കുഴപ്പങ്ങള്‍ എണ്ണിപ്പറഞ്ഞ്, കര്‍ദിനാളിനെ തോമസ് ചാണ്ടിയുമായി ഉപമിച്ച് ജയശങ്കര്‍; കടുത്ത വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റ്

സിറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഭൂമി ഇടപാടിലെ ഇതുവരെ നടന്ന സംഭവ വികാസങ്ങള്‍ വിവരിക്കുന്ന പോസ്റ്റില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുവൈറ്റ് ചാണ്ടിയുടെ നിലവാരത്തിലെത്തിയെന്നാണ് ജയശങ്കറിന്റെ പരിഹാസം. ഭൂമിയിടപാടിന്റെ ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തത്തില്‍ നിന്ന് കര്‍ദ്ദിനാളിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന്റെ പൂര്‍ണരൂപം:

എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദം ആളിക്കത്തി; അത്യുന്നത കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയണം എന്ന ആവശ്യം ശക്തമായി.

മെഡിക്കല്‍ കോളജിനു സ്ഥലം വാങ്ങാന്‍ ബാങ്കില്‍ നിന്ന് കടമെടുത്ത 58കോടി രൂപ തിരിച്ചടക്കാന്‍ വഴി കാണാതെ, അതിരൂപതയുടെ മറ്റുചില വസ്തുവകകള്‍ വില്ക്കാന്‍ തീരുമാനിച്ചിടത്താണ് വിവാദത്തിന്റെ തുടക്കം.

50-60കോടി മാര്‍ക്കറ്റുവിലയുളള മൂന്നേക്കര്‍ ഭൂമി വിറ്റ് 27കോടി സമാഹരിക്കാന്‍ ആയിരുന്നു തീരുമാനം. അതിനു ചില ഇടനിലക്കാരെയും ഏര്‍പ്പെടുത്തി. 36ആധാരങ്ങള്‍ വഴി മൊത്തം വസ്തുവും വിറ്റു. ആധാരത്തില്‍ കാണിച്ച വില 13കോടി, അതിരൂപതയുടെ എക്കൗണ്ടില്‍ വന്നത് വെറും 9കോടി 31ലക്ഷം.

മതിപ്പുവിലയേക്കാള്‍ നന്നെ കുറഞ്ഞ വിലയാണ് ആധാരത്തില്‍ കാണിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഭാരതമാതാ കോളേജിന് എതിരെയുള്ള 60.26സെന്റ് സ്ഥലം, 3,99,70,000രൂപയ്ക്ക് വിറ്റു എന്നാണ് പറയുന്നത്. സെന്റ് ഒന്നിന് 6,63,292രൂപ. അവിടെ സെന്റിന് 25ലക്ഷം രൂപ മിനിമം കിട്ടും എന്നത് മൂന്നു തരം.

അതുപോകട്ടെ, പരിശുദ്ധ പിതാവിനെ ഇടനിലക്കാര്‍ പറ്റിച്ചു എന്നു കരുതി സമാധാനിക്കാം. പക്ഷേ, ആധാരത്തില്‍ കാണുന്ന വിലയും എക്കൗണ്ടില്‍ വരാത്തതിന് എന്തു ന്യായം?

ഭൂമിയിടപാടിന്റെ ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്തത്തില്‍ നിന്ന് കര്‍ദ്ദിനാളിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. 36ആധാരത്തിലും അതിരൂപതയ്ക്കു വേണ്ടി ഒപ്പിട്ടത് മാര്‍ ആലഞ്ചേരിയും ഫാ. ജോഷി പുതുവയുമാണ്.

അതിരൂപതയിലെ 438വൈദികരും രണ്ട് സഹായ മെത്രാന്‍മാരും കര്‍ദിനാളിന് എതിരാണ്. ഭൂമിവില്പനയില്‍ സുതാര്യതയില്ല, ബാങ്കിലെ കടം 84കോടിയായി വര്‍ദ്ധിച്ചു എന്നൊക്കെയാണ് ആവലാതി.

കര്‍ദ്ദിനാള്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ടും അദ്ദേഹത്തിന് എതിരാണ്. അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുകൂട്ടിയ വൈദിക സമിതി യോഗം പിരിച്ചു വിട്ടതാണ് ഏറ്റവും പുതിയ സംഭവവികാസം.കര്‍ദ്ദിനാളിനെ ഏതാനും അനുയായികള്‍ അരമനയില്‍ തടഞ്ഞു വെച്ചുവത്രെ.

നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം ഇതാണ്: അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏതാണ്ട് ഒരു കുവൈറ്റ് ചാണ്ടിയുടെ നിലവാരത്തിലെത്തി.

Top