ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും, എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറിയതായി രേഖകള്‍; പായ്ച്ചിറ നവാസിന്റെ പരാതിയിലുള്ള അന്വേഷണം ഊര്‍ജിതം; വ്യക്തമായ രേഖകള്‍ വിജിലന്‍സിന്

ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ചെയര്‍മാനും, പാര്‍ലമെന്റ് അംഗവും, കോടീശ്വരനുമായ രാജീവ് ചന്ദ്രശേഖര്‍ സ്വന്തം റിസോര്‍ട്ടിനായി കുമരകത്ത് വന്‍തോതില്‍ വേമ്പനാട്കായലും, അതിനോട് ചേര്‍ന്നുള്ള പുറംപോക് ഭുമിയും കയ്യേറ്റം നടത്തിയതായി സംസ്ഥാന വിജിലന്‍സ് സ്ഥിതീകരിച്ചു. ഇതുസംബന്ധിച്ച് നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊ, സര്‍ക്കാരൊ അനങ്ങിയില്ല.

ഒടുവില്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടന്ന കായല്‍ കയ്യേറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ വ്യവഹാരിയും, പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസ് മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി E ചന്ദ്രശേഖരന്‍, വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ക്ക് നിരവധി തെളിവുകളും, രേഖകളും സഹിതം പരാതി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജീവ് ചന്ദ്രശേഖറിനെകൂടാതെ കോട്ടയം ജില്ലാ കളക്ടര്‍, തഹസീല്‍ദാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍, കുമരകം പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, നിരാമയ റിട്രീറ്റ്‌സ് റിസോര്‍ട്ട്, ബാംഗ്ലൂരിലെ ജൂപ്പിറ്റര്‍ – ക്യാപിറ്റല്‍ കമ്പനി എന്നിവരായിരുന്നു നവാസ് നല്‍കിയ പരാതിയിലെഎതിര്‍കക്ഷികള്‍. കേരളത്തിലെയും, കോട്ടയത്തെയും പ്രധാന റിസോര്‍ട്ടാണ് കുമരകം പഞ്ചായത്തിലെ നിരാമയ റിട്രീറ്റ്‌സ്. ഇത് പ്രവര്‍ത്തിക്കുന്നത് വേമ്പനാട് കായലിനോട് ചേര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലാണ്. അതായത് പഞ്ചനക്ഷത്ര സൗകര്യം.

നിരവധി കായല്‍ കയ്യേറ്റങ്ങളും, ഭൂമി കയ്യേറ്റങ്ങളും, അഴിമതികളും പുറത്ത് കൊണ്ട് വരുകയും, അവസാനമായി ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന തോമസ് ചാണ്ടി രാജിവെയ്ക്കാന്‍ കാരണമായ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം പുറത്ത് കൊണ്ട് വരുകയും ചെയ്ത ഏഷ്യാനെറ്റ് ചാനല്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ഈ പഞ്ചനക്ഷ്ത്ര റിസോര്‍ട്ടിനായി വേമ്പനാട് കായലും, ഇതിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറമ്പോക്കും കയ്യേറ്റം ചെയ്തതായി വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖറാണ് റിസോര്‍ട്ടിന്റെ ഉടമസ്ഥന്‍. ഇദ്ദേഹത്തിന്റെ ഉടമസഥതയില്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂപിറ്റര്‍ – ക്യാപിറ്റല്‍ എന്ന കമ്പനിയാണ് ഈ റിസോര്‍ട്ടിന്റെയും ഉടമയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കമ്പനി കാര്യ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗുരുതരമായ കയ്യേറ്റത്തെ സംബന്ധിച്ച് 2016-ല്‍ ബഹു: കേരള ഹൈക്കോടതയില്‍ കുമരകം നിവാസികള്‍ WPC 19103 / 2016 എന്നൊരു കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കീഴ്‌ക്കോടതികളെയോ, ബന്ധപ്പെട്ട അധികാരികളെയോ സമീപിക്കാനും, കളക്ടര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് 2016 ജൂണില്‍ ജില്ലാ കളക്ടര്‍ കോട്ടയം തഹസീല്‍ദാര്‍ക്ക് നടപടിക്ക് നിര്‍ദ്ദേശം നല്‍കി, ഇതിന് ശേഷംതഹസില്‍ദാര്‍ അഡീഷണല്‍ തഹസീല്‍ദാര്‍ക്ക് റിസോര്‍ട്ട് കയ്യേറിയ കായലും, പുറമ്പോക്കും ഒഴിപ്പിക്കുന്നതിനായി അധികാരവും – ചുമതലയും നല്‍കിയിരുന്നു.

അഡീഷണല്‍ തഹസീല്‍ദാര്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം എല്ലാ ഉത്തരവാദിത്വങ്ങളും കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി (ഫയല്‍ നമ്പര്‍ F (1) 8719/16) . ഈ കത്ത് പ്രകാരം കയ്യേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി നല്‍കുന്നതിനായി പഞ്ചായത്ത് സെക്രട്ടറി തിരികെ റവന്യൂ വകുപ്പിന് കൈമാറിയെന്നും എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് യാതൊരു നടപടികളുമെടുത്തില്ലന്നും ഇപ്പോഴും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം കോട്ടയം താലൂക്ക് സര്‍വ്വെയര്‍ അന്വേഷിച്ച്, അളന്നു നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറുടെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ട് കുമരകം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 10-ലെ സര്‍വെനമ്പര്‍ 302/1-ല്‍ ഉള്‍പ്പെട്ട 5.37 സെന്റ് തോട് റവന്യൂ പുറംപോക്കും, ചേര്‍ന്നുള്ള ബ്ലോക്ക് നമ്പര്‍ 11-ലെ രണ്ട് സര്‍വ്വെ നമ്പരുകളിലായി 0.4 ചതുരശ്ര അടിയും, മറ്റൊരു 0.5 ചതുരശ്ര അടിയും കായല്‍ പുറംപോക്കും കയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊരു തട്ടിക്കൂട്ട് റിപ്പോര്‍ട്ട് ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

റവന്യൂ വകുപ്പും, പഞ്ചായത്തും കൂടി ചേര്‍ന്നാണ് ചന്ദ്രശേഖറെ സഹായിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. കേരള പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് കൈയ്യേറ്റം ഒഴിപ്പിക്കേണ്ടത് പഞ്ചായത്താണ് എന്ന വാദവുമായി റവന്യൂ വകുപ്പും, റവന്യൂ വകുപ്പ് ദൂരെ മാറി നിന്ന് പഞ്ചായത്തിനെ കൊണ്ട് ചെയ്യിക്കണ്ടെന്ന് പഞ്ചായത്തും പറയുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതൊരു അടവ് നയമാണെന്ന് നവാസിന്റെ പരാതിയിലും പറയുന്നു.

ആയിരക്കണക്കിന് പാവങ്ങള്‍ ഒരു സെന്റ് ഭൂമിയില്ലാതെ കഴിയുന്നതിനാലും, ബന്ധപ്പെട്ട അധികാരികള്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ബോധപൂര്‍വ്വം മടിക്കുന്നത് കൊണ്ടും, ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരൊ, പരിസ്ഥിതി സംഘടനകളൊ ചാനല്‍ ചര്‍ച്ചകളില്‍ കസേര കിട്ടില്ലെന്ന് ഭയപ്പെട്ട് കേസുമായി മുന്നോട്ട് വരാത്തതിനാലുമാണ് പൊതുപ്രവര്‍ത്തകനായ താന്‍ ഈ കയ്യേറ്റത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നതെന്നും പായ്ച്ചിറ നവാസ് പറഞ്ഞു.

Top