിലെ പിലാക്കൽ കുഞ്ഞിരാമന്റെയും കാനാവീട്ടിൽ ഓമനയുടെയും ഏകമകനായ സുധാകരൻ കോളേജ് അധ്യാപകനാകുന്നതിനു മുമ്പ് പത്രപ്രവർത്തകനായിരുന്നു. മക്കളുടെ പിറവിക്കൊപ്പം സുധാകരന്റെ സ്വപ്നമായിരുന്ന കഥാസമാഹാരവും അടുത്തുതന്നെ പുറത്തിറങ്ങും.

കെ.വി. സുധാകരന്‍. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ അദ്ധ്യാപകന്‍. കഥാകൃത്തും പത്രപ്രവര്‍ത്തകനും വിമര്‍ശകനും മികച്ച മാഗസിന്‍ എഡിറ്ററും പ്രതിഭാശാലിയായ അദ്ധ്യാപകനുമാണ്. അതിലുപരി, സുധാകരന്‍റെ തൂലികയാണ്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു മുഖ്യധാരാമുഖം കൊണ്ടുവന്നത്. മാതൃഭൂമിയില്‍ ജോലി ചെയ്യവേയാണു കാസര്‍കോഡിന്‍റെ എക്കാലത്തെയും വലിയ വിപത്തായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതമുഖങ്ങളെ സമരമുഖത്തേയ്ക്കെത്തിക്കുകയും അതിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തത്. പുറത്തേയ്ക്കു നീണ്ട നാവുമായി ജീവിക്കുന്ന ബദിയടുക്കയിലെ കവിതയെക്കുറിച്ച് എഴുതിക്കൊണ്ടാണു സുധാകരന്‍ മാതൃഭൂമിയിലെ പരമ്പരയ്ക്കു തുടക്കം കുറിച്ചത്.

ഇന്നു കാസര്‍കോഡ് മാറിയിരിക്കുന്നു. അവിടെയിപ്പോള്‍ വിഷമഴ പെയ്യാറില്ല. ആകാശം തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. സുധാകരനും പത്രപ്രവര്‍ത്തകന്‍റെ കുപ്പായമൂരിവച്ചു മലയാളം അദ്ധ്യാപകനായി ബ്രണ്ണന്‍ കോളജിലേക്കു മാറി. കാറ്റിലും മഴയിലും തെളിമ പടരുന്നത് അഭിമാനപൂര്‍വം മാറിനിന്നു നോക്കി, മനംനിറഞ്ഞു പുഞ്ചിരിക്കുന്നതിനിടെയാണു സുധാകരന്‍, സുധാകരബിംബമായി അക്കാദമിക് സ്റ്റാഫ് കോഴ്സിലെത്തിച്ചേര്‍ന്നത്.

ക്ലാസ്സുകളില്‍ സജീവവും സക്രിയവുമായി ഇടപെട്ടും ബാല്യവും കൗമാരവും തിരികെപ്പിടിക്കാന്‍ ശ്രമിച്ചും മുന്നേറുന്നതിനിടെയാണ്, നിലമ്പൂരില്‍ തേക്കുതോട്ടത്തിനു മുന്നില്‍, സുധാകരന്‍റെ വിലമതിക്കാനാവാത്ത ജീവന്‍ ഒരു ടിപ്പര്‍ ലോറി തട്ടിത്തെറിപ്പിച്ചത്. ഒരു മാസപ്പാതിയോളം സൗമ്യതയാര്‍ന്ന ഗാംഭീര്യംകൊണ്ടു അസൂയപ്പെടുത്തിയിരുന്ന സുധാകരന്‍… എളിമയും മിതത്വവും സ്വതസിദ്ധമായ ശൈലിയാക്കിയിരുന്നയാള്‍… ഫാസിസത്തിനെതിരെ ജീവിതംകൊണ്ടു പോരാടിയ ചങ്കൂറ്റമുള്ള ഒരാള്‍…അയാൾക്ക് തലമുറ ജനിച്ചിരിക്കുന്നു …കഥാകൃത്തും ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിലെ അധ്യാപകനുമായിരുന്ന കെ.വി.സുധാകരന്റെ പേരിൽ ഗവ. ബ്രണ്ണൻ കോളേജ് മലയാളവിഭാഗം ഏർപ്പെടുത്തിയ ചെറുകഥാ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്

Latest