പുതുപ്പള്ളിക്കൊരു പുസ്തകവുമായി ജെയ്ക് സി.തോമസ്; പ്രചാരണ രംഗത്ത് ഏറെ ദൂരം മുന്നിൽ

സ്വന്തം ലേഖകൻ

പുതുപ്പള്ളി: വ്യത്യസ്തമായ പ്രചാരണ പ്രവർത്തങ്ങളുമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കാനിറങ്ങുന്ന ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസ് ജനകീയ മുഖമാകുന്നു. പുതുപ്പള്ളിക്കൊരു പുസ്തകം എന്ന പ്രചാരണവുമായി നൂതന ആശയമാണ് ജെയ്ക് മുന്നോട്ടു വയ്ക്കുന്നത്. പ്രചാരണ രംഗത്തു നിന്നു ലഭി്ക്കുന്ന ഓരോ പുസ്തകവും പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ലൈബ്രറി സ്ഥാപിക്കാൻ മാറ്റി വച്ചാണ് ഇപ്പോൾ ജെയ്ക് പ്രചാരണ രംഗത്ത് മുന്നിലെത്തിയിരിക്കുന്നത്. ഫെയ്‌സ് ബുക്കിലൂടെയാണ് ജെയ്ക് പുതുപ്പള്ളിക്കൊരു പുസ്തകം എന്ന തന്റെ നൂതന ആശയം പ്രഖ്യാപിച്ചത്. ഇത് സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജെയ്കിന്റെ പുസ്തക പ്രചാരണം തോമസ് ഐസക്ക് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെയ്കിന്റെ പുതുപ്പള്ളിക്കൊരു പുസ്തകം സോഷ്യൽ മീഡിയ പോസ്റ്റ് –

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി നാളെ ഞാൻ പത്രിക സമർപ്പിക്കുകയാണ്. പ്രചാരണം ആരംഭിച്ചിട്ട് ഏതാണ്ട് ഒന്നരമാസമായിരിക്കുന്നു. കുടിവെള്ളം മുതൽ കിടപ്പാടം വരെ നീളുന്ന പുതുപ്പള്ളിയിലെ ഒരുപാട് പ്രശ്‌നങ്ങൾ ഇതിനോടകം മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെയാണ് തിരഞ്ഞെടുപ്പിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നു കൊണ്ട് പ്രചാരണ വേളയിൽ തന്നെ പുതുപ്പള്ളിയിൽ എന്നെ കൊണ്ട് എന്തു ചെയ്യാനാകുമെന്ന് ചിന്തിച്ചു തുടങ്ങിയത്.

എന്റെ പ്രചാരണം കൊണ്ട് പുതുപ്പള്ളിക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കി കൊടുക്കണമെന്ന് അതിയായ മോഹമുണ്ട്. തിരഞ്ഞെടുപ്പ് ഫലം എന്തായാലും പ്രചാരണം അവസാനിപ്പിക്കുമ്പോൾ ഈ മണ്ഡലത്തിനായി ഒരു നന്മ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് പുതുപ്പള്ളിക്കൊരു പുസ്തകം എന്ന ആശയം ഉരിത്തിരിയുന്നത്.

കേരളത്തിലെ ഏറ്റവും ശക്തമായ വിദ്യാർഥി പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവി വഹിക്കുന്നതു കൊണ്ട് തന്നെ വായനയും പഠനവും അറിവുമൊക്കെയായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്റെ പ്രധാന പ്രവർത്തന മേഖലകൾ. അതിനാൽ
എന്നെയും പാർട്ടിയെയും സ്‌നേഹിക്കുന്ന പുതുപ്പള്ളി മ!ണ്ഡലത്തിനകത്തും പുറത്തുമുള്ള എല്ലാവരോടുമായി അവശ്യപ്പെടാനൊന്നേയുള്ളൂ. നിങ്ങളുടെ പിന്തുണ പുസ്തകങ്ങളുടെ രൂപത്തിൽ അയച്ചു തരിക. ഭാഷാ–വിഷയ ഭേദമന്യേ ഏതു പുസ്തകവും നിങ്ങൾക്ക് അയയ്ക്കാം. ഓരോ പുസ്തകവും എനിക്കുള്ള നിങ്ങളുടെ വലിയ പിന്തുണയാണ്.

പുതുപ്പള്ളിക്കാർക്ക് മുന്നിൽ അറിവിന്റെ നിറകുടം തുറക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ ബഹുമാനപ്പെട്ട ശ്രീ തോമസ് ഐസക്ക് എംഎൽഎ പള്ളിക്കത്തോട്ടിൽ വച്ച് നിർവഹിക്കുന്നതാണ്. ഈ തിരഞ്ഞെടുപ്പിന്റെ വിധി എന്തു തന്നെയായാലും ലഭിക്കുന്ന പുസ്തകങ്ങൾ സ്വരുക്കൂട്ടി അത് പുതുപ്പള്ളി മണ്ഡലത്തിൽ ഒരു ബൃഹദ് വായനശാല നിർമിക്കുന്നതിനായി സംഭാവന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

5 കൊല്ലം കേരളത്തെ അഴിമതിയിൽ മൂടിയ സർക്കാരിന്റെ അമരക്കാരനാണ് എതിർപക്ഷത്ത്. ആ അഴിമതിയെ ചെറുക്കാൻ അറിവിലൂടെ പോരാട്ടം നടത്താം നമുക്ക്. പുതുപ്പള്ളിക്ക് ഒന്നല്ല ഒരായിരം പുസ്തകങ്ങൾ സമ്മാനിക്കാൻ നമുക്ക് സാധിക്കും. വായന അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് മുന്നിൽ അറിവിന്റെയും വിജ്ഞാനത്തിന്റെയും അക്ഷയപാത്രം തുറന്നു വച്ച് മാതൃകയാകാം നമുക്ക്.

Top