വിദേശഭാഷകള്‍ എളുപ്പത്തില്‍ സംസാരിക്കണോ..രണ്ടെണ്ണം അടിച്ച് നോക്കിയാല്‍ മതിയെന്ന് പഠനങ്ങള്‍

മദ്യപാനം അത്ര നല്ല ശീലമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും അത് നിര്‍ത്താതെ തുടരുന്നവരുമുണ്ട്. മദ്യപിക്കാത്തവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ടാല്‍ ആരായാലും രണ്ടെണ്ണം അടിച്ച് പോകും..വിദേശ ഭാഷകള്‍ അനായാസമായി സംസാരിക്കാന്‍ മദ്യപിച്ച് കഴിഞ്ഞാല്‍ പറ്റുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.

നെതര്‍ലാന്‍ഡിലെ മാസ്ട്രിക്ട് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. മദ്യപിച്ചവര്‍ വിദേശഭാഷ സംസാരിക്കുന്നത് നിരീക്ഷിച്ചാണ് ഗവേഷണം. ഡച്ച് പഠിക്കാനായുള്ള ക്ലാസുകളില്‍ പങ്കെടുത്ത 50 ജര്‍മന്‍കാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഗവേഷണം. ഇവരുമായി സംഭാഷണത്തിലേര്‍പ്പെടുന്നതിനു മുന്‍പ് പകുതിപ്പേര്‍ക്ക് വെള്ളവും പകുതപ്പേര്‍ക്ക് മദ്യവും നല്‍കി. വ്യക്തികളുടെ ശരീര ഭാരമനുസരിച്ചാണ് മദ്യം നല്‍കിയത്. തുടര്‍ന്ന് നന്നായി ഡച്ച് ഭാഷയറിയാവുന്നവരുമായി ഇവര്‍ സംഭാഷണത്തിലേര്‍പ്പെട്ടു. മദ്യപിച്ചിരുന്നവര്‍ വളരെ ഒഴുക്കോടെ സംസാരിച്ചുവെന്നാണ് ഭാഷ വിദഗ്ധരുടെ കണ്ടെത്തല്‍.

ആത്മ വിശ്വാസക്കുറവ് തോന്നുന്നവര്‍ക്ക് അത് പരിഹരിക്കാന്‍ മദ്യം സഹായിക്കുന്നു. അങ്ങനെ അവരിലെ ഭാഷ മികച്ചതാകുന്നു. ഗവേഷകര്‍ വ്യക്തമാക്കി. എന്നുവെച്ച് കുറച്ച് കൂടുതല്‍ അങ്ങ് മദ്യപിച്ചേക്കാം എന്നു കരുതിയെങ്കില്‍ തെറ്റി. അമിത മദ്യപാനം നിലവിലുള്ള ഭാഷ ശുദ്ധി കൂടി ഇല്ലാതെയാക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Latest