ഹോമിയോ ചികിത്സ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഐ.എം.എ കേരള ഘടകത്തിന്റെ കത്ത്

തിരുവനന്തപുരം: കേരളത്തില്‍ എലിപ്പനി ഭീതിയുടര്‍ത്തി പടരുന്ന സാഹചര്യത്തില്‍ ഹോമിയോ ചികിത്സയ്‌ക്കെതിരെ ഐ.എം.എ കേരള ഘടകം പ്രധാന മന്ത്രിയ്ക്ക് കത്ത് നല്‍കി. എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്ക് ഹോമിയോപ്പതി മരുന്നുകള്‍ പുറത്തിറക്കുന്നുനെന്നും ഇത് ജനങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹുവാണഅ കത്ത് നല്‍കിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോ.സുല്‍ഫി നൂഹു പ്രധാന മന്ത്രിയ്ക്ക് കത്ത് നല്‍കിയത്.
പ്രധാനമന്ത്രിക്കെഴുതിയ കത്തിന്റെ പൂര്‍ണ്ണ രൂപം:

ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ മോഡിജിക്കു ഒരു തുറന്ന കത്ത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകത്തിന്റെ മുപ്പതിനായിരം ഡോക്ടര്‍മാരുടെ നല്ല നമസ്‌കാരം !

അങ്ങേക്ക് സുഖമാണെന്നു കരുതികൊള്ളട്ടെ. ഞങ്ങള്‍ കേരളത്തിലെ എല്ലാവരും മഹാ പ്രളയത്തിന്റെ ആഘാതം തടഞ്ഞു നിര്‍ത്തുവാനുള്ള തീവ്ര പരിശ്രമത്തിലാണ്. ഞങ്ങള്‍ ഡോക്ടര്‍മാരുടെ കൂടുതല്‍ അധ്വാനം ആവശ്യമുള്ള സമായമണിപ്പോള്‍. പതിവുപോലെ പ്രളയദുരിതാശ്വാസ ക്യാംപുകളില്‍ എല്ലാ കേരളീയരെയും പോലെ, പ്രത്യേകിച്ചു യുവജനങ്ങളെയും മല്‍സ്യത്തൊഴിലാളികളെയും പോലെ തന്നെ ഡോക്ടര്‍മാര്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ചു എന്നാണ് പൊതു വിലയിരുത്തല്‍. അതു ഞങ്ങളുടെ കടമയും കൂടി ആണല്ലോ.

വ്യോമസേനയെയും ദ്രുത കര്‍മ്മ സേനയെയും അയച്ചുതരികയും അങ്ങു നേരിട്ടുവന്നു ദുരന്തം കാണുകയും ചെയ്തതിലുള്ള നന്ദി അറിയുക്കുവാനും ഈ അവസരം ഉപയോഗിച്ചോട്ടെ .കേരളത്തിന് നല്‍കുന്ന എല്ലാ സപ്പോര്‍ട്ടും തുടരണം എന്നു ഈ അവസരത്തില്‍ അഭ്യര്‍ഥിക്കാനും ആഗ്രഹിക്കുന്നു. ഞങ്ങള്‍ കേരളത്തിലെ ഡോക്ടര്‍മാരും പൊതു സമൂഹവും നേരിടുന്ന ഒരു കടുത്ത വെല്ലുവിളി അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടു വരുവാനാണ് ഈ കത്ത്.

കേരളം, വെള്ളപ്പൊക്കത്തിനു ശേഷം കടുത്ത എലിപ്പനി അഥവാ ലെപ്ടോസ്പിറോസിസ് ഭീഷണിയും ഡെങ്കിപ്പനി ഭീഷണിയും നേരിടുകയാണ്. ഇതിനകം ഒട്ടേറെ ജീവനുകള്‍ ഈ രോഗത്താല്‍ നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളപ്പൊക്കം മൂലം നഷ്ടപ്പെട്ടവ 500 ല്‍ പരം ജീവനുകളെക്കാള്‍ കൂടുതല്‍ ഈ എലിപ്പനിയും ഡെങ്കിപ്പനിയും കൊണ്ടുപോകുമോ എന്നും ഞങ്ങള്‍ ന്യായമായും ഭയക്കുന്നു.

അങ്ങേക്ക് അറിവുള്ളതു പോലെ എലിപ്പനി പകരുന്നത് മലിന ജലത്തില്‍ തങ്ങി നില്‍ക്കുന്ന രോഗാണു, അതു എലിയുടെയോ മറ്റു മൃഗങ്ങളുടെയോ മൂത്രത്തിലൂടെ വരുന്നവ, ശരീരത്തില്‍ ഉള്ള മുറിവകളിലൂടെ ഉള്ളില്‍ പ്രവേശിച്ചാണ്. വെള്ളപ്പൊക്കത്തിനുശേഷം ഉണ്ടാകുന്ന എലിപ്പനി കൂടുതല്‍ അപകടകാരി ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എലിപ്പനി ശരിയായ വിധത്തില്‍ ചികില്‍സിച്ചില്ലെങ്കില്‍ ശ്വാസകോശ രോഗത്താലോ, കരള്‍, വൃക്ക, ഹൃദയ, മസ്തിഷ്‌ക രോഗത്തലോ മരണം സംഭവിക്കാവുന്നതാണ്. മരണ നിരക്ക് ഏതാണ്ട് 20 ശതമാനം എന്നുള്ളതും ഞങ്ങളെ ഭയപ്പെടുത്തുന്നു.

ലക്ഷക്കണക്കിന് ആള്‍ക്കാരാണു മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നത് വളരെ പ്രസക്തമായ കാര്യമാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ എലിപ്പനി തടയുവാന്‍ ഡോക്‌സി സൈക്ലിന്‍ ഗുളിക 200 എംജി ആഴ്ചയില്‍ ഒന്നു വീതം ആറ് ആഴ്ച കഴിക്കുന്നതു വളരെ വിജയമാണ് എന്നു ലോകത്തെമ്പാടും നടന്നിട്ടുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഡെങ്കി പടര്‍ത്തുന്നത് എയിഡ്‌സ് കൊതുകുകള്‍ ആണല്ലോ. കൊതുകിന്റെ പ്രജനനം തടയുക തന്നെയാണ് ശാസ്ത്രീയമായ രീതി. തുടക്കത്തില്‍ തന്നെ ചികില്‍സിക്കുന്നത് അത്യാവശ്യമാണ്, രണ്ടിലും.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഹോമിയോ ചികിത്സ നടത്തുന്നവര്‍ ചില മരുന്നുകള്‍ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ തടയുമെന്നു പറഞ്ഞു പരത്തി നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. ഇതു മൂലം ഏറെ ആള്‍ക്കാരും ശരിയായ പ്രതിരോധം ലഭിക്കുന്ന ഡോക്‌സിസൈക്ലിന്‍ കഴിക്കാതെ, കൊതുക് നിയന്ത്രണം ശ്രദ്ധിക്കാതെ ഇതില്‍ പെട്ടു പോകുന്നത് മരണം ക്ഷണിച്ചു വരുത്തും.

അങ്ങേക്ക് അറിവുള്ളത് പോലെ ഈ ഹോമിയോ ചികിത്സ രീതികള്‍ മറ്റനേകം രാജ്യങ്ങളില്‍ നിരോധിച്ചതാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്തിനേറെ ഈ ചികില്‍സയ്ക്കു തുടക്കം കുറിച്ച ജര്‍മനിയില്‍ പോലും ഇതു നിരോധിച്ചു കഴിഞ്ഞു. ആള്‍ക്കാരെ തെറ്റിധരിപ്പിച്ചു ശരിയായ, ശാസ്ത്രീയ ചികില്‍സ എടുക്കുന്നതിനു ഹോമിയോ തടസം നില്‍ക്കുകയാണ്.

എന്നാല്‍ നമ്മുടെ ആര്‍ഷഭാരത സംഭവനയായ ആയുര്‍വേദത്തിനു ചില രോഗങ്ങള്‍ക്ക് ഗുണങ്ങള്‍ ഉണ്ടെന്നു ഞങ്ങള്‍ ഓര്‍ക്കുന്നു. എലിപ്പനിക്കും മറ്റും അവര്‍ ചികില്‍സ അവകാശ പ്പെടുന്നുമില്ല. ഈ അവസരത്തില്‍ അങ്ങയുടെ ശ്രദ്ധ ഈ വിഷയത്തില്‍ കൂടുതല്‍ വേണ്ടതാണ് എന്നു ഞങ്ങള്‍ കരുതുന്നു. കോടി കണക്കിന് രൂപ ചിലവാക്കുന്ന ഈ ചികില്‍സ രീതി നമുക്ക് ഒഴിവാക്കാന്‍ കഴിയേണ്ടതല്ലേ. മറ്റു രാജ്യങ്ങളെപ്പോലെ നമുക്കും ഹോമിയോ നിരോധിക്കേണ്ടതല്ലേ ?

അങ്ങനെ ആയിരക്കണക്കിന് ജീവനുകള്‍ നമുക്ക് രക്ഷിക്കാന്‍ കഴിയില്ലേ. കോടിക്കണക്കിന് രൂപയും നമുക്ക് ലാഭിച്ചുകൂടെ. ഹോമിയോ പഠിച്ച ആള്‍ക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ നല്‍കി ആധുനിക വൈദ്യശാസ്ത്ര ബിരുദ പഠനത്തിന് (എംബിബിഎസ്) ചേര്‍ത്ത് അവരുടെ തൊഴില്‍ പ്രശ്‌നം പരിഹരിച്ചു കൂടെ. അവര്‍ക്ക് ശരിയായ കോഴ്‌സ് പഠിച്ചു തന്നെ ചികിത്സ രംഗത്തു വരാമല്ലോ. ഘട്ടം ഘട്ടമായി ഹോമിയോ പഠന കോഴ്സുകള്‍ നിര്‍ത്തുകയും ആവാം. ഈ ചികില്‍സ രീതി, മിന്നല്‍ വേഗത്തില്‍ പുരോഗമിക്കുന്ന, ഭാരതത്തിനു അപമാനമാകുമോ എന്നു ഞങ്ങള്‍ ഭയക്കുന്നു. കേരളത്തില്‍ മാത്രമല്ല ഭാരതം എമ്പാടും ഇതു നിരോധിക്കണം. അതു ഗുണമേ ചെയ്യുള്ളു എന്നു കാലം തെളിയിക്കും.

കേരളത്തില്‍ വീണ്ടും വരുമ്പോള്‍ എലിപ്പനിയില്ലാത്ത കേരളം, ഡെങ്കിയില്ലാത്ത കേരളം ഞങ്ങള്‍ ഉറപ്പു തരുന്നു. ഈ അശാസ്ത്രീയ ചികിത്സ അങ്ങു നിരോധിച്ചു തന്നാല്‍…

സ്‌നേഹാദരങ്ങളോടെ,
കേരളത്തിലെ ഡോക്ടര്‍മാര്‍ക്കു വേണ്ടി

ഡോ.സുല്‍ഫി നൂഹു

 

Top