മുഖ്യമന്ത്രി പിണറായി വിജയന് ജീവൻ സുരക്ഷാ ഭീഷണിയെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ ; രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോകൾ വാങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോ വാങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ ഭീഷണിയുണ്ടെന്നും ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കണമെന്നും ഇന്‍റലിജന്‍സ് നിര്‍ദ്ദേശത്തിനനുസരിച്ചാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. ഒപ്പം സംസ്ഥാനത്തെത്തുന്ന അതീവ സുരക്ഷ ആവശ്യമുള്ള പ്രമുഖര്‍ക്കും ഉപയോഗിക്കാനാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം കാല്‍ക്കോടി രൂപയിലധികം വിലയുള്ള വാഹനങ്ങള്‍ വാങ്ങാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ കേരള പൊലീസിന്‍റെ കൈവശം ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മൂന്ന് ടാറ്റ സഫാരികളാണുള്ളത്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഉപയോഗിക്കുന്നത് മിത്സുബിഷി പജേറോകളാണ്. ഇസഡ് പ്ലസ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മുഖ്യമന്ത്രിമാര്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കണമെന്നാണ് ചട്ടം. ഇപ്പോള്‍ പൊലീസിന്‍റെ കൈയ്യിലുള്ള സഫാരി കാറുകളില്‍ രണ്ടെണ്ണം കൊച്ചിയിലും ഒന്ന് തിരുവനന്തപുരത്തുമാണുള്ളത്. പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ തിരുവനന്തപുരത്തായിരിക്കും ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞയാഴ്ച ഛത്തീസ്‍ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് 19 പജേറോകള്‍ വാങ്ങിയത് വന്‍വിവാദമായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് 19 സമാന എസ്‌യുവികളെ തെരഞ്ഞെടുത്തതെന്നായിരുന്നു വിശദീകരണം. മാത്രമല്ല രമണ്‍സിംഗ്നു വേണ്ടി വാങ്ങിയ 19 എസ്‌യുവികളുടെയും രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്നത് ‘004’ എന്ന സംഖ്യകളിലാണെന്നതും വിവാദമായി. മുഖ്യമന്ത്രിയുടെ അന്ധവിശ്വാസമാണ് ഇതിനു പിന്നിലെന്നായിരുന്നു ആരോപണം.

Latest