പിണറായി’കുപ്രസിദ്ധമായ”മോസ്കോ വിചാരണ’കെ.എം.ഷാജഹാനുമേല്‍ നടപ്പിലാക്കി .ഭരണകൂടങ്ങള്‍ സമരങ്ങളെ നിരോധിക്കുമ്പോള്‍ ചരിത്രം മരക്കരുത്

അനൂപ്‌ മോഹന്‍

മറവികള്‍ക്കെതിരായ ഓര്‍മ്മകളുടെ സമരമാണ്‌ രാഷ്ട്രീയം എന്ന് എഴുതിയത്‌ ദാര്‍ശനികനും കമ്മ്യൂണിസ്റ്റുമായ മിലേന്‍ കുന്ദേരയാണ്‌. പുതിയ കാലത്ത്‌ പുതിയ അധികാര ക്രമങ്ങളിലേക്ക്‌ കടന്നിരിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അതിന്റെ ഭൂതകാലത്തെ ഭയപ്പെടുന്നതുകൊണ്ടും ആ ഓര്‍മ്മകള്‍ അത്രമേല്‍ അലോസരപ്പെടുത്തുന്നത്‌ കൊണ്ടും ആണെന്ന് തോന്നുന്നു പിണറായി വിജയന്‍ തന്റെ ഭരണത്തിനു കീഴില്‍ സമരങ്ങളെ തന്നെ നിരോധിച്ചുകളഞ്ഞത്‌. സംസ്ഥാനത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പോലീസ്‌ രാജും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഒടുവില്‍ സഖാവ്‌ വര്‍ഗ്ഗീസിനെ പോലീസ്‌ കെട്ടിയിട്ട്‌ വെടിവെച്ചുകൊന്ന അതേ കാട്ടില്‍ തന്നെ “കുഴിവെട്ടിമൂടണമെന്ന” സര്‍ക്കാര്‍ നിലപാടും നല്‍കുന്നത്‌ അതേ സൂചനകള്‍ തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമരങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു പാര്‍ട്ടിയുടെ നേതാവാണ്‌ താനെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി മറന്നുപോകുന്നു.സമരമുഖങ്ങളില്‍ പൊരുതി വീണവരുടെ ചോരകൊണ്ട്‌ ചുവന്ന ചെങ്കൊടി തണലില്‍ വളര്‍ന്ന സഖാവ്‌ ഇന്ന് പറയുന്നു “ഇനി സമരങ്ങളേ വേണ്ടന്ന്”. സമരങ്ങളെ തള്ളിപറയുന്ന സഖാവിന്‌ ‌താന്‍ സമരസഖാക്കളുടെ രക്തസാക്ഷിത്വത്തെ തന്നെയാണ്‌ തള്ളിപറയുന്നതെന്ന ഓര്‍മ്മ ഉണ്ടായിരിക്കണം.
സമരപരിസരങ്ങളില്‍ കടന്നുവരാന്‍ പോലും ബന്ധുത്വം വേണമെന്ന് നിഷ്കര്‍ഷിക്കുന്ന പിണറായി വിജയന്‌ കാരൂരും കരിവള്ളൂരും പുന്നപ്രയിലും വയലാറിലും ചോരകൊടുത്ത ചെറുപ്പക്കാരുടെ രക്തസാക്ഷിത്വങ്ങള്‍ ഏത്‌ ബന്ധുത്വത്തിന്റെ പേരിലായിരുന്നുവെന്ന് തന്റെ ജനതയെ പറഞ്ഞു മനസിലാക്കികൊടുക്കാനുള്ള സാമാന്യ മര്യാദ ഉണ്ട്‌.
സഖാക്കളെ, സത്യത്തില്‍ പുന്നപ്രയിലടക്കം സംഘടിത സമര സാഹചര്യങ്ങളെ നിങ്ങള്‍ ഏറ്റെടുക്കുക ആയിരുന്നില്ലേ ?? പിണറായി വിജയന്റെ തന്നെ ലോജിക്ക്‌ ഉപയോഗിച്ചാല്‍ കേരളത്തിലെ ജനകീയ സമരങ്ങളിലെല്ലാം നുഴഞ്ഞ്‌ കയറിയവരാണ്‌ നിങ്ങള്‍.
പിണറായി വിജയന്‌ കെ.എം ഷാജഹാനു മേല്‍ ഗൂഡാലോചനാ കുറ്റം ആരോപിക്കാനെങ്കില്‍, അയാള്‍ക്ക്‌ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് പ്രസ്താവിക്കാമെങ്കില്‍ പിണറായി വിജയാ, ചരിത്രത്തിനു നിസാരമായി നിങ്ങളുടെ പാര്‍ട്ടിക്കു മേലും ഗുരുതരമായ ഗൂഡാലോചനാ കുറ്റങ്ങള്‍ ചുമത്താവുന്നതേയുള്ളൂ. ഇടപെട്ട സമരങ്ങളില്‍ എല്ലാം നിങ്ങള്‍ക്കും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ ഇരുന്നുറങ്ങിയാലും കിടന്നുറങ്ങിയാലും സ്വന്തം മനസാക്ഷിയുടെ കോടതിയില്‍ സാഹചര്യതെളുവുകളുടെ ബലത്തില്‍ നിങ്ങള്‍ ശിക്ഷിക്കപ്പെട്ടിരിക്കും.shajahan
ചരിത്രം നിങ്ങളെ വെറുതേ വിടില്ലെന്ന് ഉറപ്പ്‌.

അധികാരത്തിലേക്കുള്ള ആദ്യ വരവില്‍ തന്നെ രാഷ്ട്രീയ എതിരാളികള്‍ക്ക്‌ മേല്‍ സ്റ്റാലിന്‍ നടപ്പിലാക്കിയ “ഗ്രേറ്റ്‌ പര്‍ജ്ജ്‌” അധവാ കുപ്രസിദ്ധമായ “മോസ്കോ വിചാരണ” തന്നെയാണ്‌ കെ.എം ഷാജഹാനുമേല്‍ പിണറായി വിജയനും നടപ്പിലാക്കിയത്‌. ടി.പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയതും കൊലയാളികളെ സി.പി.എം നേതാക്കന്മാര്‍ ജയിലില്‍ മാറിമാറി സന്ദര്‍ശിച്ചതും പങ്കു വെയ്ക്കുന്ന സൂചന മോസ്കോ വിചാരണകള്‍ കേരളത്തിലെ പാര്‍ട്ടിയുടെയും പ്രക്യാപിത രാഷ്ട്രീയ നയം തന്നെയാണ്‌ എന്നതാണ്‌.

പാര്‍ട്ടി ലൈനില്‍ നിന്ന് വ്യതിചലിക്കുന്നവരെ പ്രതിവിപ്ലവകാരിയായും വര്‍ഗ്ഗവഞ്ചകരായും പിന്നീട്‌ ദേശദ്രോഹിയായും ചിത്രീകരിച്ച്‌, ആ നടപടിയെ പാര്‍ട്ടിയുടെ പ്രചരണതന്ത്രത്തിനുള്ള ഉപകരണമാക്കി മാറ്റുന്നതെങ്ങനെയെന്ന് ആര്‍തര്‍ കെസ്‌ലെറുടെ  “Darkness at Noon”  എന്ന പുസ്തകത്തില്‍ അതിന്റെ സൂക്ഷ്മാര്‍ത്ഥത്തില്‍ തന്നെ വിശദീകരിക്കുന്നുണ്ട്‌. ആര്‍തര്‍ കെസ്‌ലെറുടെ കഥയിലെ “നംബര്‍ വണ്‍” എന്ന് വിളിക്കപ്പെടുന്ന മര്‍ദ്ദകനും ഏകാധിപതിയും ആയ വില്ലന്‍ ചരിത്രത്തില്‍ സ്റ്റാലിന്‍ തന്നെ ആണെന്നുള്ളതും പുസ്തകത്തിന്റെ പേര്‌ Darkness at Noon” അധവാ “നട്ടുച്ചക്കിരുട്ട്‌” എന്നായി തീരുന്നതും കേവലം യാദൃശ്ചികതയാവില്ല.

എം.വി രാഘവനും കെ.ആര്‍ ഗൗരിയും തുടങ്ങി ടി.പി ചന്ദ്രശേഖരനും വി.എസ്‌ അച്ചുതാനന്ദനും കെ.എം ഷാജഹാനും, മഹിജയും ശ്രീജിത്തും ജിഷ്ണു പ്രണോയിയും അടങ്ങുന്ന മനുഷ്യരെ നിങ്ങള്‍ക്ക്‌ സ്റ്റാലിന്റെ പാര്‍ട്ടിയുടെ ജീവചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാം.

ബുക്കാറിനെയോ ട്രോട്‌സ്കിയേയോ കമനെവ്‌നെയോ പോലെ ഒരു ബോള്‍ഷെവിക്‌ വിപ്ലവകാലം അവരെ ഒരുമിച്ച്‌ അടയാളപ്പെടുത്തിയിട്ടില്ല എന്ന് മാത്രം.

“നമ്പൂതിരിപ്പാട്‌” എം.വി.ആര്‍ നെയും കെ.ആര്‍ ഗൗരിയേയും പാര്‍ട്ടിയില്‍ നിന്ന് ‘പടിയടച്ച്’‌ പുറത്താക്കുന്നത്‌ അവര്‍ സമാന്തര അധികാര കേന്ദ്രങ്ങള്‍ ആവും എന്ന് ഭയന്നാണ്‌. നമ്പൂതിരിപ്പാട്‌ ആ പുറത്താക്കലിനെ പാര്‍ട്ടിക്കകത്തും പുറത്തും ന്യായീകരിച്ചത്‌ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും ലേഖനങ്ങള്‍ എഴുതിയുമാണ്‌. EMS – ല്‍ നിന്ന് പിണറായിലേക്ക്‌ എത്തുമ്പോള്‍ അണികളുടെ ബുദ്ധിയേയും ദൃശ്യമാധ്യമങ്ങളില്‍ നിന്നടക്കം രൂപ്പപ്പെടുന്ന അവരുടെ സാമാന്യ ധാരണകളെയും അയാള്‍ പ്രസ്ഥാനം എന്ന അധികാര ബോധം കൊണ്ട്‌ വിലയ്ക്കെടുക്കുന്നതായി കാണാം. pinarayii-v
ഇത്‌ ഒരേ സമയം വിഢിത്വവും അപകടകരവുമാണ്‌. വിഢിയും അപകടകാരിയുമായ ഒരു ഭരണാധികാരിയെ ഈ ജനാധിപത്യത്തില്‍ സൂത്രശാലിയും ദുര്‍ബലനുമായ ഒരു ഭരണാധികാരിയേക്കാള്‍ നിങ്ങള്‍ ഭയപ്പെടേണ്ടതുണ്ട്‌.ഇന്ദിരാ ഗാന്ധിയുടെയും കെ കരുണാകരന്റെയും അധികാര രാഷ്ട്രീയത്തെ (( Power Politics) ) നിരാകരിച്ചുകൊണ്ടല്ലാതെ കേരളത്തില്‍ കോണ്‍ഗ്രസിന്‌ മോദിയേയും പിണറായിയേയും നേരിടാന്‍ ആവില്ല.

 

 

അനൂപ്‌ മോഹന്‍

        ( അനൂപ്‌ മോഹന്‍ )

രാജനെ പോലെ പ്രതികരണശേഷിയുള്ള ചെറുപ്പക്കാരുടെ ചോരയുടെ മണമായിരുന്നു അടിയന്തിരാവസ്ഥക്ക്‌. കക്കയം ക്യാമ്പിന്റെ ചുവരുകളില്‍ തട്ടി വിറങ്ങലിച്ചു നിന്ന നിലവിളികള്‍. ജയറാം പടിക്കലിന്റെയും പുലിക്കോടന്‍ നാരായണന്റെയും മര്‍ദ്ദനകഥകള്‍ക്ക്‌ പക്ഷേ 77ലെ പൊതുതിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായില്ലെന്നതാണ്‌ ചരിത്രം. അതുകൊണ്ടു തന്നെ പ്രതിപക്ഷം പ്രവര്‍ത്തിക്കാത്ത പക്ഷം വിദ്യാഭ്യാസ കച്ചവടക്കാര്‍ അവരുടെ കോണ്‍സട്രേഷന്‍ ക്യാമ്പിലിട്ട്‌ കൊന്നുകളഞ്ഞ മകന്റെ നീതി തേടി വന്ന അമ്മയുടെ സഹനസമരത്തെ തെരുവിലിട്ട്‌ ചവിട്ടികെടുത്തുന്ന പിണറായി വിജയന്റെ പോലീസ്‌ രാജിന്‌ ജനാധിപത്യം ആയുസ്‌ നീട്ടികൊടുക്കില്ലെന്ന് പ്രവചിക്കാനുമാവില്ല.
ഇവിടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി- യുവജന സംഘടനകള്‍ തെരുവിലെത്ര ചോര ചീന്തിയിട്ടും വേണുവിനെ പോലുള്ളവര്‍ ന്യൂസ്‌ ഡെസ്കില്‍ ഭരണവിരുദ്ധതയുടെ എത്ര പ്രതിഷേധ രാത്രികള്‍ക്ക്‌ വിളക്ക്‌ വെച്ചിട്ടും സിവില്‍ സമൂഹത്തിന്റെ സമരമനസ്‌ ഉണരാത്തത്‌ നിരന്തരം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിന്റെയും പ്രസ്സിന്റെയും കപട – കച്ചവട മുഖങ്ങളെ കുറിച്ചുള്ള സമൂഹത്തിന്റെ മുന്‍ധാരണകള്‍ കൊണ്ട്‌ കൂടിയാണ്‌.

 

ഒരു രാഷ്ട്രീയ സംഘടന സമരം ചെയ്യേണ്ടത്‌ നിലവിലെ സാഹചര്യങ്ങളെയും തങ്ങളുടെ രാഷ്ട്രീയത്തെയും ഏറ്റവും ഫലപ്രദമായി പൊതുസമൂഹത്തിനു മുന്നില്‍ പ്രസന്റ്‌ ചെയ്യാന്‍ കഴിയുന്ന വിധമാവണം. റെസിസ്റ്റന്കെ ഇസ് തെ മ്മൊരലിറ്റ്യ് ഒഫ് സ്ലവെസ് എന്ന് എഴുതിയത്‌ നീഷേ ആണെന്ന് തോന്നുന്നു. ചോര ചീന്തുന്നതും ജയിലില്‍ പോകുന്നതും പോലീസിനോട്‌ ഏറ്റുമുട്ടുന്നതും മാത്രമല്ല സമരമെന്ന് വലതുപക്ഷത്തെ “റോമാന്റിക്‌ റെവല്യൂഷ്ണറികള്‍” കൂടി തിരിച്ചറിയണം. എം സുകുമാരന്റെ ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്‍ തന്റെ അത്മഹത്യകുറിപ്പില്‍ “ഒരു റൊമാന്‍റിക്ക് റവല്യൂഷണറിയായിത്തീരാതിരിക്കന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രം ആവര്‍ത്തിക്കരുതല്ലോ” എന്ന് കുറിക്കുന്നുണ്ട്. സമരയൗവനങ്ങള്‍ക്ക്‌ അത്‌ ഒരു ഓര്‍മ്മപ്പെടുത്തലാണ്‌. താക്കീതാണ്‌.
സമര രീതികളെ കുറിച്ച്‌ പോലും പുരോഗമനപരമായ പുനര്‍ച്ചിന്തനങ്ങള്‍ അനിവാര്യമായി വരുന്ന സമയമാണിത്‌. “നിരാഹാരം” പോലുള്ള ആത്മപീഢനങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തിന്റെ രാഷ്ട്രീയ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത്‌ പ്രസക്തമാണ്‌. ആത്മപീഡനം ആര്‍ക്കെതിരെയുള്ള സമരമാണോ അയാളുടെ “മൊറാലിറ്റിയെ” ഒരു നിലയിലുമത്‌ ബാധിക്കുന്നില്ല എങ്കില്‍ അതൊരു കാലഹരണപ്പെട്ട സമരമുറയാണെന്ന് പറയേണ്ടിവരും. അടുത്ത കാലത്ത്‌ മഴക്കൂണുകള്‍ പോലെ കണ്ടുവരുന്ന കെ.പി.സി.സി യുടെ റിലേ നിരാഹാരങ്ങളും ഏകദിന ഉപവാസങ്ങളും തികച്ചും അപഹാസ്യങ്ങള്‍ ആണെന്ന് പറയാതെ വയ്യ.

ജിഷ്ണു പ്രണോയ്‌ വിഷയത്തിലേക്ക്‌ മടങ്ങി വന്നാല്‍, പ്രതിപക്ഷ നേതാവ്‌ മുതല്‍ സമരമുഖങ്ങളില്‍ സജീവമായിരുന്ന കെ.എസ്‌.യു പ്രസിഡന്റിനു‌ വരെ സമരക്കാരുടെ കൈയ്യില്‍ പ്ലം കാര്‍ഡുകള്‍ പോലും ഉണ്ടായിരുന്നില്ലെന്നും സമരത്തില്‍ പങ്കെടുത്തത്‌ അത്രയും ബന്ധുമിത്രാതികള്‍ മാത്രമാണെന്നും വിശദീകരിക്കേണ്ടി വരുമ്പോള്‍ അത്‌ മറ്റൊരു അര്‍ത്ഥത്തില്‍ ആരു സമരം ചെയ്യണം എങ്ങനെ സമരം ചെയ്യണം എപ്പോള്‍ സമരം ചെയ്യണമെന്ന് പിണറായി വിജയന്റെ ഉത്തരവുകളെ എതിര്‍വാദങ്ങളില്ലാതെ ദുര്‍ബലമായി അംഗീകരിച്ച്‌ കൊടുക്കലാണ്‌. അത്‌ പ്രധാനപ്പെട്ട കാര്യമാണ്‌. ഒരു സംഘടനയുടെ രാഷ്ട്രീയമായ പരാജയമാണ്‌.

സി.പി.എം വിരുദ്ധ ഇടതുപക്ഷം പോലും പിണറായി മീശ വെയ്ക്കാത്ത സ്റ്റാലിന്‍ ആണെന്ന് പറയുമ്പോള്‍ നെറ്റി ചുളിക്കുകയാണ്‌. അവര്‍ക്ക്‌ ഒരു സ്റ്റാലിനെങ്കിലും ഇല്ലാതെ പറ്റില്ല.
എന്റെ സോഭാവികമായ സംശയം എന്തെന്നാല്‍,“മുസ്സോളനിയുടെ ഫോട്ടോ പേഴ്‌സില്‍ വെച്ചുകൊണ്ട്‌ നിങ്ങള്‍ക്കെങ്ങനെ ഹിറ്റ്ലറെ എതിര്‍ക്കാനാവും ??” ഈ അധികാര ഫാസിസത്തിന്റെ കാലത്ത്‌ കോണ്‍ഗ്രസ്‌ ഇന്ദിരാഗാന്ധിയുടെയും കെ.കരുണാകരന്റെയും അധികാര രാഷ്ട്രീയത്തെ ആശയപരമായി തന്നെ നിരാകരിക്കണമെന്ന് പറയുന്നതിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്‌ ഇതേ യുക്തി തന്നെയാണ്‌

(കെ.എസ്‌.യു നേതാവാണ്‌ ലേഖകന്‍)

Top